ദമ്മാം: രാജ്യാന്തര അറേബ്യന്‍ കുതിരയോട്ട മത്സരവും പ്രദർശനവും അരങ്ങേറിയ അശ്വമേളക്ക് ദമ്മാമിൽ സമാപനം. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വിജയികളായ കുതിരകളുടെ ഉടമകൾക്ക് ഒരു മില്യൺ റിയാലാണ് സമ്മാനത്തുക. കിഴക്കൻ സൗദിയിലെ അൽഖോബാറിൽ പ്രത്യേകം സജ്ജമാക്കിയ സ്‌പോർട് സ് സിറ്റിയിലാണ് നാല് ദിവസം നീണ്ട മേള അരങ്ങേറിയത്. വ്യാഴാഴ്‌ച കിഴക്കൻ പ്രവിശ്യ ഗവർണർ സഊദ് ഇബിനു നായിഫിെൻറ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. കുതിരയുടമകള്‍, പരിശീലകര്‍, ആരോഗ്യവിദഗ്ധര്‍, നഗരസഭ പ്രതിനിധികൾ തുടങ്ങി വിവിധ രംഗങ്ങളിലെ പ്രമുഖ വ്യക്തികൾ ഉദഘാടന ചടങ്ങിന് സാക്ഷ്യം വഹിച്ചു.
കിഴക്കൻ പ്രവിശ്യ വിനോദ സഞ്ചാര വകുപ്പിെൻറ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചത്.
ചരിത്രാതീത കാലം തൊട്ടേ മനുഷ്യനോട് ഏറെ ഇണങ്ങി ജീവിച്ച മൃഗമെന്ന നിലയിൽ കുതിരക്ക് ചരിത്രത്തിലും നാഗരികതകളുടെ വികാസത്തിലും നിർണായക സ്ഥാനമാണുള്ളതെന്ന് മേളയുടെ മേധാവി ഖാലിദ് അൽ ഖഹ്‌താനി അഭിപ്രായപ്പെട്ടു. സൗദി, യു.എ.ഇ, ബഹ്‌റൈൻ, കുവൈത്ത് തുടങ്ങിയ ജി.സി.സി രാഷ്‌ട്രങ്ങളിൽ നിന്ന് വിവിധയിനങ്ങളിൽ പെട്ട 450 ഓളം കുതിരകളാണ് അണിനിരന്നത്. കുതിരകളുടെ ഇനം, നിറം, തൂക്കം, ഉയരം, വയസ്സ് എന്നിങ്ങനെ വിവിധ മാനദണ്ഡങ്ങൾ അനുസരിച്ചാണ് മത്സരം.
ആൺ, പെൺ കുതിരകൾക്ക് വെവ്വേറെയായാണ് മത്സരങ്ങളെങ്കിലും ചുരുക്കം ചിലയിനങ്ങളിൽ ഒരുമിച്ചുമുള്ള മത്സരവും നടന്നു. കറുപ്പ്, വെളുപ്പ്, തവിട്ട്, ചെമ്പൻ എന്നിങ്ങനെ പല നിറങ്ങളിലുള്ള കുതിരകളുടെ ഉയരത്തിനും പ്രായത്തിനും അഴകിനുമനുസരിച്ച് വില നിശ്ചയിച്ച് വിൽപന നടത്തുന്ന കുതിര ലേലത്തിലൂടെ ലക്ഷണമൊത്ത കുതിരകളെ സ്വന്തമാക്കാനും ആവശ്യക്കാരുണ്ട്. അറേബ്യന്‍ കുതിരകളുടെ ശക്തിയും കുതിപ്പും സൗന്ദര്യവും വിളിച്ചോതുന്ന മത്സരങ്ങൾ കാണാൻ നൂറുകണക്കിന് സന്ദർശകരാണ് ഒഴുകിയെത്തിയത്. സാംസ്‌കാരിക സംഗമങ്ങൾ, സാഹിത്യ സദസ്സുകൾ, കരകൗശല വസ്തുക്കളുടെയും കാലിഗ്രഫിയുടെയും പ്രദര്‍ശനം എന്നിവയും മേളയോടനുബന്ധിച്ച് സംവിധാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.