സൗദി ആരോഗ്യ മന്ത്രി ഫഹദ്​ അൽജലാജിൽ

കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ; സൗദി അറേബ്യ ലോകത്തിന്​ മാതൃക കാണിച്ചു -ആരോഗ്യ മന്ത്രി

ജിദ്ദ: കോവിഡ്​ കാലത്ത് സൗദി അറേബ്യ ലോകത്തിനാകെ വലിയ പാഠങ്ങൾ നൽകിയെന്ന് ആരോഗ്യ മന്ത്രി ഫഹദ്​ അൽജലാജിൽ പറഞ്ഞു. സൗദിയിൽ തുടരുന്ന കോവിഡ്​ മുൻകരുതലും പ്രതിരോധ നടപടികളും പിൻവലിക്കാനുള്ള തീരുമാനം പുറ​പ്പെടുവിച്ച വേളയിലാണ്​ മന്ത്രി ഇക്കാര്യം പറഞ്ഞത്​. ദൈവകൃപയാലും ഭരണകൂടത്തിന്റെ ഉദാരമായ പിന്തുണയോടെയുമാണ്​ ഈ നേട്ടം കൈവരിക്കാനായത്​. 'മനുഷ്യൻ ആദ്യം' എന്ന നിലപാടാണ്​ കോവിഡ്​ കാലത്ത്​ ഭരണകൂടം സ്വീകരിച്ചത്​. പൗരന്മാർക്കും താമസക്കാർക്കും നിയമലംഘകർക്കു പോലും സൗജന്യ ചികിത്സ നൽകാൻ സൽമാൻ രാജാവ്​ നിർദേശം നൽകി. നിരവധി രാജ്യങ്ങളിൽ കോവിഡ്​ ബാധിതർക്ക്​ രാജ്യം മാനുഷിക സഹായങ്ങൾ നൽകി. പകർച്ചവ്യാധിയെ നേരിടുന്നതിൽ മനുഷ്യരുടെ സുരക്ഷ കണക്കിലെടുത്ത്​ സൗദി അറേബ്യ സ്വീകരിച്ച നടപടികൾ ആഗോളതലത്തിൽ പിന്തുടരേണ്ട മാതൃകയായി. മനുഷ്യന്റെ ആരോഗ്യം സംരക്ഷിക്കാൻ രാജ്യത്തിന്റെ നേതൃത്വം അതിന്റെ എല്ലാ കഴിവുകളും വിനിയോഗിച്ചുവെന്നത് ചരിത്രം രേഖപ്പെടുത്തുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

കോവിഡ് കാലഘട്ടത്തിലുടനീളം മുൻകരുതലുകളും പ്രതിരോധ നടപടികളും സ്വീകരിക്കാൻ രാജ്യം അതീവ ശ്രദ്ധ ചെലുത്തിയതായി തെളിയിച്ചിട്ടുണ്ട്​. വാക്സിനെടുത്ത പൗരന്മാരുടെയും താമസക്കാരുടെയും എണ്ണം 95 ശതമാനത്തിൽ കൂടുതലാണ്. നിരവധി രാജ്യങ്ങൾ കോവിഡ്​ വ്യാപനത്തിന്റെ മൂന്നാം തരംഗത്തിന് സാക്ഷ്യം വഹിക്കുന്ന സമയത്ത് രോഗബാധിതരുടെ എണ്ണം 87 ശതമാനമായി കുറയ്ക്കുന്നതിനും ഗുരുതരമായ കേസുകൾ 96 ശതമാനമായി കുറയ്ക്കുന്നതിനും ഇത് സംഭാവന നൽകി. ചില രാജ്യങ്ങളിൽ സ്‌കൂൾ അടച്ചുപൂട്ടൽ, വാണിജ്യ, സാമൂഹിക പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കൽ തുടങ്ങിയ സാമ്പത്തിക തീരുമാനങ്ങൾക്ക് കാരണമായി. രാജ്യം ദൈവകൃപയാൽ സാമ്പത്തിക പ്രത്യാഘാതങ്ങളോ സുപ്രധാന പ്രവർത്തനങ്ങളുടെ അടച്ചുപൂട്ടലോ ഇല്ലാതെ ഈ തരംഗത്തെ തരണം ചെയ്തിരിക്കുന്നുവെന്ന്​ മന്ത്രി പറഞ്ഞു.

ആഗോള തലത്തിൽ കോവിഡ്​ നിലനിൽക്കുന്ന വേളയിലാണ്​ മുൻകരുതൽ നടപടികൾ എടുത്തുകളയാനുള്ള സൗദിയുടെ തീരുമാനമെന്നത്​ ​ശ്രദ്ധേയമാണ്​. മനുഷ്യന്റെ ആരോഗ്യത്തിനു വേണ്ടി സൽമാൻ രാജാവിന്റെ ഭരണകൂടം നൽകുന്ന ഉദാരമായ പിന്തുണയുടെ ഫലമാണിപ്പോൾ രാജ്യ​നിവാസികൾ കൊയ്യുന്നത്​. കോവിഡിനെ ചെറുക്കുന്നതിൽ സർക്കാരും സ്വകാര്യ ഏജൻസികളും തമ്മിലുള്ള സംയോജിത പ്രവർത്തനങ്ങളാണ്​ നടത്തിയത്​. ആരോഗ്യ മുൻകരുതൽ പാലിച്ചും വാക്​സിനെടുത്തും പൗരന്മാരുടെയും താമസക്കാരുടെയും പങ്ക്​ പ്രശംസാർഹമാണ്​. പകർച്ചവ്യാധികളെ നിരീക്ഷിക്കുന്നതിലും പ്രതി​രോധിക്കുന്നതിലും അശ്രാന്ത പരിശ്രമം ഇനിയും തുടരുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു

Tags:    
News Summary - covid defense activities; Saudi Arabia sets an example to the world - Minister of Health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.