പ്രവാസി കുടുംബാംഗങ്ങളുടെ വിരലടയാളം രജിസ്റ്റർ ചെയ്യണമെന്നാവർത്തിച്ച് മുന്നറിയിപ്പുമായി സൗദി ജവാസാത്ത്

യാംബു: പ്രവാസി കുടുംബാംഗങ്ങളുടെ ബയോമെട്രിക് വിരലടയാളം രജിസ്റ്റർ ചെയ്യണമെന്ന ആവർത്തിച്ച മുന്നറിയിപ്പുമായി സൗദി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പാസ്‌പോർട്ട്സ് (ജവാസാത്ത്) അധികൃതർ. കുടുംബത്തിലെ ആറ് മുതൽ വയസുള്ള മുഴുവന്‍ അംഗങ്ങളും വിരലടയാളം രജിസ്റ്റര്‍ ചെയ്യണം. എങ്കില്‍ മാത്രമേ അവരുടെ താമസ രേഖയുമായി ബന്ധപ്പെട്ടും യാത്രാ നടപടികൾ പൂർത്തിയാക്കാനും കഴിയൂവെന്ന് ജവാസാത്ത് മുന്നറിയിപ്പ് നൽകി.

നിയമം നേരത്തേ നിലവിലുണ്ടെങ്കിലും ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ശക്തമായ നിര്‍ദ്ദേശവുമായി ജവാസാത്ത് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. സുരക്ഷാ കരണങ്ങളാലും പ്രവാസി കുടുംബാംഗങ്ങളുടെ താമസം നിയമ വിധേയമാക്കുന്നതിനും വിരലടയാളം ഇനിയും രജിസ്റ്റർ ചെയ്യാത്തവർ എത്രയും വേഗം രജിസ്റ്റർ പൂർത്തിയാക്കാൻ ജവാസാത്ത് അഭ്യർത്ഥിച്ചു.

മുഴുവൻ പ്രവാസികൾക്കും രാജ്യത്ത് സന്ദർശനം നടത്തുന്നവർക്കും തീർഥാടകർക്കും ബയോമെട്രിക് വിരലടയാളം രജിസ്റ്റർ ചെയ്യുന്നത് സൗദി അറേബ്യ നേരത്തേ നിർബന്ധമാക്കിയതാണ്. നടപടി പൂർത്തിയാക്കാൻ പാസ്പോർട്ട് വകുപ്പിനെയോ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച സെൽഫ് സർവിസ് രജിസ്‌ട്രേഷൻ സ്റ്റേഷനെയോ ആണ് സമീപിക്കേണ്ടതെന്നും ജവാസാത്ത് അറിയിച്ചു. താമസ രേഖ (ഇഖാമ), റീ എൻട്രി, എക്സിറ്റ് വിസ എന്നിവയുടെ നടപടികൾ പൂർത്തിയാക്കാൻ വിരലടയാളം നിർബന്ധമായും രജിസ്റ്റർ ചെയ്യണം.

2014 മുതൽ ഹജ്ജ് തീർത്ഥാടനം നടത്തുന്നവർക്കും പിന്നീട് ഉംറ നിർവഹിക്കാൻ എത്തുന്ന വിദേശികൾക്കും സന്ദർശകർക്കും ഇത് നിർബന്ധമാക്കി. 3.4 കോടിയിലേറെ ജനസംഖ്യയുള്ള സൗദിയിൽ ഒരു കോടി വിദേശികളാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്ത് കഴിയുന്ന വിദേശികളുടെ കൃത്യമായ കണക്കുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യവും ജവാസാത്ത് നടപടികൾ കർക്കശമാക്കുന്നതിലൂടെ സാധിക്കുമെന്നും അധികൃതർ കണക്കു കൂട്ടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.