‘എക്സോബോട്ട് കാറുകൾ' പരിചയപ്പെടാൻ മൊബൈൽ ഷോറൂം
റിയാദ്: സൗദി നാഷണൽ ഓട്ടോമൊബൈൽ കമ്പനിയായ 'സീർ' ദർഇയയിലെ ബുജൈരി ടെറസിൽ തങ്ങളുടെ ആദ്യത്തെ മൊബൈൽ സ്റ്റോർ ഉദ്ഘാടനം ചെയ്തു. സൗദിയിലുടനീളം സ്റ്റോറുകളുടെ ശൃംഖല നിർമ്മിക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ തുടക്കമായാണിത്.
സൗദിയിൽ അന്താരാഷ്ട്ര നിലവാരത്തിൽ രൂപകൽപ്പന ചെയ്ത സെഡാൻ, എസ്.യു.വി വിഭാഗങ്ങളിലുള്ള ‘എക്സോബോട്ട്’ കാറുകൾ ഈ മൊബൈൽ സ്റ്റോറിൽ പ്രദർശിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി.സൗദിയിലെയും ഈ മേഖലയിലെയും സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്ത നൂതന സാങ്കേതികവിദ്യകളും മികച്ച പ്രകടനവും ഒത്തിണങ്ങിയ ‘എക്സോബോട്ട് - ആദ്യ പതിപ്പ്’എന്ന ലിമിറ്റഡ് എഡിഷൻ കാറുകൾ നേരിട്ടുകാണാനും ബുക്കിങിനായി അപേക്ഷിക്കാനും പൊതുജനങ്ങൾക്കും താൽപ്പര്യമുള്ളവർക്കും ഈ മൊബൈൽ സ്റ്റോർ അവസരം ഒരുക്കുന്നുണ്ടെന്ന് കമ്പനി പറഞ്ഞു. സൗദിയിൽ കാർ നിർമാണ വ്യവസായം കെട്ടിപ്പടുക്കുന്നതിനുള്ള 'സീർ' കമ്പനിയുടെ യാത്രയിലെ പുതിയൊരു നാഴികക്കല്ലാണ് ഈ ഉദ്ഘാടനമെന്ന് 'സീർ' കമ്പനി കൊമേഴ്സ്യൽ ഹെഡ് ലോയ് അൽശുറഫ വ്യക്തമാക്കി.
സൗദി ചരിത്രത്തിൽ ആഴത്തിലുള്ള വേരോട്ടമുള്ളതും സാംസ്കാരിക പൈതൃകത്തിന്റെയും ദേശീയ അഭിമാനത്തിന്റെയും പ്രഭവകേന്ദ്രവുമായ ദർഇയയെ ഉപഭോക്താക്കളുമായുള്ള കമ്പനിയുടെ തുടക്കകേന്ദ്രമായി തിരഞ്ഞെടുത്തത് അതുകൊണ്ടാണ്. പഴയകാല പൈതൃകവും ഭാവിയുടെ സ്വപ്നങ്ങളും സംഗമിക്കുന്ന ഇവിടെ നിന്നാണ് കമ്പനി ‘എക്സോബോട്ട്’ നേരിട്ട് ഉപഭോക്താക്കൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതെന്നും അൽശുറഫ പറഞ്ഞു.
സൗദിയിലെ ആദ്യ ഇലക്ട്രിക് കാർ ‘എക്സോബോട്ട്’ വിതരണം ചെയ്യുന്നത് അടുത്ത വർഷം ആദ്യ പാദത്തിന്റെ അവസാനത്തിലോ അല്ലെങ്കിൽ രണ്ടാം പാദത്തിന്റെ തുടക്കത്തിലോ ആയിരിക്കുമെന്നും അൽശുറഫ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.