റിയാദ്: സൗദി അറേബ്യയിൽ എ.ടി.എമ്മിൽ പണം നിറക്കാൻ പോയവർക്ക് നേരെ വെടിയുതിർത്ത് ലക്ഷങ്ങൾ കവർന്ന യമനി പൗരന്റെ വധശിക്ഷ നടപ്പാക്കി. തുർക്കി അബ്ദുല്ല ഹസൻ അൽ സഹ്റാൻ എന്ന യമനി പൗരന്റെ ശിക്ഷാ നടപടികളാണ് ശനിയാഴ്ച മക്കയിൽ പൂർത്തിയായത്.
അങ്ങേയറ്റം ആസൂത്രിതമായ രീതിയിലായിരുന്നു ഇയാൾ കവർച്ച നടത്തിയിരുന്നത്. ഒരു ക്രിമിനൽ സംഘം രൂപവത്കരിച്ച ഇയാൾ, എ.ടി.എമ്മുകളിൽ പണം നിറക്കാൻ പോകുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു പതിവ്.
രണ്ട് വ്യത്യസ്ത കവർച്ചകളിലായി ഏകദേശം 30 ലക്ഷം റിയാലാണ് ഇയാൾ തട്ടിയെടുത്തത്. ഇതിനിടയിൽ തടയാൻ ശ്രമിച്ച രണ്ട് ജീവനക്കാർക്ക് നേരെ വെടിയുതിർത്ത് ഇയാൾ പരിക്കേൽപ്പിക്കുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്. കോടതിയിൽ കുറ്റം തെളിയുകയും പ്രതിയുടെ പ്രവൃത്തി സമൂഹത്തിൽ വലിയ ഭീതിയുണ്ടാക്കിയതായും കോടതി നിരീക്ഷിച്ചു.ആയുധം ഉപയോഗിച്ചുള്ള സായുധ കവർച്ചയായതിനാൽ ഇസ്ലാമിക നിയമപ്രകാരം കഠിനമായ ശിക്ഷ തന്നെ നൽകണമെന്ന് കോടതി വിധിച്ചു. ഈ വിധിക്ക് പിന്നീട് രാജകീയ അംഗീകാരവും ലഭിച്ചതോടെയാണ് ശിക്ഷ നടപ്പാക്കിയത്.
രാജ്യത്തെ സുരക്ഷയും നീതിയും ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. നിയമലംഘനം നടത്തുന്നവർക്കും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും അർഹമായ ശിക്ഷ ലഭിക്കുമെന്ന ശക്തമായ മുന്നറിയിപ്പും മന്ത്രാലയം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.