യാംബു: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉപയോഗിച്ച് പകർപ്പവകാശ ലംഘനം നടത്തിയാൽ ഭീമമായ തുക പിഴ അടക്കേണ്ടിവരും. അനുമതിയില്ലാതെ സ്വകാര്യ വ്യക്തിയുടെ ഫോട്ടോ എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മറ്റൊരിടത്ത് പ്രസിദ്ധീകരിച്ച കാരണത്താൽ കഴിഞ്ഞ ദിവസം രാജ്യത്ത് ഒരു വ്യക്തിക്ക് പിഴ ചുമത്തിയ തായി സൗദി ബൗദ്ധിക സ്വത്തവകാശ അതോറിറ്റി അറിയിച്ചു. പകർപ്പവകാശ ഉടമയുടെ സമ്മതമില്ലാതെ ഫോട്ടോ പ്രസിദ്ധീകരിച്ചതിനാണ് നിയമലംഘനത്തിന് കേസ് എടുത്തത്.
പരാതി അന്വേഷിച്ച അതോറിറ്റി നിയമലംഘനത്തിന് 9,000 സൗദി റിയാൽ ആണ് പിഴ അടക്കാൻ ഉത്തരവിട്ടത്.
സമ്മതമില്ലാതെ സ്വകാര്യ ഫോട്ടോകൾ പ്രസിദ്ധീകരിക്കൽ, കൃത്രിമബുദ്ധി സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഫോട്ടോയിൽ മാറ്റങ്ങൾ വരുത്തൽ, പകർപ്പവകാശ ഉടമയുടെ സമ്മതമില്ലാതെ വാണിജ്യപരമായ ആവശ്യത്തിന് അത് ചൂഷണം ചെയ്യൽ എന്നിവ പകർപ്പവകാശ സംരക്ഷണ നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് സൗദി ബൗദ്ധിക സ്വത്തവകാശ അതോറിറ്റി സ്ഥിരീകരിച്ചു. അത്തരം കേസുകൾ പരിശോധിക്കുന്ന പ്രക്രിയക്ക് പരാതിപ്പെട്ട കക്ഷിയുടെ ഔദ്യോഗിക പരാതി ഫയൽ ചെയ്യുന്നതോടെയാണ് ആരംഭിക്കുന്നത്.
തുടർന്ന് ലംഘനത്തിന്റെ സ്വഭാവം സ്ഥിരീകരിക്കുന്നതിന് തെളിവുകൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യും. തുടർന്ന് നിയമലംഘകനുമായി നേരിട്ട് അന്വേഷണം നടത്തുകയും അവരുടെ വാദം കേൾക്കുകയും ചെയ്യും.
തുടർന്ന് കേസ് ഒരു പ്രത്യേക കമ്മിറ്റിക്ക് മുമ്പാകെ ചർച്ചക്കായി സമർപ്പിക്കുകയും അന്തിമ തീരുമാനം അതോറിറ്റി എടുക്കുകയും ചെയ്യും. ാജ്യത്തെ വ്യക്തികളോടും സ്ഥാപനങ്ങളോടും ബൗദ്ധിക സ്വത്തവകാശങ്ങളെ ബഹുമാനിക്കണമെന്നും ഏതെങ്കിലും കാരണത്താൽ അവ ലംഘിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.
പകർപ്പവകാശവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ സ്ഥാപനങ്ങളുടെയും ഉടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും അത് പാലിക്കാനും നിയമങ്ങൾ പൂർണമായും ഉൾകൊള്ളാനും എല്ലാവരും തയാറാവണമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. നിയമ ലംഘനങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും നിയമപരമായ പിഴകൾ ചുമത്തുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു. നിർമിതബുദ്ധി (എ.ഐ) സാങ്കേതിക വിദ്യ സൗദിയിൽ അഭൂതപൂർവമായ കുതിപ്പ് അടയാളപ്പെടുത്തിക്കഴിഞ്ഞ സാഹചര്യത്തിൽ ആ മേഖലയിലെ നിയമലംഘനങ്ങൾ പകർപ്പവകാശ നിയമത്തിന്റെ കീഴിൽ വരുത്തി നിയമലംഘനങ്ങൾക്കെതിരെ ശിക്ഷ നൽകുന്ന വ്യവസ്ഥ ഏറെ ഫലം ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.