മതപരമായ വിശ്വാസങ്ങളെയും ആശയങ്ങളെയും ചൂഷണം ചെയ്തു സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യാനും സ്വന്തം ജീവിതം കെട്ടിപ്പടുക്കുവാനും ശ്രമിക്കുന്ന രാഷ്ട്രീയ നേതാക്കൾ നാടിന്നാപത്ത്. കേരള സർക്കാരും ദേവസ്വം ബോർഡും ചേർന്ന് നടത്തുന്ന ആഗോള അയ്യപ്പ സംഗമം ഭാരതീയ സംസ്കാരത്തിനും ഹിന്ദുമത വിശ്വാസികൾക്കും എതിരെയുള്ള വെല്ലുവിളി തന്നെ ആണ്. തത്ത്വമസി എന്ന വാക്കിന്റെ അർഥം സംഘാടകർക്ക് അറിയാമെങ്കിൽ ആ തത്ത്വം എഴുതിയ ബാനർ ദേവസ്വം ബോർഡും സർക്കാരും നടത്തുന്ന അയ്യപ്പസംഗമത്തിന്റെ ചടങ്ങിൽ നിന്നും, പരസ്യത്തിൽ നിന്നും, വിളിച്ചു കൂട്ടുന്ന പത്രസമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ നിന്നും എല്ലാം തന്നെ ഒഴിവാക്കുവാൻ തയ്യാറാകണം. ശബരിമലയിലെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ആചാര ലംഘനത്തിലൂടെ നശിപ്പിക്കുവാൻ വേണ്ടി വെറും നീചമായ പ്രവർത്തിയിലൂടെ അയ്യപ്പ വിശ്വാസികളുടെ മനസ്സിൽ ഏല്പിച്ച മുറിവ് ഇന്നും ഉണങ്ങാതെ നിലനിൽക്കുന്നു. ആചാര ലംഘനത്തിനായി പിണറായി സർക്കാർ സ്വീകരിച്ച വഴികൾ മാനവ രാശിയുടെ ചരിത്രത്തിൽ മായ്ക്കാൻ കഴിയാത്ത കറുത്ത അധ്യായമായി മാറിക്കഴിഞ്ഞു. സമൂഹത്തിൽ ഒരു ചാരിത്ര്യ ശുദ്ധിയും പുലർത്താത്ത സ്ത്രീകളെ ഉപയോഗിച്ച് നടത്തിയ ആ നീചമായ പ്രവർത്തനത്തിന്റെ ഫലം, അങ്ങനെ ഒരു ആചാര ലംഘനം നടത്തുവാൻ തുനിഞ്ഞിറങ്ങിയ അധികാര മേലാളന്മാരുടെ കുടുംബത്തിലും അവരുടെ വരും തലമുറകളിലും ഇടിത്തീ പോലെ പതിക്കും എന്നുള്ളതിനു കാലം സാക്ഷിയാകുന്ന സമയം വിദൂരമല്ല.
ഭാരതീയ സംസ്കൃതികളായ രാമായണവും മഹാഭാരതവും അതിലെ തത്ത്വങ്ങളും അറിയുവാനോ അതിലെ തത്ത്വങ്ങൾ സ്വജീവിതത്തിൽ പകർത്തുവാനോ, സമൂഹത്തിൽ പ്രവർത്തികമാക്കുവാനോ നമ്മുടെ ഭരണാധികാരികൾക്ക് കഴിയാതെ പോയതിന്റെ അനന്തര ഫലങ്ങളാണ് കേരളത്തിലെ ഇന്നത്തെ ഈ മൂല്യച്യുതിക്ക് കാരണം. അവനവൻ ചെയ്യുന്ന പാപത്തിന്റെ ഫലം അവനവൻ തന്നെ അനുഭവിക്കും എന്ന തത്ത്വം രാമായണത്തിൽ രത്നാകരൻ എന്ന പിടിച്ചുപറിക്കാരനായ കാട്ടാളന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ഭിക്ഷാംദേഹികളായ സപ്തർഷികളെ തടഞ്ഞു നിർത്തി അവരുടെ കൈയിലുള്ള പണവും സമ്പാദ്യവും പിടിച്ചുപറിക്കാൻ ശ്രമിക്കുന്ന രത്നാകരനോട് സപ്തർഷികൾ ചോദിക്കുന്ന ആ ചോദ്യം " നീ ചെയ്യുന്ന ഈ പാപത്തിന്റെ ഫലം നിന്റെ ഭാര്യയും മക്കളും പങ്കുവെക്കുവാൻ തയാറാകുമോ എന്ന് " അത് കേട്ട് വീട്ടിലേക്കു ഓടിയെത്തി ഭാര്യയോട് രത്നാകരൻ ഇതേ ചോദ്യം അവർത്തിക്കുമ്പോൾ "അവനവൻ ചെയ്യുന്ന പാപത്തിന്റെ ഫലം അവനവൻ തന്നെ അനുഭവിക്കണം" എന്നതായിരുന്നു ഭാര്യയുടെ മറുപടി. ഭാര്യയിൽ നിന്നും കിട്ടുന്ന മറുപടി രത്നാകരന്റെ ജീവിതത്തെ മാറ്റി മറിക്കുന്നതായിരുന്നു. രത്നാകരൻ എന്ന കൊള്ളക്കാരന്റെ ജീവിതം സമകാലിക സംഭവ വികാസങ്ങളിലൂടെ ഭരണാധികാരികളായ നമ്മുടെ ജനപ്രതിനിധികൾ നമ്മളെ ഓർമിപ്പിക്കുന്നു.
സമൂഹത്തിൽ ജനങ്ങൾക്ക് മാതൃക ആകേണ്ട ജനപ്രതിനിധികളും അധികാരികളും ഒരു പുനർചിന്തനത്തിന് തയ്യാറാകണം. ആത്മശുദ്ധി വരുത്തി പൊതുജന സേവനത്തിനായി മുന്നോട്ടു വരുവാൻ തയാറാണെങ്കിൽ മാത്രമേ ഭാരതീയ തത്ത്വ ചിന്തകളിലെ അതി ശ്രേഷ്ഠമായ "തത്ത്വമസി" എന്ന സന്ദേശത്തിന്റെ വക്താക്കളായി മാറാവൂ. തത്ത്വമസി എന്ന വാക്കിന്റെ ആന്തരികാർത്ഥം മനസ്സിലാക്കി പ്രവർത്തിക്കാൻ സർക്കാരും ദേവസ്വം ബോർഡും തയ്യാറാകണം. അതിനു കഴിയാത്ത പക്ഷം ദേവസ്വം ബോർഡ് പോലെയുള്ള അധികാര സ്ഥാപനങ്ങൾ വിശ്വാസികൾക്കായി വിട്ടുകൊടുത്തു സംസ്കാരം സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.