വ്യോമയാന നിയമലംഘനങ്ങൾക്ക് 48 ലക്ഷം റിയാൽ പിഴ ചുമത്തി സിവിൽ ഏവിയേഷൻ അതോറിറ്റി

റിയാദ്: വ്യോമയാന മേഖലയിലെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയുമായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക്ക). 2025-ന്റെ മൂന്നാം പാദത്തിൽ, അംഗീകൃത നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ 246 നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും 48 ലക്ഷം റിയാലിലധികം പിഴ ചുമത്തുകയും ചെയ്തതായി സിവിൽ ഏവിയേഷൻ നിയമലംഘന സമിതിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

237 നിയമലംഘനങ്ങളും വിമാനക്കമ്പനികൾക്കെതിരെയാണ് ചുമത്തിയത്. യാത്രക്കാർക്ക് ആവശ്യമായ യാത്രാ രേഖകൾ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിൽ പരാജയപ്പെട്ടതിനും അതോറിറ്റിയുടെ നിർദേശങ്ങൾ ലംഘിച്ചതിനുമാണ് ഈ പിഴകൾ. ഇതിലൂടെ ഈടാക്കിയ പിഴ 45 ലക്ഷം റിയാൽ കവിയും. ലൈസൻസുള്ള മറ്റ് കമ്പനികൾക്കെതിരെയും നടപടിയെടുത്തു.

എക്സിക്യൂട്ടിവ് റെഗുലേഷനുകൾ പാലിക്കാത്തതിന് നാല് നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും 2,60,000 റിയാൽ പിഴ ചുമത്തുകയും ചെയ്തു. ആവശ്യമായ വിവരങ്ങൾ നൽകാത്തതിന് മറ്റ് മൂന്ന് നിയമലംഘനങ്ങൾക്ക് 75,000 റിയാൽ പിഴ ചുമത്തി. അനുമതിയില്ലാതെ ഡ്രോൺ ഉപയോഗിച്ചതിന് 1,000 റിയാൽ പിഴയും, ഫ്ലൈറ്റ് ലൈസൻസ് പുതുക്കുന്നതിന് അപേക്ഷിക്കുമ്പോൾ തെറ്റായ വിവരങ്ങൾ നൽകിയതിന് 10,000 റിയാൽ പിഴയും ചുമത്തിയതായി അതോറിറ്റി അറിയിച്ചു.

നിയമലംഘനങ്ങൾക്കെതിരെ സ്വീകരിച്ച ഈ നടപടികൾ സുതാര്യതയും മേൽനോട്ടവും വർധിപ്പിക്കുന്നതിനും, വ്യോമയാന മേഖലയുടെ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്. ഇത് രാജ്യത്തെ യാത്രക്കാരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനും വ്യോമഗതാഗത സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും സംഭാവന ചെയ്യുമെന്നും അതോറിറ്റി വ്യക്തമാക്കി.

Tags:    
News Summary - Civil Aviation Authority imposes 4.8 million riyals fine for aviation law violations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.