ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​നാ​ഇ​ഫ് അ​ൽ-​ഹ​ജ്‌​റ​ഫ്

എണ്ണ ഉൽപാദനം വെട്ടിക്കുറക്കാനുള്ള തീരുമാനം: സൗദിക്കെതിരായ പ്രസ്താവനകളെ തള്ളി ജി.സി.സി

പ്രസ്താവന അടിസ്ഥാന രഹിതവും വിശ്വാസ്യത ഇല്ലാത്തതുമെന്ന് സെക്രട്ടറി ജനറൽറിയാദ്: എണ്ണ ഉൽപാദനം വെട്ടിക്കുറക്കാനുള്ള ഒപെക് പ്ലസ് തീരുമാനത്തിന്റെ പേരിൽ സൗദി അറേബ്യക്ക് എതിരെ ഉണ്ടാകുന്ന വിമർശനങ്ങളെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) തള്ളി. സൗദിക്ക് എതിരെയുള്ള പ്രസ്താവനകൾ അടിസ്ഥാനരഹിതവും വിശ്വാസ്യത ഇല്ലാത്തതുമെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നാഇഫ് അൽ-ഹജ്‌റഫ് പ്രസ്താവിച്ചു.അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനിൽ നിന്നടക്കം ഉണ്ടായ പ്രസ്താവനകളെ നിരാകരിച്ചും നിലപാട് വ്യക്തമാക്കിയും സൗദി ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്‌താവനയെ ഡോ. നാഇഫ് സ്വാഗതം ചെയ്തു.

സൗദിയെ കൂടാതെ ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത്, യു.എ.ഇ എന്നീ രാജ്യങ്ങൾകൂടി ഉൾപ്പെട്ട സഖ്യമാണ് ജി.സി.സി. ഈ മാസം അഞ്ചിന് ചേർന്ന എണ്ണ ഉൽപാദക, കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കും സഖ്യകക്ഷികളും ക്രൂഡ് ഓയിൽ പ്രതിദിന ഉൽപാദനം 20 ലക്ഷം ബാരലായി കുറക്കാൻ തീരുമാനിച്ചതിനെ അമേരിക്കൻ പ്രസിഡന്റ് 'ഹ്രസ്വദൃഷ്ടി' എന്ന് വിശേഷിപ്പിച്ചിരുന്നു. തീരുമാനം നടപ്പാക്കുന്നത് നീട്ടിവെച്ചില്ലെങ്കിൽ സൗദി-അമേരിക്കൻ ബന്ധത്തിൽ 'അനന്തര ഫലങ്ങൾ ഉണ്ടാകു'മെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വ്ലാദ്മിർ പുടിൻ എണ്ണവില ഉയർത്തി നേട്ടമുണ്ടാക്കുന്നത് തടയുകയാണ് ജോ ബൈഡന്റെ ലക്ഷ്യം. ഈ സാഹചര്യത്തിൽ എണ്ണയെ തങ്ങൾ രാഷ്ട്രീയ ആയുധമായി കാണുന്നില്ലെന്നും ലോക വിപണിക്ക് അനുസൃതമായാണ് ഒപെക് പ്ലസ് തീരുമാനമെന്നും അമേരിക്കയെ അറിയിച്ചുകൊണ്ട് സൗദി വിദേശ മന്ത്രാലയം ബുധനാഴ്‌ച പ്രസ്താവന ഇറക്കിയിരുന്നു.

രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനത്തിലും യു.എൻ ചാർട്ടർ പ്രകാരമുള്ള നിയമങ്ങളും തത്ത്വങ്ങളും പാലിക്കുന്നതിലും സൗദി അറേബ്യ പുലർത്തുന്ന ശുഷ്‌കാന്തിയെ ജി.സി.സി സെക്രട്ടറി ജനറൽ പ്രശംസിച്ചു. ആഗോള സമ്പദ് വ്യവസ്ഥക്ക് അനുസൃതമായും എണ്ണ വിപണിയുടെ സന്തുലിതത്വം ഉറപ്പാക്കിയും ഒപെക് രാജ്യങ്ങൾ ഉൽപാദനത്തിൽ ഏറ്റക്കുറച്ചിലുകൾ വരുത്തുക സ്വാഭാവികമാണ്.

ഏറ്റവും വലിയ എണ്ണ ഉൽപാദക രാജ്യമെന്ന നിലക്ക് അക്കാര്യത്തിൽ സൗദിയുടെ പ്രതിബദ്ധത അഭിനന്ദനമർഹിക്കുന്നതാണ്. ലോകം നേരിടുന്ന സമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ സൗദിയുടെ ചരിത്രപരമായ പങ്ക് കാണാതിരുന്നുകൂടാ. ഗൾഫ് മേഖലയിൽ വികസനം കൊണ്ടുവരുന്നതിലും തീവ്രവാദത്തെയും ഭീകരതയെയും നേരിടുന്നതിലുമുള്ള സൗദിയുടെ പ്രതിബദ്ധതയും പ്രശംസനീയമാണ്.

എണ്ണ ഉൽപാദനം കുറക്കാനുള്ള തീരുമാനത്തിന്റെ പേരിൽ സൗദി അറേബ്യക്കെതിരെ ഉണ്ടാകുന്ന പ്രസ്താവനകൾ വസ്തുതകളെ മറയ്ക്കുകയോ മാറ്റിമറിക്കുകയോ ചെയ്യില്ല. ഗൾഫ് മേഖലയിലും ലോകതലത്തിലും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്ന സന്തുലിത സമീപനത്തിലൂടെയാണ് സൗദി അറേബ്യ മുന്നോട്ട് പോകുന്നത്.ആ നിലക്ക് ഈ വിഷയത്തിൽ സൗദി അറേബ്യക്ക് ഗൾഫ് സഹകരണ കൗൺസിലിന്റെ ഐക്യദാർഢ്യം അറിയിക്കുന്നതായി ഡോ. നാഇഫ് അൽ-ഹജ്റഫ് പറഞ്ഞു.

Tags:    
News Summary - Decision to cut oil production: GCC rejects statements against Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.