ഗൾഫ് സംയുക്ത ടൂറിസ്റ്റ് വിസ ഉടൻ യാഥാർഥ്യമാകും: ജി.സി.സി സെക്രട്ടറി ജനറൽ
റിയാദ്: ഗൾഫ് കോർപ്പറേഷൻ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളുടെ സംയുക്ത ടൂറിസ്റ്റ് വിസ പദ്ധതി ഉടൻ യാഥാർഥ്യമാക്കുമെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി വ്യക്തമാക്കി. റിയാദിൽ നടന്ന ‘സുരക്ഷയും ചരിത്രവും സംവാദം’ എന്ന സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കൗൺസിൽ രാജ്യങ്ങൾ തമ്മിലുള്ള സംയോജനം ശക്തിപ്പെടുത്തുന്നതിനും സന്ദർശകരുടെ സഞ്ചാരം എളുപ്പമാക്കുന്നതിനും ഈ പദ്ധതി നിർണായക ചുവടുവെപ്പായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഏകീകൃത വിസ നിലവിൽ വരുന്നതോടെ വിദേശ സന്ദർശകർക്ക് ആറ് ജി.സി.സി രാജ്യങ്ങൾക്കിടയിൽ കൂടുതൽ എളുപ്പത്തിൽ യാത്ര ചെയ്യാൻ സാധിക്കും. ഒറ്റ വിസയായതിനാൽ നടപടിക്രമങ്ങൾ ലളിതവും എളുപ്പവുമാകും.
ഇത് ടൂറിസം മേഖലയ്ക്ക് വലിയ കരുത്ത് പകരുകയും കൗൺസിൽ രാജ്യങ്ങളെ മികച്ച ഒരു പ്രാദേശിക ടൂറിസം കേന്ദ്രമായി മാറ്റുകയും ചെയ്യും. സുരക്ഷാ കാര്യങ്ങളിൽ ജി.സി.സി രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർ തമ്മിൽ ശക്തമായ ഏകോപനമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ജി.സി.സി രാജ്യങ്ങൾക്കെതിരെയുള്ള ഇറാനിയൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഏറ്റവും ഒടുവിൽ ചേർന്ന യോഗം സുപ്രധാന തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ഇത് അംഗരാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിൽ നേരിട്ടുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ വർഷം ഫെബ്രുവരി 28-ന് ഇറാനിയൻ ആക്രമണങ്ങൾ ആരംഭിച്ചതു മുതൽ വിവിധ തലങ്ങളിൽ ഏകോപനവും, സഹകരണവും, വിവരങ്ങളും ശേഷികളും കൈമാറ്റം ചെയ്യലും തുടർന്നുവരുന്നുണ്ട്.
വിവിധ വെല്ലുവിളികളെ പ്രതിരോധിക്കാൻ സുരക്ഷാ സഹകരണം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൗൺസിൽ രാജ്യങ്ങൾ പ്രവർത്തിക്കുന്നത്. മറ്റ് രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി സൗദി അറേബ്യ പോലുള്ള ചില ഗൾഫ് രാജ്യങ്ങൾ നിയമപരവും ഗതാഗതത്തിനുൾപ്പടെ സൗകര്യപ്രദവുമായ ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യുവാക്കൾ നേരിടുന്ന വെല്ലുവിളികളിൽ ജി.സി.സി രാജ്യങ്ങൾ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനും അവയുടെ വെല്ലുവിളികളെ നേരിടുന്നതിനും സഹായിക്കുന്ന സംയുക്ത ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തന്ത്രത്തിനൊപ്പം സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കാനായി ഏകീകൃത തന്ത്രവും കൗൺസിൽ രാജ്യങ്ങൾ സ്വീകരിച്ചിട്ടുണ്ട്.
ഗൾഫ് സമൂഹങ്ങളെയും, പ്രത്യേകിച്ചും യുവാക്കളെയും ലക്ഷ്യമിട്ട് മയക്കുമരുന്ന് വസ്തുക്കൾ പ്രചരിപ്പിക്കുന്ന ചില സംഘങ്ങളും കക്ഷികളും പ്രവർത്തിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിലെ യുവാക്കളെ മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മയക്കുമരുന്ന് നിർമാണ ഫാക്ടറികളുണ്ടെന്ന വിവരം കൗൺസിലിെൻറ പക്കലുണ്ട്.
ഈ വിപത്തിനെ നേരിടാൻ കഴിഞ്ഞ വർഷം ജി.സി.സി രാജ്യങ്ങൾ ഒരു ഏകീകൃത തന്ത്രം സ്വീകരിക്കാൻ ഇത്തരം വിവരങ്ങൾ കാരണമായിട്ടുണ്ട്. ഈ രംഗത്തെ ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനായി തുടർച്ചയായ സുരക്ഷാ ഏകോപനവും മയക്കുമരുന്ന് വിരുദ്ധ സമിതിയുടെ ആനുകാലിക യോഗങ്ങളും നടക്കുന്നുണ്ടെന്നും അൽ ബുദൈവി സൂചിപ്പിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ ഗൾഫ് രാജ്യങ്ങൾ കൈവരിച്ച നേട്ടങ്ങൾ പൗരന്മാരുടെ ജീവിതത്തിൽ നേരിട്ട് പ്രതിഫലിച്ചിട്ടുണ്ട്. ഡ്രൈവിങ് ലൈസൻസുകൾ പരസ്പരം അംഗീകരിക്കുക, അംഗരാജ്യങ്ങൾക്കിടയിൽ പൗരന്മാരുടെ സഞ്ചാരം എളുപ്പമാക്കുക, സുരക്ഷാ സംവിധാനങ്ങൾ ഇലക്ട്രോണിക് രീതിയിൽ ബന്ധിപ്പിക്കുക, ഗതാഗത നിയമലംഘനങ്ങൾ പരസ്പരം ബന്ധിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട സേവനങ്ങൾ വികസിപ്പിക്കുകയും ചെയ്യുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
സമീപ വർഷങ്ങളിൽ സംയുക്ത ജി.സി.സി പ്രവർത്തനങ്ങളിൽ പ്രകടമായ പുരോഗതിയുണ്ടായിട്ടുണ്ടെന്നും സൽമാൻ രാജാവിെൻറ കാഴ്ചപ്പാടുകൾ സുരക്ഷാ സഹകരണ മേഖലകളിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫോട്ടോ: ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി റിയാദിൽ ‘സുരക്ഷയും ചരിത്രവും സംവാദം’ സമ്മേളനത്തിൽ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.