മുഹമ്മദ് ഷാഹിദ് ആലം കോൺസൽ ജനറലായി വീണ്ടും ജിദ്ദയിലേക്ക്

ജിദ്ദ: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ പുതിയ കോൺസൽ ജനറലായി മുൻ ഡെപ്യൂട്ടി കോൺസൽ ജനറലും ഹജ്ജ് കോൺസലുമായിരുന്ന മുഹമ്മദ് ഷാഹിദ് ആലം നിയമിതനായി. കേന്ദ്ര വിദേശകാര്യ മന്ത്രാലയം വെള്ളിഴാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കോൺസുൽ ജനറലായിരുന്ന മുഹമ്മദ് നൂർറഹ്മാൻ ശൈഖ് നാല് മാസങ്ങൾക്ക് മുമ്പ് സ്ഥാനക്കയറ്റം കിട്ടി ഡൽഹിയിലേക്ക് മടങ്ങിയിരുന്നു. ശേഷം പുതിയ കോൺസുൽ ജനറലായി ബീഹാർ സ്വദേശി സദർ എ. ആലമിനെ നിയമിച്ചിരുന്നെങ്കിലും അദ്ദേഹം ജിദ്ദയിലെത്തി ചുമതല ഏറ്റെടുത്തിരുന്നില്ല.

അതിനിടക്ക് 2022 ൽ ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയുടെ തയ്യാറെടുപ്പുകളുടെ ഭാഗമായി അന്താരാഷ്ട്ര വിഭാഗം ചുമതല കേന്ദ്ര വിദേശകാര്യ മന്ത്രാലയം അദ്ദേഹത്തിന് നൽകിയതിനാലാണ് മുഹമ്മദ് ഷാഹിദ് ആലത്തെ കോൺസുൽ ജനറൽ ആയി നിയമിച്ചത്. ജിദ്ദയിൽ ഡെപ്യൂട്ടി കോൺസൽ ജനറലായും ഹജ്ജ് കോൺസലായും മൂന്ന് വർഷക്കാലം സേവനമനുഷ്ഠിച്ച് ഒരു വർഷം മുമ്പാണ് മുഹമ്മദ് ഷാഹിദ് ആലം ഡൽഹിയിലെ കേന്ദ്ര വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്തേക്ക് മടങ്ങിയത്.

ഝാർഖണ്ഡിലെ ദാൻബാദ് സ്വദേശിയായ ഷാഹിദ് ആലം 2010 ജൂണിലാണ് ഐ.എഫ്.എസ് പരിശീലനം പൂർത്തിയാക്കിയത്. 2012 -14 കാലയളവിൽ കെയ്‌റോ ഇന്ത്യൻ എംബസിയിൽ സേവനമനുഷ്ഠിച്ചു. ഇക്കാലയളവിൽ അറബി ഭാഷ പഠനം പൂർത്തിയാക്കി. 2014-15 വർഷങ്ങളിൽ അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ രണ്ടാം സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നതിനിടെ 2015 നവംബറിലാണ് ജിദ്ദയിൽ ഹജ്ജ് കോൺസുലായി നിയമിതനാവുന്നത്. ഡോ. ഷക്കീല ഖാത്തൂനാണ് ഭാര്യ. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഒരു മാസത്തിനകം മുഹമ്മദ് ഷാഹിദ് ആലം കോൺസുൽ ജനറലായി ജിദ്ദയിൽ ചുമതയേൽക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - consul general In saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.