സന്നദ്ധ പ്രവർത്തകരുടെ കനിവിൽ ബിഹാർ സ്വദേശി നാടണഞ്ഞു

ജിദ്ദ: സന്നദ്ധ പ്രവര്‍ത്തകരുടേയും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും ഇടപെടലിലൂടെ ബിഹാര്‍ സ്വദേശിയായ വീരേന്ദ്ര ഭഗത് പ്രസാദിന് ഉറ്റവരുടെ അടുത്തേക്കുള്ള യാത്രക്ക് വഴിയൊരുങ്ങി. പക്ഷാഘാതം വന്ന് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ടര വര്‍ഷത്തോളമായി ഒരേ കിടപ്പിലായിരുന്നു ഇദ്ദേഹം.

ഏറ്റെടുക്കാനോ നാട്ടിലേക്ക് കൊണ്ടുപോകാനോ ആളില്ലാതെ പ്രയാസപ്പെട്ട ഇദ്ദേഹത്തിന്റെ ദുരിതം പുറത്തുവന്നതോടെ ജിദ്ദ കേരള പൗരാവലിയാണ് വിഷയത്തില്‍ ഇടപെട്ടത്. ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് എല്ലാ വഴികളും തേടിയ അവര്‍ക്ക് മുന്നില്‍ പ്രതീക്ഷയുടെ തിരിനാളവുമായി എത്തിയത് വ്യവസായി ഡോ. ഷംസീര്‍ വയലില്‍ ചെയര്‍മാനായ സൗദി റെസ്‌പോണ്‍സ് പ്ലസ് മെഡിക്കല്‍ സര്‍വീസസ് (സൗദി ആര്‍.പി.എം) ആയിരുന്നു. രോഗിയെ നാട്ടിലെത്തിക്കാനുള്ള എല്ലാ സഹായങ്ങളും അവര്‍ വാഗ്ദാനം ചെയ്തു. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സാമ്പത്തിക, നിയമ സഹായവും ആര്‍.പി.എമ്മിന്റെ സാങ്കേതിക സഹായവും ലഭിച്ചതോടെ വീരേന്ദ്ര ഭഗതിന് നാട്ടിലെത്താനുള്ള വഴി തെളിഞ്ഞു. സാമ്പത്തിക സഹായത്തിന് പുറമെ, രോഗിയോടൊപ്പം യാത്ര ചെയ്യാനായി ഡോക്ടറെയും നഴ്സിനെയും ആംബുലന്‍സ് സേവനവും സൗദി ആര്‍.പി.എം ഒരുക്കി. അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ സ്വകാര്യ ആശുപത്രിയിലാണ് വീരേന്ദ്ര ഭഗത് പ്രസാദ് രണ്ടര വർഷത്തോളം കഴിഞ്ഞത്.

എന്നിട്ടും യാതൊരു വീഴ്ചയും വരാതെ രോഗിയെ ദിനേന പരിചരിച്ച ഡോക്ടര്‍മാരും നഴ്സുമാരും കാരുണ്യത്തിന്റെ മാലാഖമാരായി. ഈ ആശുപത്രിയിലെ അവസാനത്തെ രോഗിയായിരുന്നു വീരേന്ദ്ര ഭഗത് പ്രസാദ്. ഇദ്ദേഹവും ഡിസ്ചാര്‍ജ് ആയതോടെ മുഴുവൻ ജീവനക്കാരും ആശുപത്രി വിടും. കഴിഞ്ഞ ദിവസം സൗദി എയര്‍ലൈന്‍സില്‍ നാട്ടിലെത്തിയ രോഗിയെ തുടര്‍ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജിദ്ദ കേരള പൗരാവലി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ അലി തേക്കുതോട്, ഷമീര്‍ നദ്‌വി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. 

Tags:    
News Summary - Bihar native rescued by volunteers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-22 02:15 GMT