ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ

സാംസ്കാരിക, വിനോദ പരിപാടികൾ ഇന്ത്യ-സൗദി ബന്ധത്തെ കൂടുതൽ ആഴത്തിലാക്കുന്നു -ഇന്ത്യൻ അംബാസഡർ

റിയാദ്: ‘ഗ്ലോബൽ ഹാർമണി 2’ സംരംഭത്തിന്റെ ഭാഗമായി സൗദി വാർത്ത മന്ത്രാലയവും പൊതു വിനോദ അതോറിറ്റിയും ഒരുക്കുന്ന വിശിഷ്ടമായ സാംസ്കാരിക, വിനോദ പരിപാടികൾ രാജ്യത്തെയും ഇന്ത്യയിലെയും ജനങ്ങൾ തമ്മിലുള്ള അടുത്ത ബന്ധം കൂടുതൽ ആഴത്തിലാക്കാൻ സഹായിക്കുന്നുവെന്ന് സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ പറഞ്ഞു.

സൗദി വാർത്ത മന്ത്രാലയവും പൊതു വിനോദ അതോറിറ്റിയും റിയാദ് സുവൈദിയ പാർക്കിൽ ഒരുക്കിയ സാംസ്‌കാരിക പരിപാടികളിൽ അവതരിപ്പിച്ച ഇന്ത്യൻ കലാപ്രകടനങ്ങൾ

വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് മുന്നോടിയായുള്ള ‘ജീവിത നിലവാരം’ പരിപാടിയുടെ സംരംഭങ്ങളിലൊന്നായ ‘ഗ്ലോബൽ ഹാർമണി 2’ സംരംഭത്തിന്റെ ഭാഗമായി ഇന്ത്യൻ സാംസ്കാരിക വാരത്തിന് സുവൈദിയ പാർക്കിൽ തുടക്കം കുറിച്ച വേളയിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് അംബാസഡർ ഇക്കാര്യം പറഞ്ഞത്.

2024 ലെ മുൻ പതിപ്പിന്റെ മികച്ച വിജയത്തെത്തുടർന്നുള്ള ഈ വർഷത്തെ പരിപാടികൾ കൂടുതൽ സമഗ്രമായിരിക്കുമെന്നും നിരവധി കലാകാരന്മാരുടെയും സൃഷ്ടിപരമായ വ്യക്തികളുടെയും പങ്കാളിത്തത്തോടെ ഇന്ത്യൻ കലകൾ, പാചകരീതികൾ, കരകൗശല വസ്തുക്കൾ എന്നിവ ഉൾക്കൊള്ളുന്നതായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷത്തെ പരിപാടികളിൽ സന്ദർശകർ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം അനുഭവിക്കുന്നതിൽ കാണിച്ച വലിയ ആവേശം ഇന്ത്യൻ അംബാസഡർ ചൂണ്ടിക്കാട്ടി.

ഈ വർഷത്തെ ആഘോഷങ്ങളിൽ കൂടുതൽ താൽപ്പര്യവും വിശാലമായ പങ്കാളിത്തവും കാണപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സാംസ്കാരിക വാരത്തിലെ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളിൽ നിരവധി കലാപ്രകടനങ്ങൾ, കല, ഭക്ഷണ സ്റ്റാളുകൾ, ഇന്ത്യയുടെ കലാപരവും സാംസ്കാരികവുമായ പൈതൃകത്തിന്റെ സമ്പന്നതയും വൈവിധ്യവും എടുത്തുകാണിക്കുന്ന ഊർജ്ജസ്വലമായ സാംസ്കാരിക പ്രദർശനങ്ങൾ എന്നിവ ഉൾപ്പെടുന്നുവെന്നും അംബാസഡർ പറഞ്ഞു.

ഞായറാഴ്ച വൈകീട്ടാണ് ‘ഗ്ലോബൽ ഹാർമണി 2’ സംരംഭത്തിന്റെ രണ്ടാം പതിപ്പിന് അൽസുവൈദി പാർക്കിൽ തുടക്കം കുറിച്ചത്. പൊതുവിനോദ അതോറിറ്റിയുമായി സഹകരിച്ച് നവംബർ പത്ത് വരെ തുടരുന്ന ഇന്ത്യൻ സാംസ്കാരിക വാരാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മന്ത്രാലയം ഈ സംരംഭത്തിന്റെ ആദ്യ പ്രവർത്തനങ്ങൾ ആരംഭിച്ചത്. രാജ്യത്തെ നിവാസികളുടെ സാംസ്കാരിക വൈവിധ്യത്തെ പ്രതിനിധീകരിക്കുന്ന 14 ആഗോള സംസ്കാരങ്ങളെ ആഘോഷിക്കുന്ന പ്രതിവാര പരിപാടികളുടെ പരമ്പരയിൽ വ്യത്യസ്ത ദേശക്കാരായ 100ലധികം കലാകാരന്മാർ പങ്കെടുക്കും.

അൽസുവൈദി പാർക്കിൽ നടക്കുന്ന പരിപാടികൾ സന്ദർശിക്കാൻ ഇന്ത്യൻ സമൂഹത്തിൽ നിന്നും മറ്റ് വിവിധ സമൂഹങ്ങളിൽ നിന്നുമുള്ള സൗദി നിവാസികളെ മന്ത്രാലയം ക്ഷണിച്ചു. ജനങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഒരു പാലമായും ആഗോള സാംസ്കാരിക സർഗ്ഗാത്മകതയുടെ കേന്ദ്രമായും സൗദിയുടെ പദവിയെ പ്രതിഫലിപ്പിക്കുന്ന ഒരു നവീകരിച്ച സാംസ്കാരിക ജാലകമാണ് ഈ സംരംഭമെന്ന് വാർത്താ മന്ത്രാലയം ചൂണ്ടിക്കാട്ടി.

Tags:    
News Summary - Cultural and entertainment events deepen India-Saudi ties -Indian Ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.