യാത്രാരേഖകളുമായി സുരേന്ദ്ര ബാബു, ഐ.സി.എഫ് വെൽഫെയർ സമിതി പ്രസിഡൻറ് ഇബ്രാഹീം കരീമിനൊപ്പം
റിയാദ്: അഞ്ചു വർഷമായി നിയമതടസ്സങ്ങളിൽപ്പെട്ട് നാട്ടിൽ പോകാൻ കഴിയാതെ പ്രയാസപ്പെട്ടിരുന്ന പത്തനംതിട്ട സ്വദേശി സുരേന്ദ്ര ബാബു (ബാലൻ) നാടണഞ്ഞു. ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് ഘടകം പ്രവർത്തകരുടെ ഇടപെടലാണ് തുണയായത്.
ഹൗസ് ഡ്രൈവർ വിസയിൽ റിയാദിലെത്തിയെങ്കിലും സ്പോൺസറുടെ കീഴിൽ ജോലിയില്ലാത്തതിനാൽ അറാറിൽ കാർപെൻറർ ജോലി ചെയ്തുകൊണ്ടിരിക്കെ സ്പോൺസർ സുരേന്ദ്രനെ തന്റെ കീഴിൽനിന്ന് ഒളിച്ചോടിയെന്ന (ഹുറൂബ്) കേസിൽപ്പെടുത്തുകയായിരുന്നു.
ഇതറിയാതെ ജോലി തുടർന്ന അദ്ദേഹം ജോലിക്കിടെയുണ്ടായ അപകടത്തിൽ കൈവിരലുകൾ നഷ്ടപ്പെട്ട് ചികിത്സക്ക് ആശുപത്രിയിൽ എത്തിയപ്പോഴാണ് ഹൂറുബായ വിവരം അറിയുന്നത്. ഹുറൂബ് നീക്കാമെന്ന് പറഞ്ഞ് പലരും സുരേന്ദ്രനെ സമീപിച്ച് പണം വാങ്ങിയെങ്കിലും കുരുക്കഴിക്കാനോ ഇഖാമ പുതുക്കാനോ കഴിയാതെ വിഷമിച്ചിരിക്കുകയായിരുന്നു.
ഇതിനിടയിൽ ഒരു തവണ ഇന്ത്യൻ എംബസി വഴി നാടണയാൻ ശ്രമിച്ചെങ്കിലും സ്പോൺസർ റിയാദിൽ ആയതിനാൽ അറാർ ഏരിയയിലെ തർഹീലിൽനിന്ന് എക്സിറ്റ് അടിക്കാൻ കഴിഞ്ഞില്ല.
കോഴിക്കോട് മെഡിക്കൽ കോളജിലെ നഴ്സായ സഹോദരി, കോഴിക്കോട് ജില്ല എസ്.വൈ.എസിന്റെ കീഴിലുള്ള ‘സഹായി’ വഴി വിവരം റിയാദ് ഐ.സി.എഫിനെ അറിയിക്കുകയായിരുന്നു. സുരേന്ദ്ര ബാബുവിന്റെ ദുരിതജീവിത വാർത്തയറിഞ്ഞ ഐ.സി.എഫ് പ്രവർത്തകർ, ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് സുരേന്ദ്രനെ റിയാദിലെത്തിച്ചാണ് നാട്ടിലേക്കുള്ള യാത്ര എളുപ്പമാക്കിയത്.
സുരേന്ദ്രനെ എംബസിയിലെത്തിച്ച് അപേക്ഷ നൽകുകയും തുടർന്ന് തർഹീലിൽ എത്തി എക്സിറ്റടിക്കുകയുമായിരുന്നു. നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് ഐ.സി.എഫ് വെൽഫെയർ വിഭാഗം നൽകി. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം നാടണയാൻ സഹായിച്ച, ഐ.സി.എഫ് പ്രവർത്തകർക്കും എംബസി ഉദ്യോഗസ്ഥർക്കും സുരേന്ദ്ര ബാബു നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.