യാംബു: കോവിഡ് രോഗികളുടെ വർധനയും സാമ്പത്തികമാന്ദ്യവും നിമിത്തം ആരോഗ്യരംഗത്ത് പ്രയാസപ്പെടുന്ന ജോർഡന് സൗദി അറേബ്യയുടെ സഹായ ഹസ്തം. കോവിഡ് രോഗികളെ ചികിത്സിക്കാൻ മെഡിക്കൽ സാമഗ്രികളുടെയും ഓക്സിജൻ സിലിണ്ടറുകളുടെയും കടുത്ത ക്ഷാമമാണ് ജോർഡൻ അഭിമുഖീകരിക്കുന്നത്.ചികിത്സാരംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ അവിടത്തെ ആരോഗ്യ മന്ത്രാലയത്തെ സഹായിക്കാൻ സൽമാൻ രാജാവ് സൗദി കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻററിന് (കെ.എസ്. റിലീഫ്) കഴിഞ്ഞ ദിവസം നിർദേശം നൽകി. സൽമാൻ രാജാവിെൻറ നിർദേശപ്രകാരം ദ്രാവക ഓക്സിജൻ, ഓക്സിജൻ സിലിണ്ടറുകൾ, റെഗുലേറ്ററുകൾ, ഐ.വി ഇൻഫ്യൂഷൻ പമ്പുകളും മറ്റ് മെഡിക്കൽ സാമഗ്രികളും ജോർഡനിൽ എത്തിക്കാൻ ഉടൻ സംവിധാനം കാണുമെന്ന് കെ.എസ്. റിലീഫ് വക്താക്കൾ അറിയിച്ചു.
കോവിഡ് പ്രതിസന്ധിയുടെ തുടക്കം മുതൽ ജോർഡൻ ആരോഗ്യമന്ത്രാലയത്തിന് സൗദി ആവശ്യമായ സഹായങ്ങൾ നൽകിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ചരിത്രപരമാണെന്നും ജോർഡൻ ജനതയുടെ ദുരിതത്തിൽ രാജ്യം സാധ്യമാകുന്ന എല്ലാ സഹായങ്ങളും ചെയ്യാൻ എപ്പോഴും മുന്നോട്ടുവന്നിട്ടുണ്ടെന്നും കെ.എസ് റിലീഫ് സെൻറർ വക്താവ് പറഞ്ഞു.Aതെക്കുപടിഞ്ഞാറൻ ഏഷ്യയിൽ സ്ഥിതിചെയ്യുന്ന കൊച്ചു അറബ് രാജ്യമായ ജോർഡനിൽ 7.7 ദശലക്ഷം പൗരന്മാരുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കൂടാതെ നാലു ദശലക്ഷം ഫലസ്തീൻ-സിറിയൻ അഭയാർഥികൾക്ക് കിടപ്പാടവും ജീവിതസൗകര്യങ്ങളും ഒരുക്കുന്നതിലും ഈ രാജ്യം ആഗോളതലത്തിൽ ശ്രദ്ധേയമാണ്. സ്വന്തം പൗരന്മാർക്ക് നൽകുന്ന അതേ ചികിത്സസൗകര്യം ജോർഡൻ ഭരണകൂടം അഭയാർഥികൾക്കും നൽകുന്നുവെന്നത് വേറിട്ട കാഴ്ചയാണ്.
വ്യവസായരംഗത്ത് അത്ഭുതാവഹമായ പുരോഗതിയാർജിച്ചിരുന്ന ജോർഡൻ ഇടക്കാലത്ത് വ്യവസായികമാന്ദ്യത്തിനു വിധേയമായി. പെട്രോളിയം, സിമൻറ് എന്നിവയാണ് പ്രധാന വ്യവസായങ്ങൾ. എണ്ണ സമ്പത്തിെൻറ കാര്യത്തിൽ ഇതര രാഷ്ട്രങ്ങളെ അപേക്ഷിച്ച് ജോർഡൻ പിന്നാക്കാവസ്ഥയിലാണ്. കാർഷിക മേഖലയിൽ രാജ്യം ഇപ്പോൾ അഭിവൃദ്ധിപ്പെട്ടുവരുകയാണ്. ആരോഗ്യ മേഖലയിലാണ് രാജ്യം ഇപ്പോൾ പ്രതിസന്ധി നേരിടുന്നത്. സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്ക് സൗദിയെപ്പോലെ ഖത്തർ തുടങ്ങിയ അറബ് രാഷ്ട്രങ്ങളും വിവിധ സഹായ പദ്ധതികൾ ചെയ്തിട്ടുണ്ട്. കോവിഡ് മഹാമാരിക്കാലത്ത് സൗദി നൽകുന്ന മഹത്തായ സേവനങ്ങൾ ഇതിനകം അറബ് ലോകത്തിെൻറ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.