സിഫിൽ ഡിഫൻസിന്റെ സൈറൺ പരീക്ഷണം ഇന്ന്; ഭയപ്പാട് വേണ്ട, ജാഗ്രത മതി

ജിദ്ദ: സൗദിയിലെ മുന്നറിയിപ്പ് സംവിധാനങ്ങളുടെ കാര്യക്ഷമതയും സന്നദ്ധതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് തിങ്കളാഴ്ച സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ഫിക്സഡ് സൈറൺ പരീക്ഷണം നടത്തും. രാജ്യവ്യാപകമായി മൊബൈൽ ഫോൺ വഴിയുള്ള നാഷനൽ ഏർലി വാണിങ് പ്ലാറ്റ്‌ഫോമിന്റെ പരീക്ഷണവും ഇതോടൊപ്പം നടക്കും.

സൈറൺ പരീക്ഷണം നടക്കുന്ന പ്രദേശങ്ങൾ സിവിൽ ഡിഫൻസ് വ്യക്തമാക്കിയിട്ടുണ്ട്. റിയാദ് മേഖലയിലെ ദിരിയ, അൽഖർജ്, അൽദിലം ഗവർണറേറ്റുകളിലും, തബൂക്ക് മേഖലയിലെ എല്ലാ ഗവർണറേറ്റുകളിലും, മക്ക മേഖലയിലെ ജിദ്ദ, തൂവൽ ഗവർണറേറ്റുകളിലുമാണ് ഫിക്സഡ് സൈറണുകൾ മുഴങ്ങുക.

സൈറൺ പരീക്ഷണം ഉച്ചക്ക് ഒരു മണി മുതൽ ആരംഭിക്കും. ആദ്യം മൊബൈൽ ഫോണുകളിലേക്ക് പുതിയ ടോണോടുകൂടിയ മുന്നറിയിപ്പ് സന്ദേശങ്ങൾ വരും. അതിനുശേഷമാകും നിശ്ചയിച്ച പ്രദേശങ്ങളിൽ ഫിക്സഡ് സൈറണുകൾ മുഴങ്ങുക. അടിയന്തര സാഹചര്യങ്ങളിൽ ഔദ്യോഗിക മുന്നറിയിപ്പുകളോട് പ്രതികരിക്കാനുള്ള സമൂഹത്തിന്റെ ശേഷി വർധിപ്പിക്കുക, പൊതുജന അവബോധം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് പരീക്ഷണത്തിന്റെ പ്രധാന ലക്ഷ്യം.

പരീക്ഷണം നടക്കുമ്പോൾ പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും സിവിൽ ഡിഫൻസ് അധികൃതർ ആവശ്യപ്പെട്ടു. സൈറൺ കേൾക്കുന്നത് പരിശോധനയുടെ ഭാഗമാണെന്ന് എല്ലാവരും മനസ്സിലാക്കണം. പരീക്ഷണ സമയത്ത് ലഭിക്കുന്ന മുന്നറിയിപ്പ് സന്ദേശങ്ങൾ ശ്രദ്ധിക്കുകയും നടപടിക്രമങ്ങൾ മനസ്സിലാക്കുകയും ചെയ്യണം. അടിയന്തിര ഘട്ടങ്ങളിൽ സർക്കാർ നൽകുന്ന ഔദ്യോഗിക അലേർട്ടുകൾക്ക് അനുസരിച്ച് പ്രതികരിക്കാൻ സജ്ജരായിരിക്കണമെന്നും അധികൃതർ നിർദേശിച്ചു. രാജ്യത്തെ താമസക്കാരുടെയും പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സിവിൽ ഡിഫൻസിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

Tags:    
News Summary - Civil Defense's siren test today; No need to panic, just be vigilant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.