മനോജ് കാലടി ജുബൈൽ ഒ.ഐ.സി.സിയുടെ ആദരം ഏറ്റുവാങ്ങുന്നു
പ്രവാസ നാടകവേദികളിൽ ശ്രദ്ധേയനായി മനോജ് കാലടി; കലാരംഗത്തെ മികവിന് ജുബൈൽ ഒ.ഐ.സി.സിയുടെ ആദരം
ജുബൈൽ: പ്രവാസി നാടകരംഗത്തും ഏകപാത്ര നാടക അവതരണത്തിലും നൽകിയ മികച്ച സംഭാവനകൾ കണക്കിലെടുത്ത് കാഥികനും കവിയുമായ മനോജ് കാലടിയെ ഒ.ഐ.സി.സി ജുബൈൽ ഏരിയ കമ്മിറ്റി ആദരിച്ചു. ഓണം - സൗദി ദേശീയ ദിന ആഘോഷപരിപാടികളുടെ ഭാഗമായി സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് സംഘടനയുടെ ഉപഹാരം ജുബൈൽ ഒ.ഐ.സി.സി പ്രസിഡന്റ് നജീബ് നസീർ മനോജിന് സമ്മാനിച്ചു. കേരള ഗവണ്മെന്റ് ആരംഭിച്ച ‘ഓപ്പറേഷൻ തുഫാൻ’ ലഹരി വിരുദ്ധ ഓപ്പറേഷന് പിന്തുണയുമായി ജുബൈൽ ഒ.ഐ.സി.സി നടത്തി വരുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി മനോജ് കാലടിയുടെ 'രണ്ടാമൂഴം' എന്ന ഏകപാത്ര നാടകവും അരങ്ങേറി.
ജുബൈൽ ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി വിൽസൺ പാനായിക്കുളം സ്വാഗതവും ട്രഷറർ അരുൺ കല്ലറ നന്ദിയും പറഞ്ഞു. ശിഹാബ് കായംകുളം, വിൽസൺ തടത്തിൽ, ,ലിബി ജെയിംസ് , അജ്മൽ താഹ , പ്രോഗ്രാം കമ്മിറ്റി കൺവീനർ അൻഷാദ് ആദം, ഷമീം, വൈശാഖ്, മനോജ്, ഷാജിദ് കാക്കൂർ, നിതിൻ, ജെയിംസ് കൈപ്പള്ളിൽ , എൻ.പി.റിയാസ്, നജുമുനിസ്സ റിയാസ്, ദിവ്യ മനോജ് , പ്രിയ അരുൺ , ഷലൂജ ശിഹാബ്, ജ്യോതിഷ്, അനിൽ കണ്ണൂർ , അബ്ദുൽ റഷീദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
മനോജിന്റെ ഏറ്റവും പുതിയ നാടകമായ 'ഇന്നലെ പെയ്തമഴയിൽ' 2026 ഒക്ടോബർ ഒമ്പതിന് അരങ്ങിലെത്തും. 'ചാവുനിലങ്ങൾ' എന്ന മറ്റൊരു നാടകവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ലഹരിവിപത്തിനെതിരെ പ്രവാസി സമൂഹത്തിൽ ജാഗ്രത വളർത്തുക എന്ന ലക്ഷ്യത്തോടെ ബാബു പള്ളാശ്ശേരിയുടെ രചനയിൽ പുറത്തിറങ്ങിയ 'രണ്ടാമൂഴം' എന്ന ഏകപാത്ര നാടകം സൗദിയിലും നാട്ടിലുമായി ഇതിനകം നിരവധി വേദികളിൽ അവതരിപ്പിച്ചു കഴിഞ്ഞു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും തിളങ്ങിയ യുവാവിന്റെ ജീവിതം ലഹരിമൂലം തകരുന്നത് പ്രമേയമാക്കിയ നാടകം ലഹരിയുടെ ആപത്തുകൾ ആഴത്തിൽ വരച്ചുകാട്ടുന്നുണ്ട്.
കഥാപ്രസംഗ രംഗത്തുനിന്നാണ് മനോജിന്റെ കലാസഞ്ചാരത്തിന്റെ തുടക്കം. സ്കൂൾ പഠനകാലത്ത് അഞ്ചാം ക്ലാസിൽ 'ചങ്ങാലിപ്രാവ്', ഹൈസ്കൂൾ തലത്തിൽ 'സോളമൻ രാജാവിന്റെ നീതിക്കായി വാഴുന്നത്' എന്നീ കഥാപ്രസംഗ ങ്ങൾ അവതരിപ്പിച്ചാണ് കലാരംഗത്ത് ശ്രദ്ധേയനായത്. തുടർന്ന് ശിവരാത്രി ദിനത്തിൽ നാട്ടിലെ ക്ഷേത്രത്തിൽ കഥാപ്രസംഗം അവതരിപ്പിക്കാൻ അവസരം ലഭിച്ചതോടെയാണ് ഈ മേഖലയിൽ സജീവമാകുന്നത്. നിത്യജീവിതാനുഭവങ്ങളെ ആസ്പദമാക്കി കവിതകളും എഴുതാറുള്ള ഇദ്ദേഹത്തി ന്റെ 'ശില പിളർത്തുന്ന വേരുകൾ' എന്ന കവിതാ സമാഹാരം 2023-ൽ പ്രസിദ്ധീകരിച്ചിരുന്നു.
കേരള ആർട്ടിസ്റ്റ് ആൻഡ് റൈറ്റേഴ്സ് വൈലോപ്പിള്ളി സ്ട്രീറ്റ് ഫെലോഷിപ്പ്, ഓൾ ഇന്ത്യ ഫാർമസിസ്റ്റ് അസോസിയേഷൻ സെൻട്രൽ കമ്മിറ്റിയുടെ അക്ഷരരത്ന പുരസ്കാരം, ആശ്രയ കാസർകോട് അക്ഷരദീപം പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ മനോജിന് ലഭിച്ചിട്ടുണ്ട്. മലപ്പുറം എടപ്പാൾ കാലടി സ്വദേശിയായ മനോജ്, ജുബൈൽ ജിദ്ദ സ്ട്രീറ്റിലെ 'അൽ റയാൻ കർട്ടൻസ്' എന്ന സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. വിദ്യയാണ് ഭാര്യ. വിദ്യാർഥിനിയായ അമേയ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.