മലപ്പുറം ജില്ല കെ.എം.സി.സി ‘കാലിഫ്’ മാപ്പിള കലോത്സവം ഉദ്ഘാടന ചടങ്ങിൽനിന്ന്
റിയാദ്: കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ‘കാലിഫ്’ മാപ്പിള കലോത്സവത്തിന് ബത്ഹയിലെ നൂർ ഓഡിറ്റോറിയത്തിൽ തുടക്കമായി. ‘സ്വത്വം, സമന്വയം, അതിജീവനം’ എന്ന പ്രമേയത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ‘ദ വോയേജ്’ സംഘടനാ ശക്തീകരണ കാമ്പയിന്റെ ഭാഗമായുള്ള ‘കാലിഫ്’ കലയുടെ കാഴ്ചകൾ എന്ന ലിറ്ററേച്ചർ ആൻഡ് കൾച്ചറൽ ഫെസ്റ്റ് റിയാദിന് പുതിയൊരനുഭവമാകും. മലപ്പുറത്തിന്റെ തനത് പൈതൃകം, കല, സാഹിത്യം, സൗഹാർദം എന്നിവ പ്രവാസലോകത്ത് ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കലോത്സവം സംഘടിപ്പിക്കുന്നത്.
സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഉസ്മാൻ പാലത്തിങ്ങൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു. കാലിഫ് ലോഗോ പ്രകാശനം റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര മുഹമ്മദ് വേങ്ങരക്ക് നൽകി നിർവഹിച്ചു. മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജില്ലാ സെക്രട്ടറി ഫസൽ പുറങ്ങിന് ചടങ്ങിൽ പ്രസിഡൻറ് ഷൗക്കത്ത് കടമ്പോട്ട് ഉപഹാരം സമ്മാനിച്ചു. ‘കാലിഫ് 2025’ ഡയറക്ടർ ഷാഫി തുവ്വൂർ പരിപാടിയുടെ സന്ദേശവും വിശദാംശങ്ങളും സദസിനെ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന 16 നിയോജക മണ്ഡലങ്ങൾ മാറ്റുരച്ച മുദ്രാവാക്യം വിളി മത്സരം ആവേശകരമായ ഒരനുഭവമായിരുന്നു. വിഷയബന്ധിതമായ മുദ്രാവാക്യങ്ങളാൽ ഓരോ ടീമും തങ്ങളുടെ മികവ് തെളിയിച്ചു. മെയ് മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന ‘കാലിഫ് 2025’ൽ കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കുമായി 15 ഓളം തനത് മാപ്പിളകല മത്സരങ്ങൾ റിയാദിലെ വിവിധ വേദികളിൽ അരങ്ങേറും.
അന്യംനിന്ന് പോകുന്ന മാപ്പിള കലകളുടെ സൗരഭ്യം പ്രവാസലോകത്ത് എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. തനത് മാപ്പിളപ്പാട്ടുകൾ, പ്രവാചക മദ്ഹ് ഗാനങ്ങൾ, ഒപ്പന, കഥപറച്ചിൽ, പ്രസംഗം, രചന മത്സരങ്ങൾ, ചിത്രകല, മെഹന്തി ഫെസ്റ്റ് തുടങ്ങിയ വൈവിധ്യമാർന്ന ഇനങ്ങൾ കലോത്സവത്തിൽ ഉൾപ്പെടുന്നു. ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ശേഷം നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ ബുക്ക് ഫെസ്റ്റ്, പാനൽ ചർച്ചകൾ, സാംസ്കാരിക പരിപാടികൾ, മാപ്പിള കലകളുടെ പ്രദർശനം, എക്സിബിഷൻ എന്നിവയും ഉണ്ടായിരിക്കും.
ഓർഗനൈസിങ് സെക്രട്ടറി മുനീർ മക്കാനി, കാലിഫ് ടെക്നിക്കൽ സമിതി അംഗം നവാസ് കുറുങ്കാട്ടിൽ, ഷാജഹാൻ വള്ളിക്കുന്ന്, ബഷീർ ഇരുമ്പുഴി, ഷമീം എടപ്പറ്റ, നാസർ മംഗലത്ത്, യൂനുസ് സലീം, നൗഫൽ ചാപപ്പടി, ഷാഫി വെട്ടിക്കാട്ടിരി, ടി.ടി. അഷറഫ്, സിദ്ദിഖ് കോനാരി, ഷറഫു വള്ളിക്കുന്ന്, കലാം മാട്ടുമ്മൽ, നസീർ കണ്ണീരി, അമീറലി, കലാം മാട്ടുമ്മൽ, ജില്ല ഭാരവാഹികളായ സഫീർ ഖാൻ വണ്ടൂർ, അർഷദ് ബാഹസ്സൻ, യൂനുസ് നാനാത്ത്, സലാം മഞ്ചേരി, മജീദ് മണ്ണാർമല, ഷരീഫ് അരീക്കോട്, ഫസലു പൊന്നാനി, ഇസ്മാഈൽ താനൂർ, നൗഫൽ താനൂർ, റഫീഖ് ചെറുമുക്ക്, ശക്കീൽ തിരൂർക്കാട് എന്നിവർ പരിപാടി നിയന്ത്രിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ് സ്വാഗതവും ട്രഷറർ മുനീർ വാഴക്കാട് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.