റിയാദ്: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തി ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി.
ഗസ്സയിൽ അടിയന്തിര വെടിനിർത്തലും ബന്ധികളെ വിട്ടയക്കലും ആവശ്യപ്പെട്ട് അവസാന ഈസ്റ്റർദിന സന്ദേശത്തിൽ പോലും ആവശ്യപ്പെട്ട പാപ്പ മാനവികതയുടെ വലിയ ഇടയനായിരുന്നു. അദ്ദേഹം നിലകൊണ്ട മതേതര മൂല്യങ്ങളുടെയും നിലപാടിന്റെയും ഉത്തമ മാതൃകയാണ് ലോകത്തിന്റെ പൊതുവിഷയങ്ങളിൽ അദ്ദേഹമെടുത്ത മതാതീതമായ നിലപാട്. അതോടൊപ്പം അഭയാർഥികള്‍ക്കും കുടിയേറ്റക്കാർക്കും അദ്ദേഹം നല്കിയ പിന്തുണ വിസ്മരിക്കാതിരിക്കാൻ കഴിയില്ല. അതുവഴി ലോകത്തിന്റെ ആദരവും അദ്ദേഹം പിടിച്ചുപറ്റി. അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവൻ മനുഷ്യവിഭാഗങ്ങളോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചും ലാറ്റിനമേരിക്കയിലെ വിമോചന പോരാട്ടങ്ങളോട് അനുഭാവം പ്രകടിപ്പിച്ചും തികച്ചും വ്യത്യസ്തനായ അദ്ദേഹത്തിന്റെ സമീപനം ഏറെ ചർച്ച ചെയ്യപ്പെട്ടു. ദരിദ്രരോടുള്ള അദ്ദേഹത്തിന്റെ ഉത്കണ്ഠ ഏറെ ശ്രദ്ധേയമായിരുന്നു. വത്തിക്കാൻ പ്ലാസയെ ഭവനരഹിതരുടെ അഭയകേന്ദ്രമാക്കിയ കർമയോഗിയായിരുന്നു അദ്ദേഹമെന്നും റിയാദ് ഒ.ഐ.സി.സി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.