സൗദി വെയർഹൗസിങ് ആൻഡ് ലോജിസ്റ്റിക്സ് എക്സിബിഷൻ നാളെ റിയാദിൽ ആരംഭിക്കും
റിയാദ്: സൗദി അറേബ്യയുടെ ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രി എൻജി. സാലിഹ് അൽ ജാസറിെൻറ രക്ഷാകർതൃത്വത്തിൽ, സൗദി വെയർഹൗസിങ് ആൻഡ് ലോജിസ്റ്റിക്സ് എക്സിബിഷെൻറ മൂന്നാം പതിപ്പിന് ചൊവ്വാഴ്ച റിയാദിൽ തുടക്കമാകും. റിയാദ് ഇൻറർനാഷനൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ നടക്കുന്ന ഈ പ്രദർശനം സെപ്റ്റംബർ 10 വരെ മൂന്ന് ദിവസങ്ങളിലായി തുടരും.
ലോജിസ്റ്റിക്സ് സംവിധാനത്തിെൻറയും വിതരണ ശൃംഖലയുടെയും (സപ്ലൈ ചെയിൻ) വിവിധ ഘടകങ്ങളെ ഒരുകുടക്കീഴിൽ അണിനിരത്തുന്നതാണ് ഈ പ്രദർശനം. ലോജിസ്റ്റിക്സ്, വെയർഹൗസിങ് രംഗത്തെ പ്രമുഖ കമ്പനികൾ, സാങ്കേതിക പരിഹാര ദാതാക്കൾ, ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ സജീവ പങ്കാളിത്തം ഇത്തവണയുണ്ട്.
അത്യാധുനിക നവീകരണങ്ങൾ പ്രദർശിപ്പിക്കുക, വ്യാവസായിക അവസരങ്ങൾ പ്രയോജനപ്പെടുത്തുക, മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളെയും പ്രശ്നങ്ങളെയും കുറിച്ച് ചർച്ച ചെയ്യുക എന്നിവയാണ് ഈ സുപ്രധാന വേദി ലക്ഷ്യമിടുന്നത്.
വെയർഹൗസ് ഓട്ടോമേഷൻ, കോൾഡ് ചെയിൻ, കാർഗോ ഹാൻഡ്‌ലിങ്, മൾട്ടിമോഡൽ ട്രാൻസ്പോർട്ടേഷൻ, ലാസ്റ്റ് മൈൽ ഡെലിവറി സൊല്യൂഷൻസ് തുടങ്ങിയ സപ്ലൈ ചെയിനിെൻറ വിവിധ ഘട്ടങ്ങളുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന സാങ്കേതികവിദ്യകളും സേവനങ്ങളും സന്ദർശകർക്ക് ഇവിടെ പരിചയപ്പെടാം. രാജ്യത്ത് ഈ മേഖല കൈവരിക്കുന്ന അതിവേഗ വളർച്ചയുടെ യഥാർത്ഥ ചിത്രമാണ് പ്രദർശനം നൽകുന്നത്.
സൗദി ലോജിസ്റ്റിക്സ് വിപണിയിലെ വളർന്നുവരുന്ന നിക്ഷേപങ്ങളുടെ വ്യാപ്തിയും വർധിച്ചുവരുന്ന പ്രവർത്തനങ്ങളുമാണ് പങ്കാളികളായ കമ്പനികളുടെ പട്ടിക വ്യക്തമാക്കുന്നത്. ലോജിസ്റ്റിക് പ്രവർത്തനങ്ങളുടെയും സപ്ലൈ ചെയിനുകളുടെയും കാര്യക്ഷമത വർദ്ധിപ്പിക്കുന്ന തങ്ങളുടെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങളും നൂതന പരിഹാരങ്ങളും പ്രാദേശിക, അന്തർദേശീയ കമ്പനികൾ ഇവിടെ അവതരിപ്പിക്കുന്നുണ്ട്.
പ്രദർശനത്തോടനുബന്ധിച്ച് പ്രത്യേക സമ്മേളനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, ലോജിസ്റ്റിക്സ് മേഖലയിലെ പ്രമുഖർ, നിക്ഷേപകർ, സപ്ലൈ ചെയിൻ വിദഗ്ധർ എന്നിവർ ഇതിൽ പങ്കെടുക്കും. ലോജിസ്റ്റിക് ഇൻഫ്രാസ്ട്രക്ചർ, നിക്ഷേപ അവസരങ്ങൾ, മൾട്ടിമോഡൽ കണക്റ്റിവിറ്റി, വെയർഹൗസിങ്ങും വിതരണവും, ഡിജിറ്റൽ റെസിലിയൻസ്, സപ്ലൈ ചെയിൻ സുരക്ഷ തുടങ്ങിയ നിർണായക വിഷയങ്ങൾ ഇവിടെ ചർച്ച ചെയ്യപ്പെടും.
ഇതിനുപുറമെ, പ്രഫഷനൽ ഡെവലപ്‌മെൻറ് പ്രോഗ്രാമുകളുടെ കീഴിൽ അംഗീകാരം ലഭിച്ച ‘ഹല’ സെഷനുകൾ സെപ്റ്റംബർ ഒമ്പത്, 10 തീയതികളിൽ നടക്കും. യഥാർത്ഥ അനുഭവങ്ങളെയും സാഹചര്യങ്ങളെയും അടിസ്ഥാനമാക്കിയുള്ള പ്രായോഗിക ചർച്ചകളാണ് ഈ സെഷനുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സപ്ലൈ ചെയിനുകൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രവർത്തന മുൻഗണനകളും നിലവിലെ വെല്ലുവിളികളും ഇവിടെ വിശകലനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.