ഇന്ത്യൻ വിദേശകാര്യ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന സഹമന്ത്രി കീർത്തി വർധൻ സിങ് സൗദി വിദേശകാര്യ സഹമന്ത്രിയും കാലാവസ്ഥാ വ്യതിയാന ദൂതനുമായ ആദിൽ അൽജുബൈർ, മാനുഷിക വിഭവ സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽരാജ്ഹി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
കാലാവസ്ഥാ വ്യതിയാനവും തൊഴിൽ സഹകരണവും ചർച്ച ചെയ്ത് ഇന്ത്യയും സൗദി അറേബ്യയും
റിയാദ്: കാലാവസ്ഥാ വ്യതിയാനത്തിെൻറ ആഘാതങ്ങൾ ലഘൂകരിക്കുന്നതിനുള്ള വഴികളും തൊഴിൽ മേഖലയിലെ സഹകരണവും സംബന്ധിച്ച് സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ ഉയർന്നതല ചർച്ചകൾ നടന്നു. റിയാദിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന സഹമന്ത്രി കീർത്തി വർധൻ സിങ്, സൗദിയിലെ പ്രമുഖ മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങൾ ചർച്ച ചെയ്തത്.
സൗദി വിദേശകാര്യ സഹമന്ത്രിയും കാലാവസ്ഥാ വ്യതിയാന ദൂതനുമായ ആദിൽ അൽജുബൈറുമായിട്ട് നടത്തിയ കൂടിക്കാഴ്ചയിൽ വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുവരും അവലോകനം ചെയ്തു. പരിസ്ഥിതി വിഷയങ്ങളിലെ പരസ്പര കാഴ്ചപ്പാടുകൾ പങ്കുവെച്ച അവർ, കാലാവസ്ഥാ വ്യതിയാനത്തിെൻറ ആഘാതങ്ങൾ ലഘൂകരിക്കാനുള്ള മാർഗങ്ങളും ഇതുമായി ബന്ധപ്പെട്ട് സൗദി അറേബ്യ നടപ്പാക്കുന്ന ശ്രമങ്ങളും സംരംഭങ്ങളും ചർച്ച ചെയ്യുകയുണ്ടായി.
ഇതിനുപുറമെ, തൊഴിൽ മേഖലകളിലെ പ്രധാന വിഷയങ്ങളും തൊഴിൽ വിപണി കൂടുതൽ ക്രമീകരിക്കുന്നതിനുള്ള നടപടികളും സൗദി മാനുഷിക വിഭവ സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽരാജ്ഹിയുമായി ചർച്ച ചെയ്തു. തൊഴിൽ വിപണിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിൽ സംഭാവന നൽകുന്ന തരത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ യോഗത്തിൽ താത്പര്യം പ്രകടിപ്പിച്ചു.
എല്ലാ കക്ഷികളുടെയും അവകാശങ്ങളും സുരക്ഷിതത്വവും സംരക്ഷിക്കുന്നതിന് മന്ത്രാലയം നിരന്തരം ശ്രദ്ധാലുവാണെന്ന് സൗദി മന്ത്രി അഹമ്മദ് അൽരാജ്ഹി വ്യക്തമാക്കി. പരസ്പര താൽപ്പര്യങ്ങൾ മുൻനിർത്തി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ദൃഢമാക്കുന്നതിനുള്ള മന്ത്രാലയത്തിെൻറ ശ്രമങ്ങളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ചകൾ നടന്നത്.
റിയാദിലെ മാനവ വിഭവശേഷി മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചർച്ചകളിൽ തൊഴിൽ സഹമന്ത്രി അബ്ദുല്ല അബു ഇത്നൈൻ, ഇരുപക്ഷത്തുനിന്നുമുള്ള നിരവധി ഉദ്യോഗസ്ഥർ എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.