ചില്ല റിയാദ് പ്രതിമാസ വായനക്ക് ജോണി പനംകുളം തുടക്കം കുറിച്ചപ്പോൾ
റിയാദ്: കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങളെ നിരാകരിച്ചുകൊണ്ട് ജാതിമേന്മയിലും കുലമഹിമയിലും അധിഷ്ഠിതമായ പൊതുബോധം ശക്തിപ്പെടുകയാണെന്ന് റിയാദിലെ ചില്ല സർഗവേദിയുടെ പ്രതിമാസ വായന ചർച്ചാവേദി അഭിപ്രായപ്പെട്ടു. ‘ജാതി, കുലം, പൊതുബോധം’ എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ മലയാളിയുടെ ജനപ്രിയമേഖലകളിൽ വരെ ഈ പൊതുബോധം ആധിപത്യം പുലർത്തുന്നതായി ചൂണ്ടിക്കാട്ടി. സുരേഷ് ഗോപി അടക്കമുള്ളവർ ഒട്ടും ചരിത്ര-സാമൂഹികബോധമില്ലാതെ തട്ടിവിടുന്ന ജാതി-കുലമേന്മാ വാദങ്ങൾ സാധാരണക്കാരിലേക്ക് എളുപ്പം എത്തുന്നുണ്ടെന്ന വിലയിരുത്തലുണ്ടായി.
സംവാദത്തിന് മുന്നോടിയായി മൂന്ന് പുസ്തകാവതരണങ്ങൾ നടന്നു. പ്രശസ്ത ദലിത് എഴുത്തുകാരനും ചിന്തകനുമായ കാഞ്ച ഇളയ്യ രചിച്ച ‘ഗോഡ് ആസ് പൊളിറ്റിക്കൽ ഫിലോസഫർ: ബുദ്ധാസ് ചലഞ്ച് ടു ബ്രാഹ്മണിസം’ എന്ന കൃതിയുടെ സവിശേഷമായ ചിന്തകൾ പങ്കുവെച്ച് ജോണി പനംകുളം തുടക്കം കുറിച്ചു. ബുദ്ധനെയും നാരായണ ഗുരുവിനെയുമെല്ലാം അവതാരങ്ങളാക്കി, ദൈവങ്ങളാക്കി മാറ്റുന്ന ഇക്കാലത്ത് മനുഷ്യനും സമൂഹവും തമ്മിലുള്ള ബന്ധത്തെ നിർവചിച്ച സാമൂഹിക പരിഷ്കർത്താവും വിപ്ലവകാരിയുമായ ബുദ്ധന്റെ ചിന്തകൾ ഇളയ്യയുടെ കൃതിയിലൂടെ ജോണി സദസ്സുമായി പങ്കുവെച്ചു.
ജാതിവ്യവസ്ഥയെ വിമർശിച്ച ബുദ്ധൻ താഴ്ന്ന ജാതിക്കാരെ സംഘത്തിൽ ഉൾപ്പെടുത്തുകയും സ്ത്രീകൾക്ക് സംഘത്തിൽ മാന്യമായ സ്ഥാനം നൽകുകയും അവരിൽ ചിലരെ തന്റെ വിശ്വസ്ത ഉപദേശകരാക്കി മാറ്റുകയും ചെയ്തു. ജനാധിപത്യത്തിന്റെ പുരാതനമായ പ്രയോഗങ്ങൾ ബുദ്ധന്റെ സാമൂഹിക ഇടപെടലുകളിൽ കാണാൻ സാധിക്കും. ബുദ്ധനെ വെറുമൊരു ആത്മീയ തത്ത്വജ്ഞാനിയാക്കി ചുരുക്കുകയല്ല, മറിച്ച് വലിയ സാമൂഹിക ചാലകശക്തിയാക്കി സാർഥകമായ ആഖ്യാനം നൽകുകയാണ് ഇളയ്യ ചെയ്യുന്നതെന്ന് ജോണി വിശദീകരിച്ചു.
ഇന്ത്യയിലെ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും സമാധാന-നീതി പ്രവർത്തകനുമായ ഹർഷ് മന്ദർ എഴുതിയ ‘ഫാറ്റൽ ആക്സിഡന്റ്സ് ഓഫ് ബെർത്ത്’ എന്ന കൃതിയുടെ വൈകാരികമായ തലങ്ങൾ എം. ഫൈസൽ സദസ്സിൽ അവതരിപ്പിച്ചു. ഭീതിയിൽ കനത്തുനിൽക്കുന്ന വാർത്തമാനകാലത്തെ ഹൃദയത്തിന്റെ ആഴത്തിൽ കൊത്തുന്ന സംഭവങ്ങളുടെ വിവരണങ്ങൾ ഫൈസൽ പങ്കുവച്ചു.
സുരേഷ് ലാൽ അവതരിപ്പിച്ചത് സുനിൽ പി. ഇളയിടം എഴുതിയ ‘മൈത്രിയുടെ ലോകജീവിതം’ എന്ന കൃതിയുടെ വായനാനുഭവമാണ്. സാഹോദര്യം, മൈത്രി എന്നീ ആശയങ്ങളെ നമ്മുടെ സാമൂഹിക, ചരിത്രവിചാര ജീവിതത്തിന്റെ വിവിധ തലങ്ങളിലൂടെ പരിശോധിക്കുകയാണ് ഈ പുസ്തകം. ശ്രീനാരായണഗുരു, ഡോ. അംബേദ്കർ, ഗാന്ധിജി എന്നിവർ മുതൽ ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് വരെയുള്ള ചിന്തകരെ മുൻനിർത്തിയാണ് പുസ്തകം വിശകലനം നടത്തുന്നത്.
ജോമോൻ സ്റ്റീഫൻ വായനകളുടെ അവലോകനം നടത്തി. ചർച്ചയിൽ വിപിൻ കുമാർ, സരസൻ ബദിയ, റസൂൽ സലാം, സബീന എം. സാലി, റഫീഖ് പന്നിയങ്കര, വി.കെ. ഷഹീബ, നജിം കൊച്ചുകലുങ്ക്, അനിത്ര ജ്യോമി എന്നിവർ പങ്കെടുത്തു. നാസർ കാരക്കുന്ന് സംവാദത്തിൽ മോഡറേറ്ററായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.