ഡ്രോൺ അവശിഷ്ടങ്ങൾ വീണ് നേരിയ തീപിടിത്തമുണ്ടായ റാസ് തനൂറ റിഫൈനറിയിൽനിന്ന് പുകയുയർന്നപ്പോൾ
റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലുള്ള അരാംകോയുടെ പ്രധാന എണ്ണശുദ്ധീകരണ ശാലയായ റാസ് തനൂറയ്ക്ക് നേരെ തിങ്കളാഴ്ച രാവിലെ ഡ്രോൺ ആക്രമണ ശ്രമമുണ്ടായി.
വിദേശത്തുനിന്നുള്ള രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് നടന്ന ഈ നീക്കം സൈന്യം ആകാശത്തുവെച്ച് തന്നെ പരാജയപ്പെടുത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നിൽ ഇറാൻ ബന്ധമുള്ള ഗ്രൂപ്പുകളാണെന്നാണ് പ്രാഥമിക നിഗമനം.
തിങ്കളാഴ്ച രാവിലെ 7:04-ഓടെയാണ് സംഭവം നടന്നതെന്ന് ഊർജ മന്ത്രാലയം വ്യക്തമാക്കി. സൈന്യം വെടിവെച്ചിട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങൾ റിഫൈനറിക്ക് ഉള്ളിൽ പതിച്ചതിനെത്തുടർന്ന് പ്ലാൻറിൽ ചെറിയ രീതിയിലുള്ള തീപിടുത്തമുണ്ടായി. എന്നാൽ അടിയന്തര വിഭാഗം ഉടൻ ഇടപെട്ട് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി.
മുൻകരുതൽ നടപടിയുടെ ഭാഗമായും സുരക്ഷാ പരിശോധനകൾക്കുമായും ശുദ്ധീകരണ ശാലയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പ്ലാൻറിനുള്ളിൽ നിന്ന് പുക ഉയരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
സംഭവത്തിൽ സിവിലിയന്മാർക്കോ ജീവനക്കാർക്കോ പരിക്കുകൾ ഏറ്റിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. റിഫൈനറിയിലെ ചില യൂണിറ്റുകൾ താൽക്കാലികമായി അടച്ചിട്ടുണ്ടെങ്കിലും, ഇത് രാജ്യത്തെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണത്തെയോ എണ്ണ ഉൽപ്പാദനത്തെയോ ബാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിൽ സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കിയതായും നിലവിൽ സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും സൗദി ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.