ജിദ്ദ: കോവിഡ് കാരണം പെട്ടെന്ന് നാട്ടിലേക്ക് തിരിച്ചുപോകേണ്ട ഇന്ത്യക്കാരുടെ യാത്രാചെലവിനും മറ്റും എംബസിക്ക് കീഴിലുള്ള കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിക്കാനാവില്ലെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് അറിയിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സാധാരണഗതിയിൽ വിദേശ രാജ്യത്ത് പ്രയാസപ്പെടുന്ന ഇന്ത്യക്കാരെ സഹായിക്കാനുള്ളതാണ് കമ്യൂണിറ്റി വെൽഫെയർ ഫണ്ട്. ദുരിതമനുഭവിക്കുന്ന അത്യാവശ്യക്കാർക്ക് ഭക്ഷണം എത്തിക്കൽ, ചികിത്സ നൽകൽ, മൃതദേഹം നാട്ടിലെത്തിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കാണ് ഈ ഫണ്ട് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ നാട്ടിലേക്ക് മടങ്ങുന്നവർ സ്വന്തം നിലക്കോ തങ്ങളുടെ തൊഴിൽ ദാതാക്കൾ മുഖേനയോ വിമാന ടിക്കറ്റ് വഹിക്കേണ്ടതുണ്ട്. ഈ ഇനത്തിൽ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് വിനിയോഗിക്കാൻ സാധിക്കില്ല.
നിലവിൽ കോവിഡ് കാരണം സൗദിയിലുണ്ടായ നിയന്ത്രണങ്ങളാൽ പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാർക്ക് വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ എംബസിക്കു കീഴിലും കോൺസുലേറ്റിന് കീഴിലും ഭക്ഷണ വിതരണം നടക്കുന്നുണ്ട്. സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ച 21 ഇന്ത്യക്കാരിൽ ചില മൃതദേഹങ്ങൾ സംസ്കരിച്ചതായും ബാക്കിയുള്ളതും സൗദിയിൽ തന്നെ സംസ്കരിക്കുമെന്നും അംബാസഡർ അറിയിച്ചു. ഇവരുടെ ബന്ധുക്കൾ ആരും തന്നെ മൃതദേഹം നാട്ടിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല.
സൗദിയിലെ ജയിലുകളിൽ വിവിധ കേസുകളിലായി നിലവിൽ 300 ഇന്ത്യക്കാർ ഉണ്ട്. ഇവരുടെ മോചനം നടക്കുന്ന മുറയ്ക്ക് നാട്ടിലെത്തിക്കാൻ ആവശ്യമായ രേഖകൾ അധികാരികൾക്ക് കൈമാറുമെന്നും അംബാസഡർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.