യാംബു: മഴവെള്ളം ഡ്രെയ്നേജ് സംവിധാനത്തിലൂടെ തിരിച്ചുവിടാൻ യാംബു റോയൽ കമീഷൻ പൂർത്തിയാക്കിയ നടപടികൾ ഏറെ ശ്രദ്ധേയമാകുന്നു. പേമാരി മൂലം ഉണ്ടായേക്കാവുന്ന റോഡിലെ വെള്ളക്കെട്ടും ദുരിതവും പൂർണമായും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ഏറെ ഫലം കണ്ടതായി വിലയിരുത്തുന്നു.
ഇതു മൂലം പ്രധാന റോഡുകളിൽ ഗതാഗതം സുഗമമാക്കാൻ സാധിക്കുകയും ചെയ്യുന്നു. വർഷങ്ങൾക്ക് മുമ്പുതന്നെ യാംബു റോയൽ കമീഷൻ അതോറിറ്റി നടപ്പാക്കിയ മഴവെള്ള ഡ്രെയ്നേജ് സംവിധാനത്തിെൻറ ഗുണനിലവാരവും കാര്യക്ഷമതയും കാരണം യാംബുവിലെ റോയൽ കമീഷൻ നഗരം സ്ഥാപിച്ചത് മുതൽ ഇവിടുത്തെ പ്രധാന റോഡുകൾ വെള്ളക്കെട്ടുകളിൽനിന്ന് മുക്തമാണ്.
കനത്ത മഴയിലും ഇവിടുത്തെ റോഡുകളിലൂടെയുള്ള ഗതാഗതം തടസ്സമില്ലാതെ നടക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ പൂർത്തിയാക്കിയ ക്ലാഡിങ് പ്രോജക്ടുകൾ, ഡ്രെയ്നേജ് സംവിധാനത്തിെൻറ അറ്റകുറ്റപ്പണികൾ എന്നിവ കൂടുതൽ കാര്യക്ഷമമായ ഫലപ്രാപ്തി കൈവരിക്കുകയും ചെയ്തു.
യാംബു റോയൽ കമീഷൻ ഓപറേഷൻ ആൻഡ് മെയിൻറനൻസ് വിഭാഗം റോഡുകളുടെ സുരക്ഷയും അറ്റകുറ്റപ്പണികളും സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ ഏറെ ജാഗ്രത കാണിക്കുന്നു. ഏറ്റവും മികച്ച സുരക്ഷ സംവിധാനങ്ങളാണ് ഇവിടെ ആസൂത്രണം ചെയ്യുന്നത്. ആധുനിക സാങ്കേതിക സംവിധാനങ്ങളും യന്ത്രസാമഗ്രികളും ഇതിനായി ഉപയോഗിക്കുന്നു. മഴമൂലം ഉണ്ടായേക്കാവുന്ന റോഡ് തടസ്സങ്ങളും മറ്റും മുൻകൂട്ടി കണ്ട് അതിന് പരിഹാര മാർഗങ്ങൾ ചെയ്യുന്നതിൽ റോയൽ കമീഷൻ അതോറിറ്റി പ്രത്യേകം ശ്രദ്ധ പുലർത്താറുണ്ട്.
സുരക്ഷക്കാവശ്യമായ വൈവിധ്യമാർന്ന വികസന പദ്ധതികൾ ദ്രുതഗതിയിൽ പൂർത്തിയാക്കാനും അധികൃതർ വേണ്ട നടപടികൾ ചെയ്യുന്നു. സൗദിയിലെ രണ്ടാമത്തെ ഏറ്റവും വലിയ വ്യവസായ നഗരമായ യാംബു ഇൻഡസ്ട്രിയൽ സിറ്റിയുടെ മേൽത്തരം വികസന പദ്ധതികൾ ഏറെ ഫലം കണ്ടിട്ടുണ്ട്.
യാംബു റോയൽ കമീഷൻ മെയിൻറനൻസ് വകുപ്പിലെ വിദഗ്ധരുടെയും മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും കാര്യക്ഷമത ഇവിടുത്തെ മാതൃകപരമായ വികസനത്തിന് ആക്കം കൂട്ടിയതായി വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.