'ലിബറല്‍ സൂഫിസം വിശ്വാസ രംഗത്ത് വൈകല്യങ്ങള്‍ സൃഷ്ടിക്കും'; ഡോ. ഹുസൈന് മടവൂര്‍
ജുബൈൽ: ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസ സംഹിത തൗഹീദാണെന്നും, ആധികാരിക പ്രമാണങ്ങള്‍ ഖുര്‍ആനും പ്രവാചക സുന്നത്തുമാണെന്നും അവക്ക് വിരുദ്ധമായി കാലാകാലങ്ങളില്‍ കടന്നുവരുന്ന ലിബറല്‍ സൂഫിസം പോലുള്ള നൂതന ചിന്താഗതികള്‍ വിശ്വാസ രംഗത്ത് വൈകല്യങ്ങള്‍ സൃഷ്ടിക്കുമെന്നും കെ.എന്‍.എം വൈസ് പ്രസിഡന്റ് ഡോ.ഹുസൈന് മടവൂര്‍ പ്രസ്താവിച്ചു. സൗദി ഈസ്റ്റേണ്‍ പ്രൊവിന്‍സ് ഇന്ത്യന്‍ ഇസ്ലാഹീ സെന്ററുകള്‍ സംയുക്തമായി അല്‍കോബാര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതനിരാസവും, ലിബറല്‍ ചിന്താഗതിയും, കുത്തഴിഞ്ഞ ലൈംഗികതയും സജീവമാകുന്ന ഇക്കാലത്ത് ഇസ്ലാമിന്റെ മൗലിക വിശ്വാസങ്ങളെയും ആരാധനകളെയും വികൃതമായി പ്രകടിപ്പിക്കുന്ന നവ സ്വതന്ത്ര സൂഫിസവും തലയുയര്‍ത്തുന്നുണ്ട്.
അതിന്നെതിരില്‍ പ്രാമാണികമായ പ്രതിരോധവും ജാഗ്രതയോടെയുള്ള പ്രബോധനവും അനിവാര്യമാണ്.
ഖുര്‍ആന്‍ നിഷ്കര്‍ഷിക്കുന്ന ശരീഅ നിയമങ്ങളെ അനുഷ്ഠിച്ചുകൊണ്ടുള്ള ജീവിതത്തിലാണ് സമാധാനവും പരലോക വിജയവുമുള്ളത്. ഖുര്‍ആനും സുന്നത്തുമാണ് ഭരണഘടനയെന്നും തൗഹീദാണ് വിശ്വാസ സംഹിത യെന്നും പ്രഖ്യാപിച്ച സൗദി ഭരണകൂടത്തിന്റെ തണലിലാണ് നമ്മുടെ പ്രവാസ ജീവിതം. നാനാ ദിക്കുകളില്‍ നിന്നും അനവധി മുസ്ലിംകള് സദാ ലക്ഷ്യം വെച്ചെത്തുന്ന രണ്ട് പവിത്ര മസ്ജിദുകളുള്ള ഈ മണ്ണില്‍ പ്രവാസി സഹോദരങ്ങള്‍ക്ക് ഇസ്ലാമിന്റെ ആദര്‍ശം പകര്‍ന്നു നല്കുന്നതില് ഇസ്ലാഹി സെന്ററുകളുടെ സജീവ ശ്രദ്ധയുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം റിയാദില്‍ വെച്ച് സംഘടിപ്പിച്ച ദ്വിദിന ഗ്ലോബല്‍ സി.എസ്.ആർ ഫോറത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഡൽഹിയിലെ ഹ്യുമൺ റിസോഴ്സ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ (എച്ച്.ആർ.ഡി.എഫ്) ചെയർമാൻ കൂടിയായ ഡോ. ഹുസൈന് മടവൂര്‍. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഈസ്റ്റേണ്‍ പ്രൊവിന്‍സ് കമ്മിറ്റി പ്രസിഡന്റ് സകരിയ്യ മങ്കട ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
നാഷനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മുഹമ്മദ് കബീര്‍ സലഫി സ്വാഗതവും കോബാര്‍ ഹിദായ ജാലിയാത്ത് പ്രബോധകന് അജ്മല്‍ മദനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.