രുചി വൈവിധ്യമൊരുക്കി അല്‍അഹ്‌സ ഈത്തപ്പഴ മേളക്ക് തുടക്കമായി

അല്‍അഹ്‌സ: വൈവിധ്യമാര്‍ന്ന ഈത്തപ്പഴങ്ങളുടെ രുചിക്കൂട്ടൊരുക്കി അഞ്ചാമത്​ അല്‍അഹ്‌സ ഈത്തപ്പഴ പ്രദര്‍ശന വിപണന മേളക്ക്​ തുടക്കമായി. കിഴക്കൻ ​പ്രവിശ്യ ഗവർണർ സഉൗദ്​ ബിൻ നായിഫ്​ മേള ഉദ്​ഘാടനം ചെയ്​തു. ആഗോള ഈത്തപ്പഴ വിപണിയില്‍ ശ്രദ്ധേയമായ ഇടം നേടാനായി നല്ല മുന്നൊരുക്കത്തോടെയാണ് അല്‍അഹ്‌സ നഗരസഭയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മേള സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കലും പ്രാദേശിക ഈത്തപ്പഴ ഉത്പാദനത്തെ ആഗോള വിപണിയില്‍ പരിചയപ്പെടുത്തലുമാണ് മേളയുടെ മുഖ്യലക്ഷ്യങ്ങള്‍.   

വൈവിധ്യമാര്‍ന്ന രുചികളുള്ള നൂറോളം ഇനങ്ങളിലുള്ള ഈത്തപ്പഴങ്ങളാണ് മേളയില്‍ അണി നിരത്തിയിരിക്കുന്നത്. 30ലക്ഷം വരുന്ന ഈത്തപ്പഴ മരങ്ങളുള്‍കൊള്ളുന്ന ഹസയിലെ നൂറുകണക്കിന് തോട്ടങ്ങളിലാണ് ഈ വർഷം വിളവെടുപ്പ് നടന്നത്. അൽഅഹ്​സയുടെ തനത് ഇനങ്ങളായ ഖിലാസ്, ഹശീശീ, റുസൈസ്, സുക്കരി എന്നിവയാണ് കൂടുതലും വിറ്റഴിക്കപ്പെടുന്നത്. ഈത്തപ്പഴ സംസ്‌കരണ ഫാക്ടറികളും ആധുനിക സജ്ജീകരണങ്ങളോടെയുള്ള പരിശോധന ലബോറട്ടറിയും നിര്‍മിച്ച് നല്ലയിനം ഈത്തപ്പഴവും അനുബന്ധഉൽപന്നങ്ങളും ലോക വിപണിയിലെത്തിച്ച്  വ്യവസായ മേഖലയില്‍ ശക്തമായ സാന്നിധ്യമാകാനാണ് അധികൃതരുടെ ശ്രമം.  അന്യം നിന്ന് പോകുന്ന നാട്ടറിവുകളും കൃഷിരീതികളും പുതുതലമുറക്ക് കൈമാറാനുള്ള സുവര്‍ണ അവസരമായി ഇത്തരം മേളകളെ  മുതിര്‍ന്നവര്‍ കാണുന്നു. രാജ്യത്തിനകത്ത്​ നിന്നും പുറത്തു നിന്നുമായി ഗ്രാമീണരും നാഗരികരുമായ വ്യാപാരികളും ആവശ്യക്കാരുമടക്കം നൂറുകണക്കിന് സന്ദര്‍ശകരാണ് മേളക്കെത്തുന്നത്. ഹുഫൂഫിലെ കിങ് അബ്​ദുല്ല പ്രദര്‍ശന നഗരിയില്‍ അരങ്ങേറുന്ന മേള 20 ദിവസം നീണ്ടു നിൽക്കും. 

Tags:    
News Summary - dates festival-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.