സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ

ഇറാ​ൻ പ്രകോപനം: തുർക്കി, റൊമാനിയ, ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രിമാരുമായി ചർച്ച നടത്തി സൗദി പ്രതിരോധ മന്ത്രി

റിയാദ്: മേഖലയിൽ ഇറാൻ നടത്തുന്ന സൈനിക പ്രകോപനങ്ങളും അതുണ്ടാക്കുന്ന സുരക്ഷാ പ്രത്യാഘാതങ്ങളും വിലയിരുത്തുന്നതിനായി സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ വിവിധ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുമായി ടെലിഫോൺ സംഭാഷണം നടത്തി. തുർക്കി, റൊമാനിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ ത​െൻറ സഹപ്രവർത്തകരുമായാണ് അദ്ദേഹം ചർച്ചകൾ നടത്തിയത്.

തുർക്കി പ്രതിരോധ മന്ത്രി യാഷർ ഗുലറുമായി നടത്തിയ സംഭാഷണത്തിൽ, സൗദി അറേബ്യക്കും തുർക്കിക്കും എതിരെ ഇറാൻ നടത്തുന്ന ശത്രുതാപരമായ നീക്കങ്ങളെ ഇരു നേതാക്കളും ശക്തമായി അപലപിച്ചു. മേഖലയിലെ നിലവിലെ സംഘർഷാവസ്ഥ പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയെ എങ്ങനെ ബാധിക്കുമെന്ന് ഇരുവരും വിലയിരുത്തി. തങ്ങളുടെ രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികളിലും പരസ്പര ഐക്യദാർഢ്യം പ്രകടിപ്പിക്കാനും ഇരുമന്ത്രിമാരും തീരുമാനിച്ചു.

റൊമാനിയൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റാഡു മിറോട്ടയുമായും ഖാലിദ് ബിൻ സൽമാൻ ചർച്ച നടത്തി. സൗദി അറേബ്യക്ക് നേരെയുണ്ടായ ഇറാ​െൻറ അന്യായമായ ആക്രമണങ്ങളെ ചർച്ചയിൽ ഇരുവരും അപലപിച്ചു. ആഗോള സുരക്ഷയെത്തന്നെ ബാധിക്കുന്ന തരത്തിൽ മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളെക്കുറിച്ചും അതി​െൻറ ഗുരുതരാവസ്ഥയെക്കുറിച്ചും ഇരുവരും ആശങ്ക പങ്കുവെച്ചു.

ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രി ആൻ ജിയു ബാക്കുമായി നടത്തിയ ചർച്ചയിലും ഇറാ​െൻറ ആക്രമണാത്മക നിലപാടുകൾക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. സൗദിക്കെതിരായ ഇറാ​െൻറ ക്രൂരമായ ആക്രമണങ്ങളെ മന്ത്രിമാർ അപലപിച്ചു. നിലവിലെ സാഹചര്യങ്ങൾ അന്താരാഷ്ട്ര സുരക്ഷാ ക്രമത്തെ എങ്ങനെ ബാധിക്കുമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടികളെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു. മേഖലയിലെ സമാധാനവും സ്ഥിരതയും തകർക്കുന്ന തരത്തിലുള്ള നീക്കങ്ങളെ പ്രതിരോധിക്കാൻ അന്താരാഷ്ട്ര തലത്തിൽ ശക്തമായ ഏകോപനം ആവശ്യമാണെന്ന് ചർച്ചകൾ അടിവരയിടുന്നു.

Tags:    
News Summary - Iran provocation: Saudi Defense Minister holds talks with Turkish, Romanian, South Korean defense ministers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.