കാൽപന്തിലെ കവിത; ഹൃദയങ്ങളിൽ ജീവിക്കുന്ന പത്താംനമ്പർ
പച്ചപ്പുൽമൈതാനത്ത് ആകാശ നീലയും വെള്ളയും കലർന്ന ജേഴ്സിയണിഞ്ഞ് അവർ പന്തുമായി കുതിക്കുമ്പോൾ പിറക്കുന്നത് കാൽപ്പന്ത് കളിയിലെ ഏറ്റവും മനോഹരമായ ദൃശ്യവിസ്മയമാണ്. ചിലർക്ക് ഫുട്ബാൾ വെറുമൊരു വിനോദമായിരിക്കാം, പക്ഷേ ഏതൊരു അർജൻറീനിയൻ ആരാധകനും അതൊരു വികാരവും ലയണൽ മെസ്സി അതിലെ മിശിഹയുമാണ്.
ആ 10-ാം നമ്പർ താരം മൈതാനത്തേക്ക് ഇറങ്ങുമ്പോൾ നെഞ്ചിടിപ്പ് കൂടാത്ത ഫുട്ബാൾ പ്രേമികളുണ്ടാവില്ല. കാൽപ്പന്ത് കളിയിലെ സകല സൗന്ദര്യവും ഇടങ്കാലിൽ ഒളിപ്പിച്ചുവെച്ച് അയാൾ മൈതാനത്ത് തീർക്കുന്ന മാന്ത്രികത വാക്കുകൾക്ക് അതീതമാണ്.അർജൻറീന എന്ന രാജ്യത്തിെൻറ ഭരണകൂടത്തോടോ അവർ സ്വീകരിക്കുന്ന ഇസ്രായേൽ അനുകൂല രാഷ്്രഃടീയ നിലപാടുകളോടോ കടുത്ത വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും, ഈ ഫുട്ബാൾ ടീമിനെ ലോകമെമ്പാടുമുള്ള മനുഷ്യർ നെഞ്ചിലേറ്റുന്നത് അവർ കളിക്കളത്തിൽ തീർക്കുന്ന കളിസൗന്ദര്യം കൊണ്ടും പൊരുതാനുള്ള ആവേശം കൊണ്ടുമാണ്.
വളർച്ചാ ഹോർമോണിെൻറ കുറവ് എന്ന വലിയ പ്രതിസന്ധിയെ തോൽപ്പിച്ചാണ് മെസ്സി എന്ന പ്രതിഭ ഫുട്ബാൾ ലോകത്തേക്ക് കടന്നുവന്നത്. ചികിത്സ ഏറ്റെടുത്തുകൊണ്ട് സ്പാനിഷ് ക്ലബ്ബായ എഫ്.സി ബാഴ്സലോണ അദ്ദേഹത്തെ കാറ്റലോണിയൻ മണ്ണിലെത്തിച്ചത് ചരിത്രത്തിെൻറ നിയോഗമായിരുന്നു.
പിന്നീട് ബാഴ്സയുടെ കുപ്പായത്തിൽ ചാമ്പ്യൻസ് ലീഗും ലാ ലിഗയും ഉൾപ്പെടെ ഒട്ടനവധി കിരീടങ്ങൾ നേടിക്കൊടുത്ത് ആ ക്ലബ്ബിെൻറ എക്കാലത്തെയും മികച്ച താരമായി അദ്ദേഹം മാറി. പി.എസ്.ജിയിലൂടെ കടന്ന് ഇപ്പോൾ അമേരിക്കൻ ക്ലബ്ബായ ഇൻറർ മയാമിയിൽ എത്തിനിൽക്കുന്ന ക്ലബ്ബ് ഫുട്ബാൾ യാത്രയിൽ, കളിച്ച മണ്ണിലെല്ലാം അദ്ദേഹം കാൽപ്പന്തിെൻറ വസന്തം തീർക്കുകയായിരുന്നു.
ക്ലബ്ബ് ഫുട്ബാളിൽ നേട്ടങ്ങളുടെ കൊടുമുടി കയറുമ്പോഴും സ്വന്തം രാജ്യത്തിനായി ആദ്യമൊക്കെ അദ്ദേഹത്തിന് കയ്പ്പേറിയ അനുഭവങ്ങളായിരുന്നു. 2005 ആഗസ്റ്റിൽ ഹംഗറിക്കെതിരെ സീനിയർ കുപ്പായത്തിൽ ആദ്യമായി കളത്തിലിറങ്ങിയ അദ്ദേഹത്തിന് കേവലം ഒരു മിനിറ്റിനുള്ളിൽ തന്നെ ചുവപ്പുകാർഡ് കണ്ട് കണ്ണീരോടെ പുറത്തുപോകേണ്ടി വന്നു.
