ഫലസ്​തീനിലെ അനധികൃത ഇസ്രായേൽ കുടിയേറ്റമേഖലയിൽ നിന്നുള്ള ഇറക്കുമതി നിരോധനം; ബ്രിട്ടീഷ്​ തീരുമാനത്തെ സ്വാഗതം ചെയ്​ത്​ അറബ് - ഇസ്​ലാമിക രാജ്യങ്ങൾ

റിയാദ്: അധനികൃത ഫലസ്തീൻ ഭൂമിയിലെ നിയമവിരുദ്ധ ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപ്പന്ന ഇറക്കുമതി നിരോധിച്ചുകൊണ്ടുള്ള ബ്രിട്ടീഷ് സർക്കാരി​െൻറ തീരുമാനത്തെ സൗദി അറേബ്യ, ജോർഡാൻ, യു.എ.ഇ, ഇന്തോനേഷ്യ, പാകിസ്​താൻ, തുർക്കി, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ സംയുക്തമായി സ്വാഗതം ചെയ്തു.

ഈ കുടിയേറ്റ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങളുടെ മേലും ബ്രിട്ടൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്​ട്ര നിയമങ്ങൾക്ക് അനുസൃതമായി സമാനമായ നടപടികൾ സ്വീകരിക്കാൻ അന്താരാഷ്​ട്ര സമൂഹത്തെ സജ്ജമാക്കാനും, കുടിയേറ്റ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെയും സംഘടനകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഈ തീരുമാനം സഹായിക്കുമെന്ന് മന്ത്രിമാർ പ്രത്യാശ പ്രകടിപ്പിച്ചു.

കാനഡ, ഡെന്മാർക്ക്, ഫിൻലൻഡ്, ഫ്രാൻസ്, ഐസ്‌ലൻഡ്, അയർലൻഡ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, സ്പെയിൻ, സ്വീഡൻ, യു.കെ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഇരുരാഷ്​ട്ര പരിഹാരത്തെക്കുറിച്ച് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയെയും മന്ത്രിമാർ അഭിനന്ദിച്ചു.

അന്താരാഷ്​ട്ര നിയമപ്രകാരം അനധികൃത കുടിയേറ്റ കേന്ദ്രങ്ങളുമായുള്ള ചരക്കു വ്യാപാരത്തിൽ ദേശീയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും, യൂറോപ്യൻ നിയന്ത്രണങ്ങളെ പിന്തുണയ്ക്കാനും അല്ലെങ്കിൽ അതത് രാജ്യങ്ങളുടെ നിയമനടപടികൾക്ക് വിധേയമായി ഇത്തരം നടപടികൾ ഗൗരവമായി പരിഗണിക്കാനുമുള്ള സന്നദ്ധതയെ പ്രസ്താവന സ്വാഗതം ചെയ്തു.

അധിനികൃത ഫലസ്തീൻ ഭൂമിയിലെ അനധികൃത ഇസ്രായേൽ കുടിയേറ്റങ്ങളെ അനുകൂലിക്കുന്നതോ അതിന് കാരണമാകുന്നതോ ആയ എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിക്കുന്നതിനായി കൃത്യമായ നടപടികൾ കൈക്കൊള്ളാൻ മന്ത്രിമാർ അന്താരാഷ്​ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.

അന്താരാഷ്​ട്ര നിയമങ്ങൾക്കും, 2016-ലെ രക്ഷാസമിതിയുടെ പ്രമേയം ഉൾപ്പെടെയുള്ള ഐക്യരാഷ്​ട്രസഭയുടെ പ്രസക്തമായ പ്രമേയങ്ങൾക്കും, 2024 ജൂലൈ 19-ലെ അന്താരാഷ്​ട്ര നീതിന്യായ കോടതിയുടെ ഉപദേശക അഭിപ്രായത്തിനും ഈ പ്രഖ്യാപിത നിലപാടുകൾ തികച്ചും അനുസൃതമാണെന്ന് മന്ത്രിമാർ വിലയിരുത്തി.

ഇസ്രായേൽ അധിനിവേശം മൂലം ഉണ്ടാകുന്ന നിയമവിരുദ്ധമായ സ്ഥിതിഗതികളുടെ നിയമസാധുത അംഗീകരിക്കാതിരിക്കാനും, അധിനിവേശം നിലനിർത്താൻ യാതൊരുവിധ സഹായവും നൽകരുതെന്നുമുള്ള എല്ലാ രാജ്യങ്ങളുടെയും ബാധ്യത ഇതിൽ ഉൾപ്പെടുന്നു.

ഈ പശ്ചാത്തലത്തിൽ, കുടിയേറ്റ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള എല്ലാ നടപടികളും, അധിനികൃത ഫലസ്തീൻ ഭൂമിയുടെ ഭൗമശാസ്ത്രപരവും ജനസംഖ്യാപരവുമായ സ്വഭാവം മാറ്റാൻ ലക്ഷ്യമിട്ടുള്ള മറ്റ് നടപടികളും ഉടൻ പിൻവലിക്കണമെന്ന് ഇസ്രായേലിനോട് മന്ത്രിമാർ ആവശ്യപ്പെട്ടു.

ഗാസ മുമ്പ് അധിനികൃത ഫലസ്തീൻ ഭൂമിയുടെ അവിഭാജ്യ ഘടകമാണെന്ന് മന്ത്രിമാർ ഊന്നിപ്പറഞ്ഞു. സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനും, മാനുഷിക പ്രതിസന്ധികൾ പരിഹരിക്കുന്നതിനും, പുനർനിർമാണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും, ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനും വേണ്ടി യു.എസ് പ്രസിഡൻറ്​ ഡോണൾഡ് ട്രംപി​െൻറ സമഗ്ര പദ്ധതി പൂർണമായും ഉടൻ നടപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

അന്താരാഷ്​ട്ര നിയമങ്ങൾക്കും ഐക്യരാഷ്​ട്രസഭയുടെ പ്രസക്തമായ പ്രമേയങ്ങൾക്കും അനുസൃതമായി, കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967 ജൂൺ നാലി​െൻറ അതിർത്തികളിൽ പരമാധികാരമുള്ളതും, ഭൂമിശാസ്ത്രപരമായി ബന്ധിപ്പിക്കപ്പെട്ടതുമായ സ്വതന്ത്ര ഫലസ്തീൻ രാഷ്​ട്രം സ്ഥാപിച്ചുകൊണ്ട് ഇരുരാഷ്​ട്ര പരിഹാരം യാഥാർത്ഥ്യമാക്കുക എന്നത് മാത്രമാണ് നീതിപൂർവവും ശാശ്വതവുമായ സമാധാനം കൈവരിക്കാനുള്ള ഏക മാർഗമെന്ന് മന്ത്രിമാർ ആവർത്തിച്ചു വ്യക്തമാക്കി.

Tags:    
News Summary - Ban on imports from illegal Israeli settlement areas in Palestine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.