സൗദിക്ക് എഫ് -35 ഫൈറ്റർ ജെറ്റ് നൽകാനുള്ള കരാർ പരിഗണിക്കുന്നതായി ട്രംപ്

​ജിദ്ദ: ലോകത്തെ പ്രമുഖ ആയുധ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ നിർമിച്ച എഫ് -35 സ്​റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ സൗദി അറേബ്യക്ക്​ നൽകുന്നതിനുള്ള കരാറിനെക്കുറിച്ച് ആലോചിക്കുന്നതായി യു.എസ് പ്രസിഡൻറ്​ ഡൊണാൾഡ് ട്രംപ് പറഞ്ഞു. സൗദിക്ക് ധാരാളം ജെറ്റുകൾ വാങ്ങാൻ ആഗ്രഹമുണ്ടെന്നും അക്കാര്യം എന്നോട് നോക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിൽ വെച്ച്​ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പക്ഷേ അവർക്ക് യഥാർഥത്തിൽ അതിനേക്കാൾ കൂടുതൽ വാങ്ങാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ വൈറ്റ് ഹൗസിൽ വരവേൽക്കാൻ ട്രംപ് ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഫൈറ്റർ ജെറ്റ്​ കരാറിനെക്കുറിച്ചുള്ള ആലോചനയും ട്രംപ്​ സജീവമാക്കിയത്​. അടുത്തുതന്നെ തയാറാക്കുന്ന സാമ്പത്തിക, പ്രതിരോധ കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ കരാറുകൾ സംബന്ധിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക്​ ഞങ്ങൾ സൗദി അറേബ്യയെ ബഹുമാനിക്കുന്നുവെന്നും ഇസ്രായേലുമായുള്ള ബന്ധം സൗദി സാധാരണ നിലയിലാക്കുമെന്നും ട്രംപ് ആവർത്തിച്ചു. എന്നാൽ പലസ്തീൻ വിഷയത്തിൽ ദ്വിരാഷ്​ട്ര പരിഹാരമുണ്ടായ ശേഷം മാത്രമായിരിക്കും അതെന്ന്​ സൗദി നിലപാട്​ വ്യക്തമാക്കിയിട്ടുള്ളതാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.