ഇമാം തുർക്കി റിസർവിലെ ‘ദർബ് സുബൈദ കാരവൻ റൂട്ട്സ് 2026’
യാംബു: ഇസ്‌ലാമിക ചരിത്രത്തിലെ സുവർണ അധ്യായമായ ‘ദർബ് സുബൈദ’ പാതയെ ആധുനിക ടൂറിസത്തിന്റെ ഭാഗമാക്കി മാറ്റാൻ വിപുലമായ പദ്ധതികൾ. സൗദി അറേബ്യയിലെ ഏറ്റവും വലിയ സംരക്ഷിത പ്രദേശങ്ങളിലൊന്നായ ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവിനുള്ളിലെ പാതയുടെ ശേഷിപ്പുകൾ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ അതോറിറ്റി ഊർജിതമാക്കി.
ഇറാഖിലെ കൂഫയിൽനിന്ന് മക്കയിലേക്കുള്ള പുരാതന തീർഥാടന പാതയുടെ പ്രാധാന്യം വിളിച്ചോതുന്ന ‘ദർബ് സുബൈദ കാരവൻ റൂട്ട്സ് 2026’ എന്ന സാംസ്കാരിക പരിപാടി കഴിഞ്ഞ ദിവസം സമാപിച്ചു. 18 രാജ്യങ്ങളിൽ നിന്നായി 250-ലേറെ സാഹസികരാണ് ഈ ചരിത്രയാത്രയിൽ പങ്കാളികളായത്. നാല് ദിവസങ്ങളിലായി ഏകദേശം 100 കിലോമീറ്റർ നീണ്ട യാത്രയിൽ പുരാതന വിശ്രമ കേന്ദ്രങ്ങളും സാംസ്കാരിക ഇടങ്ങളും ഉൾപ്പെടുത്തിയിരുന്നു.
ജൽ അൽ ദബീബ്, ഷാമ കബ്ദ്, സറൂദ്, അൽ മഹിനിയ, അൽ അജ്ഫർ എന്നീ പ്രധാന ചരിത്ര കേന്ദ്രങ്ങളിലൂടെയായിരുന്നു യാത്ര കടന്നുപോയത്. പുരാതന കാലത്തെ യാത്രാസംഘങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ, അതേസമയം ആധുനിക സംവിധാനങ്ങൾ കോർത്തിണക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി വിവിധ കായിക വിനോദ പരിപാടികളും നടന്നു.
പൗരാണിക പാതയുടെ പ്രകൃതിഭംഗി നുകരാൻ ഹൈക്കിങ് ആൻഡ് സൈക്ലിങ്, കുതിര സവാരി, ഒട്ടക സവാരി എന്നിവയിലൂടെ പഴയകാല യാത്രാനുഭവം സ്വന്തമാക്കാൻ പരമ്പരാഗത സവാരികൾ, പാരാഗ്ലൈഡിങ് ഉൾപ്പെടെയുള്ള സാഹസിക കായിക വിനോദങ്ങൾ എന്നിവ യാത്രികർക്ക് വേറിട്ട അനുഭവങ്ങൾ സമ്മാനിച്ചു. ഭൂതകാലത്തിന്റെ ആധികാരികതയെ കണ്ടെത്തലിന്റെയും സാഹസികതയുടെയും ചൈതന്യവുമായി സംയോജിപ്പിച്ച ഒരു ആഗോള അനുഭവമാണ് ഈ പരിപാടി പങ്കെടുത്തവർക്ക് പകർന്നുനൽകിയതെന്ന് സംഘാടകർ പറഞ്ഞു.
അബ്ബാസിയ ഖലീഫ ഹാറൂൺ റഷീദിന്റെ പത്നി സുബൈദ രാജ്ഞിയുടെ നിർദേശപ്രകാരം നിർമിക്കപ്പെട്ട ഈ പാത ലോകത്തിലെ തന്നെ ഏറ്റവും വലിയ ജീവകാരുണ്യ സംരംഭങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. തീർഥാടകർക്ക് വഴിയമ്പലങ്ങളും ജലസേചനത്തിനായി കിണറുകളും കുളങ്ങളും നിർമിച്ച് സുരക്ഷിതമായ യാത്ര ഒരുക്കിയ ഈ പാത ഇന്നും സൗദിയുടെ പൈതൃക സമ്പത്തായി നിലനിൽക്കുന്നു.
ഏകദേശം 91,500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇമാം തുർക്കി റിസർവ് ഇത്തരം പൈതൃക സ്മാരകങ്ങളെ സംരക്ഷിക്കുന്നതിലൂടെ രാജ്യത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ പുതിയൊരധ്യായം എഴുതിച്ചേർക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.