റിയാദ്: റിയാദ് കെ.എം.സി.സി ധർമടം മണ്ഡലം ‘ഇഗ്നൈറ്റ്’ സീസൺ നാലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘മവദ്ദ’ മദ്റസ ഫെസ്റ്റ് വെള്ളിയാഴ്ച മദീന ഹൈപ്പർ മാർക്കറ്റിൽ നടക്കും. റിയാദിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ മദ്റസകളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഫെസ്റ്റ് വിദ്യാർഥികളുടെ കലാപ്രകടനങ്ങൾക്കുള്ള വേദിയാകും. ഹിഫ്ദ് (ഖുർആൻ മനപാഠം), ഖുർആൻ പാരായണം, പ്രസംഗം, ഇസ്ലാമിക ഗാനം തുടങ്ങിയ മത്സരങ്ങൾ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും.
ധാർമികതയുടെ പരിപോഷണം നേടുന്നതിനോടൊപ്പം തന്നെ മദ്റസ വിദ്യാർഥികൾക്ക് കലാരംഗത്തുള്ള തങ്ങളുടെ കഴിവുകൾ വിവിധ മദ്റസകളിലെ പഠിതാക്കളും രക്ഷിതാക്കളുമൊക്കെയുള്ള വേദിയിൽ മാറ്റുരക്കാൻ അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും മതബോധവും സാമൂഹിക ഉത്തരവാദിത്തവും കലയും കൈകോർക്കുന്ന വേദിയാക്കി ഫെസ്റ്റ് മാറ്റുന്നതിന് എല്ലാ ഒരുക്കവും പൂർത്തിയായതായും സംഘാടകർ അറിയിച്ചു. പൊതുജനങ്ങൾക്കും രക്ഷിതാക്കൾക്കും പ്രവേശനം ഒരുക്കിയിരിക്കുന്ന ഫെസ്റ്റിൽ റിയാദിലെ വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖരും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.