അറബ്, ചൈനീസ് ബിസിനസ് സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പ്രസംഗിക്കുന്നു
ജിദ്ദ: അറബ് രാജ്യങ്ങളുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈനയെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. റിയാദിൽ ‘അഭിവൃദ്ധിക്കുവേണ്ടിയുള്ള സഹകരണം’ എന്ന പ്രമേയത്തിൽ ആരംഭിച്ച അറബ്, ചൈനീസ് ബിസിനസ് സമ്മേളനത്തിൽ നടത്തിയ ഉദ്ഘാടനം പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
2022ൽ ചൈനയും അറബ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയത്തിന്റെ ആകെ നിരക്ക് 430 ശതകോടി ഡോളറിലെത്തിയിട്ടുണ്ട്. 2021മായി താരതമ്യം ചെയ്യുമ്പോൾ 31ശതമാനം വളർച്ച നിരക്ക് രേഖപ്പെടുത്തി. ചൈനയും അറബ് രാജ്യങ്ങളും തമ്മിലുള്ള മൊത്തം വ്യാപാര വിനിമയത്തിന്റെ 25 ശതമാനം സൗദി അറേബ്യയാണ് പ്രതിനിധീകരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സൗദിയും ചൈനയും തമ്മിലുള്ള വ്യാപാര വിനിമയത്തിന്റെ നിരക്ക് 2022ൽ 106.1 ശതകോടി ഡോളറിലെത്തിയിട്ടുണ്ട്. 2021 നെ അപേക്ഷിച്ച് 30 ശതമാനം വർധനവുണ്ട്. അറബ് രാജ്യങ്ങൾക്കും ചൈനക്കും ഇടയിലുള്ള എല്ലാ സുപ്രധാന നിക്ഷേപ മേഖലകളിലും ദീർഘകാല, വികസിതമായ പങ്കാളിത്തത്തിന് കിരീടാവകാശി വലിയ താൽപര്യം കാണിക്കുന്നതായും വിദേശകാര്യ മന്ത്രി പറഞ്ഞു.
ചരിത്രപരമായ അറബ്-ചൈനീസ് സൗഹൃദം ശക്തിപ്പെടുത്തുന്നതിനും ഏകീകരിക്കുന്നതിനും വേണ്ടി പ്രവർത്തിക്കാനുള്ള അവസരമാണ് ഈ സമ്മേളനം. ആളുകൾക്ക് പ്രയോജനപ്പെടുന്നതും ലോകത്ത് സമാധാനവും വികസനവും നിലനിർത്തുന്നതുമായ ഒരു പുതിയ യുഗത്തിലേക്ക് പൊതു ഭാവി കെട്ടിപ്പടുക്കാൻ പ്രവർത്തിക്കേണ്ടതുണ്ട്.
‘അഭിവൃദ്ധിക്കുവേണ്ടിയുള്ള സഹകരണം’ എന്ന സമ്മേളനത്തിന്റെ പ്രമേയം അറബ് ലോകവും ചൈനയും തമ്മിലുള്ള നിക്ഷേപ-വ്യാപാര ബന്ധങ്ങളിലെ മഹത്തായ പ്രാധാന്യവും വലിയ സാധ്യതകളും പൊതു ദർശനങ്ങളും സ്ഥിരീകരിക്കുന്നതാണ്. പരസ്പര പൊരുത്തം, അനുഭവങ്ങളുടെ കൈമാറ്റം, വളർച്ചക്കും നിക്ഷേപത്തിനുമുള്ള പുതിയ അവസരങ്ങൾ എന്നിവ എങ്ങനെ കൈവരിക്കാമെന്നതിലേക്ക് വെളിച്ചം വീശുന്നതുമാണ്.
ഇത് മേഖലയിലെയും ലോകത്തെയും ജനങ്ങൾക്ക് സമൃദ്ധിയും പുരോഗതിയും കൈവരിക്കാൻ സഹായിക്കുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. 2022 ഡിസംബറിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സൗദിയിലെ ചരിത്ര സന്ദർശനം രാഷ്ട്രീയ, സാമ്പത്തിക, നിക്ഷേപം, വ്യാപാരം എന്നിങ്ങനെ എല്ലാ മേഖലകളിലും ഇരു സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തിയതായി വിദേശകാര്യ മന്ത്രി സൂചിപ്പിച്ചു. 50 ശതകോടി ഡോളറിലധികം മൂല്യമുള്ള നിരവധി കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവെക്കുന്നതിന് അത് കാരണമായെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.