ജിദ്ദ: സാധാരണക്കാരായ പ്രവാസികളെയും ഇൗരംഗത്ത് ജോലി ചെയ്യുന്നവരെയും ബാധിക്കുന്ന കാർഗോ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്ന് ജിദ്ദ കാർഗോ അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്ര സർക്കാരിലും ബന്ധപ്പെട്ട മന്ത്രാലയങ്ങളിലും നിവേദനം നൽകും.ജൂലൈ ഒന്നിനാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ജി.എസ്.ടിയുടെ മറവിൽ കാർഗോക്ക് മേൽ നിയന്ത്രണം വന്നത്. ഓരോ വിദേശ ഇന്ത്യക്കാരനും നാട്ടിലേക്ക് സൗജന്യമായി 20,000 രൂപ വരെയുള്ള സാധനങ്ങൾ അയക്കാമായിരുന്നു. ഇൗ സംവിധാനം കേന്ദ്ര സർക്കാർ നിർത്തലാകുകയും പകരം ജി.എസ്.ടി ഇനത്തിൽ 41 ശതമാനം നികുതി ഈടാക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഇതു മൂലം ഗൾഫിലെ കാർഗോരംഗം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്.
ദിവസേനെ ശരാശരി 300 ടൺ കാർഗോയാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്നായി കയറ്റി അയക്കപ്പെടുന്നത്.
നേരിട്ടും അല്ലാതെയും രണ്ടു ലക്ഷത്തോളം പേർ ഈ മേഖലയിൽ ജോലിചെയ്തു വരുന്നു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് എല്ലാ ഗൾഫ് നാടുകളിലും പ്രവർത്തിക്കുന്ന കാർഗോ കമ്പനികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി വിപുലമായ കൂട്ടായ്മ ഉണ്ടാക്കുകയാണ് ലക്ഷ്യം. അതാത് ഗൾഫ് രാജ്യങ്ങളിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന വരെ പങ്കെടുപ്പിച്ച് ഓരോ കമ്മിറ്റി ക്ക് രൂപം നൽകാനും തീരുമാനിച്ചു. പ്രസിഡൻറ് പി.പി ആലിപ്പു, ജനറൽ സെക്രട്ടറി മുഹമ്മദ് അഹമ്മദ്, ട്രഷറർ ബാവ, മീഡിയ കോർഡിനേറ്റർ സിയാദ് കൂടിയത്ത് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.