റിയാദ്: കോവിഡ് 19 വ്യാപനം തടയുന്നതിെൻറ ഭാഗമായി ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ സൗദി തലസ്ഥാന നഗരത്തിെൻറ ഹൃദയത്തെയും വിജനമാക്കി. അവശ്യസാധനങ്ങൾ വിൽക്കുന്ന സൂപ്പർമാർക്കറ്റും ഫാർമസിയും റസ്റ്റാറൻറും ഒഴികെ മുഴുവൻ കച്ചവട സ്ഥാപനങ്ങളും അടച്ചിടാനുള്ള ഉത്തരവ് നടപ്പായതോടെയാണ് ആളും ആരവവും ഇല്ലാതെ ബത്ഹ മൂകതയിലായത്. റിയാദിലെ പ്രവാസികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വാണിജ്യ കേന്ദ്രം കൂടിയാണ് ബത്ഹ. നാടും വീടും കൂട്ടുകാരെയും ഒഴിവാക്കി കുടുംബ പ്രാരബ്ധം തോളിലേറ്റി റിയാദിലെ ഏതു കോണിലെത്തിയവർക്കും ബത്ഹ എന്നത് എല്ലാം വീണ്ടെടുക്കാനുള്ള, ഗൃഹാതുരത്വമാർന്ന അനുഭവം സമ്മാനിക്കുന്ന ഒരിടമാണ്. ലോകത്തിെൻറ വിവിധ കോണിൽനിന്ന് റിയാദിലെത്തുന്ന ആരും വെള്ളിയാഴ്ചകളിൽ ഓടിയെത്തുന്നത് ബത്ഹ എന്ന ഈ പൂരപ്പറമ്പിലേക്കാണ്.
ബത്ഹയിലെ പ്രശസ്തവും ചിരപുരാതനവുമായ ഗോൾഡ് സൂഖ്, യമനി മാർക്കറ്റ് എന്നിവ പൂർണമായും അടഞ്ഞു. ബത്ഹയിലെ ഏറ്റവും വലിയ കേമ്പാളമായ ഫിലിപ്പീനി മാർക്കറ്റിലെ മുഴുവൻ വ്യാപാര സമുച്ചയങ്ങളും അടഞ്ഞുകിടക്കുകയാണ്. വാഹനങ്ങളുടെ ആക്സസറീസ് ഷോപ്പുകളും വർക്ഷോപ്പുകളും നിറഞ്ഞ ഗുറാബി ഗല്ലിയിലും ഇപ്പോൾ ആളും വാഹനങ്ങളും ഒഴിഞ്ഞു. മുഴുവൻ കടകൾക്കും ഷട്ടർ വീണു. സൗദിയിൽ ടാക്സികൾക്ക് പച്ചനിറം നിർബന്ധമാക്കിയതോടെ പച്ചപെയിൻറ് ചെയ്യാനെത്തുന്ന കാറുകളുടെ വലിയ നിരതന്നെ ഗുറാബിയിലെ തെരുവുകളിൽ കാണാമായിരുന്നു. എന്നാൽ, പെയിൻറിങ് വർക്ഷോപ്പുകൾക്കെല്ലാം ഷട്ടർ വീണതോടെ പെയിൻറടിച്ച് ഉണങ്ങാനിടുന്ന പച്ചക്കാറുകളുടെ നിരയും അപ്രത്യക്ഷമായി. ബത്ഹയുടെ ഹൃദയഭാഗത്തുള്ള കേരള മാർക്കറ്റിലും മൂകതയാണ്. ബത്ഹ മെയിൻ റോഡിന് അപ്പുറവും ഇപ്പുറവുമുള്ള മർകസ് ജമാൽ, ബത്ഹ കമേഴ്സ്യൽ കോംപ്ലക്സുകളും അടഞ്ഞു. ഇപ്പോൾ തുറന്നിരിക്കുന്നത് ഫാർമസികളും ഭക്ഷണശാലകളും ബഖാലകളും പോളിക്ലിനിക്കുകളും മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.