മക്ക: ഹജ്ജ് തീർഥാടകർക്കുള്ള ഈ വർഷത്തെ ‘നുസ്ക്’ കാർഡുകളുടെ വിതരണം ഹജ്ജ് ഉംറ മന്ത്രാലയം ആരംഭിച്ചു. ഒന്നര ലക്ഷത്തിലധികം കാർഡുകൾ കഴിഞ്ഞ ദിവസം വിതരണം പൂർത്തിയാക്കിയതായി മന്ത്രാലയം അറിയിച്ചു. പ്രതിദിനം 70,000 കാർഡുകൾ വരെ വിതരണം ചെയ്യാൻ കഴിയുന്ന വിധത്തിലാണ് നടപടികൾ പൂർത്തിയാക്കിവരുന്നത്. തീർഥാടകരെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ അടങ്ങുന്നതാണ് ഈ കാർഡ്. പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനും യാത്രക്കും സഞ്ചാരത്തിനും ‘നുസ്ക്’ കാർഡ് നിർബന്ധമാണ്.
ഹജ്ജ് വിസ അനുവദിച്ചതിന് ശേഷം ഹജ്ജ് ഓഫിസുകൾ വഴിയാണ് വിദേശികൾക്ക് കാർഡ് വിതരണം നടത്തുന്നത്. ആഭ്യന്തര തീർഥാടകർക്ക് ഹജ്ജ് പെർമിറ്റ് നൽകിയതിന് ശേഷം സർവിസ് കമ്പനികൾ വഴിയാണ് നുസ്ക് കാർഡ് ലഭിക്കുക. ഹജ്ജ് പ്രദേശങ്ങളിൽ അംഗീകൃത തീർഥാടകരെ വേർതിരിച്ചറിയാൻ വേണ്ടി കഴിഞ്ഞ വർഷം മുതലാണ് ഈ കാർഡ് സംവിധാനം നടപ്പാക്കിയത്.
‘നുസ്ക്’, ‘തവക്കൽനാ’ എന്നീ മൊബൈൽ ആപ്ലിക്കേഷനുകളിൽ ഈ ഔദ്യോഗിക തിരിച്ചറിയൽ കാർഡിന്റെ ഡിജിറ്റൽ കോപ്പി ലഭ്യമാകും. മക്കയിലെയും മദീനയിലെയും തീർഥാടകരുടെ സമഗ്ര വിവരങ്ങളും സർവിസ് കമ്പനിയുമായി ബന്ധപ്പെടാവുന്ന ഫോൺ നമ്പറും കാർഡുകളിൽ അടങ്ങിയിരിക്കുന്നു. നുസുക് കാർഡില്ലാതെ ഹജ്ജിനെത്തുന്ന പ്രവണത ഇതോടെ ഇല്ലാതാവുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ.
ഹജ്ജ് കർമങ്ങൾ കൂടുതൽ വ്യവസ്ഥാപിതമാക്കാനും ഇതുവഴി ഹജ്ജ് ഉംറ മന്ത്രാലയം ലക്ഷ്യം വെക്കുന്നു. പെർമിറ്റില്ലാതെ ഹജ്ജ് ചെയ്യാനെത്തുന്നവരെ വേഗത്തിൽ കണ്ടുപിടിക്കാനും അവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാനും പുതിയ സംവിധാനം വഴി സാധിക്കും. ഉയർന്ന നിലവാരവും സുരക്ഷ മാനദണ്ഡങ്ങളും അനുസരിച്ച്, രാജ്യത്തിനുള്ളിലെ പ്രത്യേക ഫാക്ടറികളിലാണ് കാർഡുകൾ അച്ചടിക്കുന്നത്. ഫീൽഡിലെ സുരക്ഷ ഉദ്യോഗസ്ഥർക്ക് വേഗത്തിൽ ആളെ തിരിച്ചറിയാൻ കഴിയുന്ന ഈ കാർഡ് തീർഥാടകർ വഴിതെറ്റിപ്പോകാനുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.