തകർന്നുപോയ ആ അരങ്ങേറ്റത്തിൽ നിന്നാണ് ലോകം കീഴടക്കിയ ചരിത്രത്തിലെ ഏറ്റവും വലിയ ഇതിഹാസം ഉയിർത്തെഴുന്നേറ്റത് എന്ന് കാലം പിന്നീട് തെളിയിച്ചു. അദ്ദേഹത്തിെൻറ കളിയഴക് കവിത പോലെയാണ്. പന്തും കാലും തമ്മിലുള്ള ആ മാന്ത്രിക ബന്ധം, എതിരാളികളെ അനായാസം വെട്ടിയൊഴിയുന്ന ഡ്രിബ്ലിങ് സ്കില്ലുകൾ, ആരും ചിന്തിക്കാത്ത ആംഗിളുകളിലൂടെ നൽകുന്ന പാസുകൾ...
മെസ്സി പന്തുമായി കുതിക്കുമ്പോൾ സമയം പോലും നിശ്ചലമാകുന്നതുപോലെ തോന്നും. 2012-ൽ ഒരു കലണ്ടർ വർഷത്തിൽ 91 ഗോളുകൾ അടിച്ചുകൂട്ടിയതും, ലോക ഫുട്ബാളിലെ ഏറ്റവും വലിയ പുരസ്കാരമായ ബാലൺ ഡി ഓർ എട്ട് തവണ സ്വന്തമാക്കിയതും ആ അതുല്യപ്രതിഭയുടെ മാറ്റുരയ്ക്കുന്ന അപൂർവ റെക്കോർഡുകളാണ്.
ദേശീയ ടീമിനൊപ്പം വലിയൊരു കിരീടമില്ല എന്നതിെൻറ പേരിൽ വർഷങ്ങളോളം അദ്ദേഹം ക്രൂശിക്കപ്പെട്ടു. 2014 ലോകകപ്പിലെ ഫൈനൽ തോൽവിക്ക് ശേഷം ട്രോഫിയെ നൊമ്പരത്തോടെ നോക്കിനിന്ന മെസ്സിയുടെ കണ്ണുകളിലെ നിരാശ ഏതൊരു ആരാധകെൻറയും നെഞ്ച് തകർക്കുന്നതായിരുന്നു.
എന്നാൽ തോറ്റുകൊടുക്കാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. 2021-ൽ ബ്രസീലിെൻറ മണ്ണിൽ കോപ്പ അമേരിക്ക കിരീടമുയർത്തിക്കൊണ്ട് അദ്ദേഹം ആ കാത്തിരിപ്പിന് വിരാമമിട്ടു. ഒടുവിൽ 2022 ഡിസംബർ 18-ന് ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ ലോകകപ്പ് ട്രോഫിയിൽ അദ്ദേഹം മുത്തമിട്ടപ്പോൾ, ഫുട്ബാൾ ചരിത്രം കണ്ട ഏറ്റവും വലിയ കാവ്യനീതിക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. ആ നിമിഷം ലോകമെമ്പാടുമുള്ള ആരാധകരുടെ കണ്ണുകൾ സന്തോഷാശ്രുക്കളാൽ നിറഞ്ഞു.
മൈതാനത്ത് മാത്രമല്ല, പുറത്തും മെസ്സി ഏതൊരു ആരാധകെൻറയും ഹീറോയാണ്. എത്ര വലിയ നേട്ടങ്ങൾ സ്വന്തമാക്കിയാലും ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയോടെ, വളരെ എളിമയോടെ നിൽക്കുന്ന ആ പ്രകൃതമാണ് മെസ്സിയെ വ്യത്യസ്തനാക്കുന്നത്. ‘ലിയോ മെസ്സി ഫൗണ്ടേഷനിലൂ’ടെയും യൂനിസെഫ് അംബാസഡർ എന്ന നിലയിലും ലോകമെമ്പാടുമുള്ള പാവപ്പെട്ട കുട്ടികളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും അദ്ദേഹം നൽകുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. പണത്തിനും പ്രശസ്തിക്കുമപ്പുറം മനുഷ്യത്വത്തിന് വിലകൽപ്പിക്കുന്ന ആ വലിയ മനസ്സാണ് ഓരോ ആരാധകനും അദ്ദേഹത്തെ നെഞ്ചോട് ചേർക്കാൻ കാരണം.
കാൽപന്ത് കളിയിൽ അതിരുകളില്ലാത്ത ആകാശമായതിന്, ഏതൊരു ആരാധകനെയും എന്നും വിസ്മയിപ്പിച്ചതിന്, ലക്ഷക്കണക്കിന് മനുഷ്യർക്ക് പ്രത്യാശയായതിന്, എല്ലാത്തിലുമുപരി നിശ്ചയദാർഢ്യവും സ്നേഹവുമുള്ള ഒരു പച്ചയായ മനുഷ്യനായി ജീവിച്ചുകാണിക്കുന്നതിന് നന്ദി ലിയോ... അർജൻറീനയുടെ 10-ാം നമ്പറിൽ താങ്കളുടെ കളി ആവോളം കാണാൻ സാധിച്ചതിൽ ഏതൊരു ഫുട്ബാൾ പ്രേമിയെയും പോലെ നമുക്കും അഭിമാനിക്കാം. വാമോസ് അർജൻറീന!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.