അസീറിലെ കാപ്പിത്തോട്ടത്തിൽ നിന്ന്
അസീറിലെ മലനിരകൾ സൗദിയുടെ മുഖ്യ കാപ്പി ഉൽപാദനകേന്ദ്രമായി വളരുന്നു
ജിദ്ദ: സൗദി അറേബ്യയിലെ അസീർ മേഖലയിൽ തലമുറകളായി തുടർന്നുപോരുന്ന കാർഷിക പാരമ്പര്യമെന്ന നിലയിൽ കാപ്പിക്കൃഷി ഒരു പ്രധാന നാണ്യ വിളയായി വളരുകയാണ്. ഇവിടുത്തെ മലനിരകളിലെ തട്ടുകളായുള്ള കൃഷിയിടങ്ങൾ, താഴ്വരകൾ, ചെരിഞ്ഞ മലമ്പ്രദേശങ്ങൾ എന്നിവിടങ്ങളിലായി ആയിരക്കണക്കിന് കൃഷിയിടങ്ങളും ലക്ഷക്കണക്കിന് കാപ്പി മരങ്ങളും ഇവിടെ വ്യാപിച്ചുകിടക്കുന്നു. 2022 നും 2025 നും ഇടയിൽ അസീറിൽ 6,34,000 ത്തിലധികം കാപ്പി മരങ്ങൾ നട്ടുപിടിപ്പിച്ചതയാണ് ഔദ്യോഗിക കണക്ക്. തെക്ക് അൽ ഫർഷ, തിഹാമ, ഖഹ്താൻ എന്നിവിടങ്ങളിൽ തുടങ്ങി മലയോര പ്രദേശങ്ങളിലെ വിവിധ ഇടങ്ങളിലേക്ക് വരെ നീളുന്നതാണ് ഈ കൃഷിമേഖല.
അസീറിലെ വ്യത്യസ്ത ഉയരത്തിലുള്ള ഭൂപ്രദേശം, മിതമായ താപനില, മഴ, ഫലഭൂയിഷ്ഠമായ മണ്ണ് എന്നിവ കാപ്പി മരങ്ങളുടെ വളർച്ചക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നു. കർഷകർ തങ്ങളുടെ പഴയ മരങ്ങളെയും പരമ്പരാഗത കൃഷിരീതികളെയും സംരക്ഷിച്ചുപോരുന്നു. കാർഷിക അറിവുകൾ ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് കൈമാറുകയും ചെയ്യുന്നു.
അസീറിലെ കാപ്പിത്തോട്ടങ്ങളിൽ നിന്നുള്ള ദൃശ്യം
സൗദിയുടെ കാപ്പി ഉൽപ്പാദന ഭൂപടത്തിൽ അസീറിനുള്ള സുപ്രധാന സ്ഥാനം പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2,43,000 ത്തിലധികം വിളവ് നൽകുന്ന കാപ്പി മരങ്ങൾ ഈ മേഖലയിലുണ്ട്. ഇവയിൽ നിന്ന് പ്രതിവർഷം 175 ടണ്ണിലധികം ശുദ്ധമായ കാപ്പി ഉൽപ്പാദിപ്പിക്കപ്പെടുന്നു.
14 ഗവർണറേറ്റുകളിലായി 7,000 ഹെക്ടറിലധികം സ്ഥലത്ത് കൃഷി ഇപ്പോൾ വ്യാപിച്ചിട്ടുണ്ട്. സജീവമായ കൃഷിയിടങ്ങളുടെ എണ്ണം 1,400 കടന്നു.
അസീറിലെ കാപ്പിത്തോട്ടങ്ങളിൽ നിന്നുള്ള ദൃശ്യം
സാമ്പത്തിക-വികസന സാധ്യതകളുള്ള ഒരു വിളയെന്ന നിലയിൽ കാപ്പിയോടുള്ള ജനങ്ങളുടെ വർദ്ധിച്ചുവരുന്ന താൽപ്പര്യമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. സൗദി വിഷൻ 2030 ന്റെ ഭാഗമായി തദ്ദേശീയമായ കാപ്പി ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി വലിയ രീതിയിലുള്ള പിന്തുണയാണ് സൗദി കാർഷിക മന്ത്രാലയം കാപ്പി കർഷകർക്ക് നൽകിവരുന്നത്.
രാജ്യത്തിൻറെ കാപ്പി മേഖലയെ വികസിപ്പിക്കുക, കർഷകർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കി വേണ്ട പ്രോത്സാഹനം നൽകുക, ഉൽപ്പാദന നിലവാരം മെച്ചപ്പെടുത്തുക, പ്രാദേശിക വിളകളുടെ സാമ്പത്തിക മൂല്യം വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള വിപുലമായ പ്രവർത്തനങ്ങളാണ് ഇപ്പോൾ അധികൃതർ നടപ്പിലാക്കി വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.