പ്രവാസി വോട്ടിനുള്ള
സ്മാർട്ട് ആപ്
റിയാദ്: ബംഗ്ലാദേശിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന സുപ്രധാന പൊതുതെരഞ്ഞെടുപ്പിൽ ഇതാദ്യമായി പ്രവാസികൾക്കും വോട്ടവകാശം. ഫെബ്രുവരി 12ന് നടക്കുന്ന വോട്ടെടുപ്പിൽ സൗദി അറേബ്യയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കഴിയുന്ന ലക്ഷക്കണക്കിന് ബംഗ്ലാദേശ് പൗരന്മാർ അതതിടങ്ങളിൽ വെച്ച് സമ്മതിദാനാവകാശം വിനിയോഗിക്കും. ദേശീയ പാർലമെന്റ് അംഗങ്ങൾക്കൊപ്പം പ്രധാനമന്ത്രിയെ നേരിട്ട് തെരഞ്ഞെടുക്കാനുള്ള അപൂർവ അവസരമാണ് ഇത്തവണ പ്രവാസികൾക്ക് ലഭിച്ചിരിക്കുന്നത്.വിദേശ രാജ്യങ്ങളിലിരുന്ന് പ്രവാസികൾക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പോസ്റ്റലായി വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനമാണ് സജ്ജീകരിക്കുന്നത്. സൗദിയിലുള്ള വോട്ടർമാർക്ക് ഇതിനകം തന്നെ ബാലറ്റ് പേപ്പറും ഭരണഘടന റഫറണ്ടവുമായി ബന്ധപ്പെട്ട ചോദ്യാവലിയും ലഭിച്ചുതുടങ്ങി. ജനുവരി 25ന് മുമ്പായി വോട്ട് രേഖപ്പെടുത്തി സൗദി പോസ്റ്റ് ഓഫിസിൽ (എസ്.പി.എൽ) സമർപ്പിക്കണം.നാട്ടിൽ വോട്ടർ ഐഡി (നാഷനൽ ഐഡി) ഉള്ളവർക്ക് ‘Postal Vote BD’ ആപ് വഴി രജിസ്റ്റർ ചെയ്ത് തൊട്ടടുത്ത പോസ്റ്റ് ഓഫിസ് വഴി ബാലറ്റ് കൈപ്പറ്റാവുന്നതാണ്.
മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ പുറത്താക്കലിന് ശേഷം 2024 ആഗസ്റ്റിൽ അധികാരമേറ്റ ഡോ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ മേൽനോട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിനൊപ്പം രാജ്യത്ത് ‘ജൂലൈ ചാർട്ടർ’ സംബന്ധിച്ച ഭരണഘടന റഫറണ്ടവും നടക്കും. 12.7 കോടി വോട്ടർമാരാണ് ആകെയുള്ളത്. ആകെ വോട്ടർമാരിൽ 44 ശതമാനം പേർ യുവജനങ്ങളാണ്. 18-37 പ്രായപരിധിയിലുള്ള 5.6 കോടി വോട്ടർമാരുണ്ട്. 298 മണ്ഡലങ്ങളിലായി ഏകദേശം 2,000 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി), ജമാഅത്തെ ഇസ്ലാമി എന്നിവരുടെ നേതൃത്വത്തിലുള്ള മുന്നണികളാണ് മത്സര രംഗത്തുള്ളത്. ഹസീന വിരുദ്ധ പ്രക്ഷോഭത്തിന് കരുത്തുപകർന്ന യുവതലമുറ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ നിർണായക ഘടകമാകും. ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ കഴിയുന്നതിന്റെ ആവേശത്തിലാണ് സൗദിയിലെ ബംഗ്ലാദേശ് സമൂഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.