റി​യാ​ദി​ലെ ചി​ല്ല സ​ർ​ഗ​വേ​ദി​യു​ടെ ഡി​സം​ബ​റി​ലെ പ്ര​തി​മാ​സ വാ​യ​ന പ​രി​പാ​ടി സ​ഫ​റു​ദ്ദീ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

പുതുകാല കവിത ചർച്ചയുമായി ചില്ല സർഗവേദി

റിയാദ്: പുതിയ കാലത്തെ കവിതയുടെ മാറുന്ന ഭാവുകത്വത്തെ ചർച്ച ചെയ്തുകൊണ്ട് റിയാദിലെ ചില്ല സർഗവേദിയുടെ ഡിസംബറിലെ പ്രതിമാസ വായന പരിപാടി നടന്നു. ബത്ഹയിലെ ശിഫ അൽ ജസീറ ഹാളിൽ നടന്ന പരിപാടിയിൽ നാലു പുസ്തകങ്ങളുടെ വായനാനുഭവങ്ങൾ അവതരിപ്പിച്ചു. ഖാലിദ് ഹുസൈനിയുടെ കൈറ്റ് റണ്ണർ എന്ന നോവലിന്റെ വായനാനുഭവം പങ്കുവെച്ച് സഫറുദ്ദീൻ പരിപാടിക്ക് തുടക്കം കുറിച്ചു. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ നിരവധി കലക്കംമറിച്ചിലുകൾക്ക് ഇരയായ അഫ്ഗാൻ ജനതയുടെ സംഭവബഹുലമായ ചരിത്രം നോവൽ വരച്ചിടുന്നു.

അധിനിവേശപൂർവ അഫ്ഗാന്റെ സൗന്ദര്യവും ശാന്തിയും അതിനുശേഷമുള്ള ദുരന്തവും അശാന്തിയും വായനക്കാരനെ നോവിപ്പിക്കും വിധം ഹുസൈനി അവതരിപ്പിക്കുന്നതായി അവതാരകൻ പറഞ്ഞു. വി. മധുസൂദനൻ നായരുടെ കവിതകളുടെ വായനാനുഭവം സുരേഷ് ബാബു അവതരിപ്പിച്ചു. അഗസ്ത്യഹൃദയം, ഭാരതീയം എന്നീ കവിതകൾ നമ്മുടെ ധർമബോധത്തിന്റെയും ദേശീയതാബോധത്തിന്റെയും ഉജ്ജ്വലമായ പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുന്നു എന്ന് അവതാരകൻ അവകാശപ്പെട്ടു. ‘പൊനം’ എന്ന കെ.എൻ. പ്രശാന്തിന്റെ പുതിയ നോവലിന്റെ വായനാനുഭവം പങ്കുവെച്ചത് ബീനയാണ്.

കേരള-കർണാടക അതിർത്തിയുടെ പശ്ചാത്തലത്തിൽ മനുഷ്യന്റെ ആർത്തി, പക എന്നിവയുടെ വന്യമായ ആവിഷ്‍കാരമാണ് നോവൽ. പുതുകാല കവിതയുടെ ഭാവുകത്വത്തെ വിശദീകരിച്ചുകൊണ്ട് എം. ഫൈസൽ ‘ലെനിനും വസന്തവും കാമവും’ എന്ന ശീർഷകത്തിലുള്ള ശ്രീകുമാർ കരിയാടിന്റെ കവിതാസമാഹാരത്തിന്റെ വായനാനുഭവം അവതരിപ്പിച്ചു.

അവതരിപ്പിക്കപ്പെട്ട പുസ്തകങ്ങളുടെ വിവിധ വശങ്ങൾ തുടർന്നുനടന്ന ചർച്ചയിൽ വിഷയമായി. വിശേഷിച്ച് കവിതയിലെ കാലസ്തംഭനം വന്ന വായനയും ചലനാത്മകമായ വായനയും തമ്മിലുള്ള വൈരുദ്ധ്യം പരിശോധിക്കപ്പെട്ടു. നിലവിലുള്ള ഭാവുകത്വത്തെയും സങ്കേതങ്ങളെയും പൊളിച്ചെഴുതുമ്പോൾ മാത്രമാണ് പുതിയ കല ഉണ്ടാകുന്നതെന്ന് ചർച്ചയിൽ സംസാരിച്ചവർ പറഞ്ഞു. അത് രചനയിൽ മാത്രമല്ല, വായനയിലും പ്രതിഫലിക്കണം. മലയാളത്തിൽ പുതിയ കവിത ഉണ്ടാകുന്നുണ്ട്. നമ്മുടെ കാലത്തിന്റെ നവസാമൂഹിക പദപ്രശ്നങ്ങളെ നിർദ്ധാരണം ചെയ്യാനുള്ള ഭാഷയും ഭാവവും രൂപവും അത് സ്വായത്തമാക്കുന്നുണ്ട്.

ഇതര സാഹിത്യ ശാഖകളെ സ്വീകരിക്കുന്ന വിധം കവിത സ്വീകരിക്കപ്പെടുന്നില്ല, സ്വീകരിക്കപ്പെടുകയും ജനപ്രിയമായി ആഘോഷിക്കപ്പെടുകയും ചെയ്യുന്നവ പലപ്പോഴും കവിതയുടെ ലേബലിലുള്ള സാധനങ്ങൾ മാത്രമാണെന്നും അഭിപ്രായം ഉയർന്നു. ചർച്ചയിൽ വിപിൻ കുമാർ, ടി.ആർ. സുബ്രഹ്മണ്യൻ, ശിഹാബ് കുഞ്ചീസ്, വിനയൻ എന്നിവർ പങ്കെടുത്തു. കൊമ്പൻ മൂസ മോഡറേറ്ററായിരുന്നു.

Tags:    
News Summary - Chilla Sargavedi with New Age poetry discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.