ഡ്രൈവറില്ലാ വാഹനങ്ങൾ ഓടിക്കാൻ കമ്പനികൾക്ക് അവസരം

റിയാദ്: സൗദി അറേബ്യയിൽ ഡ്രൈവറില്ലാ വാഹനങ്ങൾ പ്രവർത്തിപ്പിക്കാൻ താൽപര്യമുള്ള കമ്പനികളിൽനിന്ന് അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയതായി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. രാജ്യത്ത് നിക്ഷേപ സാധ്യതകൾ തുറക്കുകയും സ്മാർട്ടും സുരക്ഷിതവുമായ ഗതാഗത സംവിധാനം വികസിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

ദേശീയ ഗതാഗത, ലോജിസ്റ്റിക്സ് തന്ത്രത്തിനും സൗദി വിഷൻ 2030-നും അനുസൃതമായി, റിയാദ് തലസ്ഥാനത്ത് കഴിഞ്ഞയാഴ്ച അതോറിറ്റി നിരവധി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് ഡ്രൈവറില്ലാ വാഹനങ്ങളുടെ ആദ്യഘട്ട പരീക്ഷണം ആരംഭിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ ബിസിനസ് മോഡലിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നത്.

 

ഈ പുതിയ നടപടിയിലൂടെ പ്രാദേശിക, അന്തർദേശീയ കമ്പനികൾക്ക് ഡ്രൈവറില്ലാ വാഹന മേഖലയിലേക്ക് പ്രവേശിക്കാൻ സാധിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. അപേക്ഷകൾ ഇലക്ട്രോണിക് ഫോം വഴിയാണ് സ്വീകരിക്കുക. അപേക്ഷകർ ഒരു ക്യു.ആർ കോഡ് ഉപയോഗിച്ച് 'അപ്ലിക്കേഷൻ ഡോക്യുമെന്റ്' പൂരിപ്പിക്കണം.

ഇത് കൃത്യമായ സാങ്കേതിക മാനദണ്ഡങ്ങൾക്കനുസരിച്ച് അപേക്ഷകൾ വിലയിരുത്താൻ അതോറിറ്റിയെ സഹായിക്കും. ഡ്രൈവറില്ലാ വാഹനങ്ങൾ പ്രവർത്തിപ്പിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾ https://www.tga.gov.sa/SharedFile/e5ab3cfd-46f5-45df-9fe9-488376a5b3ed എന്ന ലിങ്ക് വഴി അപേക്ഷാ ഫോം പൂരിപ്പിച്ച് 19929@tga.gov.sa എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണമെന്ന് അതോറിറ്റി അറിയിച്ചു.

നഗരങ്ങളിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും രാജ്യത്തെ ഗതാഗത, ലോജിസ്റ്റിക്സ് സേവനങ്ങളുടെ സുസ്ഥിരത വർധിപ്പിക്കുന്നതിനും സഹായിക്കുന്ന നൂതന സ്മാർട്ട് സാങ്കേതികവിദ്യകൾക്ക് ഗതാഗത മേഖലയിൽ അതോറിറ്റി തുടർച്ചയായി പിന്തുണ നൽകുന്നുണ്ട്. ഈ സുപ്രധാന മേഖലയുടെ ഭാവി വളർച്ചയ്ക്ക് സംഭാവന നൽകുന്ന ഏറ്റവും പുതിയ സാങ്കേതിക കണ്ടുപിടുത്തങ്ങൾ സ്വീകരിക്കാൻ അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് പ്രസ്താനയിൽ പറഞ്ഞു.

Tags:    
News Summary - Companies have the opportunity to operate driverless vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.