'ബദ്ര' ഇനിഷ്യേറ്റീവിന്റെ ഉദ്‌ഘാടനം കെ.എസ് റിലീഫ് സൂപ്പർവൈസർ ജനറൽ ഡോ. അബ്ദുള്ള ബിൻ അബ്ദുൽ അസീസ് അൽറബീഅ നിർവഹിക്കുന്നു

‘ബദ്ര’ ഇനിഷ്യേറ്റീവ്; ഗ്രാമീണ ഉൽപാദകരെ ശാക്തീകരിക്കുന്നതിനായി കെ.എസ് റിലീഫ് പുതിയ സംരംഭം

റിയാദ്: ഗ്രാമീണ ഉൽപാദകരെ ശാക്തീകരിക്കുന്നതിനായി കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെ.എസ് റിലീഫ്) പുതിയ സംരംഭമായ ‘ബദ്ര’ ഇനിഷ്യേറ്റീവ് ആരംഭിച്ചു. റോയൽ കോർട്ട് ഉപദേഷ്ടാവും കെ.എസ് റിലീഫ് സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുള്ള ബിൻ അബ്ദുൽ അസീസ് അൽറബീഅ ഇനിഷ്യേറ്റീവിന്റെ ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം ഡെപ്യൂട്ടി മന്ത്രി എൻജിനീയർ മൻസൂർ ബിൻ ഹിലാൽ അൽമുഷൈതി സന്നിഹിതനായിരുന്നു.

സ്വയം മുന്നോട്ട് പോകാൻ ആളുകളെ ശാക്തീകരിക്കുമ്പോൾ മാത്രമാണ് യഥാർഥ വികസനം ആരംഭിക്കുന്നത് എന്ന വിശ്വാസത്തിൽ നിന്നാണ് ബദ്ര ഉണ്ടാകുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോ. അൽറബീഅ വ്യക്തമാക്കി. ‘പാകിയ ഏറ്റവും ചെറിയ വിത്ത് ഏറ്റവും വലിയ ഫലം നൽകുന്നു എന്ന ആശയമാണ് ഇത് ഉൾക്കൊള്ളുന്നത്’. ദുരിതങ്ങളെ അവസരങ്ങളാക്കി മാറ്റി, ദുരന്തങ്ങളുടെ ആഘാതങ്ങളെ മറികടക്കാൻ ലക്ഷ്യമിടുന്ന ഈ സംരംഭം, ദുരിതബാധിത സമൂഹങ്ങളെ സ്വയംപര്യാപ്തരാക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിന്റെ ദേശീയ സ്ഥാപനങ്ങളുടെയും, ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പ്രാദേശിക പങ്കാളികളുടെയും സഹകരണം ഈ പദ്ധതിക്ക് ഉണ്ടാകും. കമ്മ്യൂണിറ്റി കൃഷി, സാങ്കേതിക സഹായം, തൊഴിൽ പരിശീലനം, ചെറുകിട ഗ്രാമീണ പദ്ധതികൾക്ക് ധനസഹായം, ഉൽപ്പന്നങ്ങളുടെ വിപണനം തുടങ്ങിയ ഗുണപരമായ കാര്യങ്ങളിലാണ് ബദ്ര ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ ആഗോള സംരംഭത്തിൽ പങ്കുചേരാൻ ദാതാക്കളെയും സ്വകാര്യ മേഖലയെയും ഡോ. അൽറബീഅ ക്ഷണിച്ചു.

കെ.എസ് റിലീഫ് ഒരു ആഗോള പാരമ്പര്യമായി മാറിയെന്ന് എഞ്ചിനീയർ അൽമുഷൈതി അഭിപ്രായപ്പെട്ടു. സുസ്ഥിരമായ സ്വാധീനം നേടുന്നതിനായി ദുരിതാശ്വാസ പ്രവർത്തനങ്ങളെ വികസനവുമായി ബന്ധിപ്പിക്കാനാണ് മന്ത്രാലയവുമായുള്ള പങ്കാളിത്തം ലക്ഷ്യമിടുന്നത്.

സുസ്ഥിര കാർഷിക ഗവേഷണ-വികസന ദേശീയ കേന്ദ്രം, സൗദി റൂറൽ അക്കാദമി, സൗദി റൂറൽ പ്രോഗ്രാം എന്നിവയുമായുള്ള സഹകരണം വഴി അറിവും വൈദഗ്ധ്യവും കൈമാറുന്നതിലൂടെ സുസ്ഥിരത വർധിപ്പിക്കുകയാണ് പങ്കാളിത്തത്തിന്റെ അടിസ്ഥാനം. സുസ്ഥിര വികസനത്തിന്റെ കാര്യത്തിൽ സൗദി അറേബ്യ ഒരു ആഗോള മാതൃകയായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർഷകർ, കന്നുകാലി വളർത്തുന്നവർ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയ ഗ്രാമീണ ഉൽപാദകരെ സഹായിക്കുന്ന ബദ്ര സംരംഭത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു. വിത്തും അസംസ്കൃത വസ്തുക്കളും നൽകി പരിശീലനം നൽകി ഉൽപ്പന്നങ്ങൾ വിപണനം ചെയ്ത് സാമ്പത്തിക ലാഭം നേടാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ചടങ്ങിൽ കെ.എസ് റിലീഫ് അഞ്ച് പ്രാദേശിക സ്ഥാപനങ്ങളുമായി സഹകരണ കരാറുകളിൽ ഒപ്പുവെച്ചു.

Tags:    
News Summary - ‘Badra’ Initiative; KS Relief’s new initiative to empower rural producers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.