റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ വലിയ പാർക്കുകളിലൊന്നാവാൻ പോകുന്ന അൽ ഉറൂബ പാർക്ക് നിർമാണത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. 7,54,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പാർക്കിൽ കായിക സ്ഥാപനങ്ങൾ, ഇവൻറുകൾക്കും ഉത്സവങ്ങൾക്കുമായി തുറന്നിരിക്കുന്ന ഗ്രീൻ ടെറസുകൾ, സ്ക്വയറുകൾ, തിയറ്ററുകൾ എന്നിവ ഉൾപ്പെടും. ‘ഗ്രീൻ റിയാദ്’ പരിപാടി അനുസരിച്ച്, ആറ് ലക്ഷത്തിലധികം മരങ്ങളും കുറ്റിച്ചെടികളും നട്ടുപിടിപ്പിക്കും. ഇതിനോട് ചേർന്ന് ജലാശയങ്ങളുമുണ്ടാകും. പാർക്കിലൂടെ കടന്നുപോകുന്ന ലൈസൻ താഴ്വരക്കൊപ്പം 14 കി.മീ നടപ്പാതകളുമുണ്ടാകും.
മൂന്ന് കിലോമീറ്റർ നീളവും 12 മീറ്റർ ഉയരവുമുള്ള ഒരു പനോരമിക് പാതയാണ് ഡിസൈനിന്റെ സവിശേഷത. സുസ്ഥിരത കൈവരിക്കുന്നതിനും പാരിസ്ഥിതിക മാനദണ്ഡങ്ങൾക്കനുസൃതമായി മികച്ച ആശയങ്ങളും രൂപകൽപനകളും അവതരിപ്പിക്കുന്നതിനായി നടത്തിയ മത്സരത്തിൽ പങ്കെടുത്ത ആറ് അന്തർദേശീയ മത്സരാർഥികൾ സമർപ്പിച്ച ഡിസൈനുകളിൽ നിന്നാണ് പാർക്കിന്റെ രൂപകൽപന തിരഞ്ഞെടുത്തത്.
അമീർ തുർക്കി ബിൻ അബ്ദുൽ അസീസ് റോഡിന്റെയും അൽ ഉറൂബ റോഡിന്റെയും ജങ്ഷനിലെ സുപ്രധാന സ്ഥാനം ഈ പാർക്കിനെ വ്യത്യസ്തമാക്കുന്നു. ജീവിതനിലവാരം ഉയർത്തുന്നതിനും താമസക്കാർക്കും സന്ദർശകർക്കും വിനോദസ്ഥലങ്ങൾ ഒരുക്കുന്നതിനും റിയാദ് നഗരത്തെ ലോകത്തിലെ ഏറ്റവും സുസ്ഥിര നഗരങ്ങളിലൊന്നാക്കി മാറ്റുന്നതിനും ലക്ഷ്യമിട്ടും ഗ്രീൻ റിയാദ് പരിപാടിയുടെ ഭാഗമായാണ് പാർക്ക് നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.