‘ബോൺകഫെ’ സൗദി വിപണിയിൽ ഇറക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ റാകോ ഹോൾഡിങ്​ സി.ഇ.ഒയും ചെയർമാനുമായ റഹീം പട്ടർക്കടവനും ബോൺകഫെ മിഡിൽ ഈസ്​റ്റ്​ മാനേജിങ്​ ഡയറക്ടർ അപർണ ബാരറ്റോയും ഒപ്പുവെക്കുന്നു

‘ബോൺകഫെ’ ഇനി സൗദിയിലും, റാകോ ഹോൾഡിങ്ങുമായി കരാർ ഒപ്പിട്ടു

ജിദ്ദ: ലോകപ്രശസ്ത കോഫി ബ്രാൻഡായ ‘ബോൺകഫെ’ സൗദി അറേബ്യൻ വിപണിയിലേക്ക് ചുവടുവെക്കുന്നു. അന്താരാഷ്​ട്ര കോഫി ഭീമന്മാരായ മാസിമോ സനെറ്റി ബിവറേജ് ഗ്രൂപ്പി​ന്റെ കീഴിലുള്ള ബോൺകഫെ മിഡിൽ ഈസ്​റ്റ്​, പ്രമുഖ നിക്ഷേപ സ്ഥാപനമായ റാകോ ഹോൾഡിങ്ങുമായി ചേർന്നാണ് സൗദിയിൽ പ്രവർത്തനം ആരംഭിക്കുന്നത്.

‘ബോൺഅറേബ്യ കെ.എസ്.എ’ എന്ന പേരിലായിരിക്കും ഈ സംയുക്ത സംരംഭം സൗദി വിപണിയിൽ അറിയപ്പെടുക. റാകോ ഹോൾഡിങ്​ സി.ഇ.ഒയും ചെയർമാനുമായ റഹീം പട്ടർക്കടവനും ബോൺകഫെ മിഡിൽ ഈസ്​റ്റ്​ മാനേജിങ്​ ഡയറക്ടർ അപർണ ബാരറ്റോയും ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു. യു.എ.ഇയിലെ കോഫി വിപണിയിൽ ഗുണനിലവാരം കൊണ്ടും മികച്ച സേവനം കൊണ്ടും വലിയ പാരമ്പര്യമുള്ള ബോൺകഫെ, അതേ വിജയം സൗദിയിലും ആവർത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

ഈ പങ്കാളിത്തത്തിലൂടെ ബോൺകഫെ, സെഗാഫ്രെഡോ തുടങ്ങിയ ആഗോളതലത്തിൽ ശ്രദ്ധേയമായ കോഫി ബ്രാൻഡുകൾ ഇനി സൗദി ഉപഭോക്താക്കൾക്കും ലഭ്യമാകും. റാകോ ഹോൾഡിങ്ങിന് സൗദി വിപണിയിലുള്ള ശക്തമായ സ്വാധീനവും പരിചയസമ്പത്തും ബോൺഅറേബ്യയുടെ വളർച്ചക്ക്​ കരുത്തേകും. പ്രീമിയം കോഫി ഉൽപന്നങ്ങൾക്കൊപ്പം പ്രഫഷനൽ കോഫി മെഷീനുകളും അനുബന്ധ സേവനങ്ങളും കമ്പനി വിപണിയിലെത്തിക്കും.

ലോകമെമ്പാടും 110-ഓളം രാജ്യങ്ങളിൽ സാന്നിധ്യമുള്ള ഗ്രൂപ്പാണ് മാസിമോ സനെറ്റി. യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലായി 18 നിർമാണ യൂനിറ്റുകളും 50-ലധികം രാജ്യങ്ങളിലായി 230 കോഫി ഷോപ്പുകളും ഇവർക്കുണ്ട്. 40-ലധികം അന്താരാഷ്​ട്ര ബ്രാൻഡുകൾ കൈകാര്യം ചെയ്യുന്ന ഈ ഗ്രൂപ് കാപ്പി ശേഖരണം മുതൽ വിതരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ആഗോള നിലവാരം പുലർത്തുന്നു. സൗദിയിലെ അതിവേഗം വളരുന്ന ഹോസ്പിറ്റാലിറ്റി മേഖലയെയും മാറുന്ന ഉപഭോക്തൃ താൽപ്പര്യങ്ങളെയും കണക്കിലെടുത്താണ് കമ്പനിയുടെ ഈ നീക്കം. പ്രീമിയം കോഫിക്ക് പുറമെ ചായ, കൊക്കോ, ചോക്ലേറ്റ്, സ്പൈസസ് എന്നിവയും ഈ സംരംഭത്തിലൂടെ വിപണിയിലെത്തും.

Tags:    
News Summary - ‘Boncafe’ now in Saudi Arabia, signs agreement with Raco Holding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.