ജിദ്ദയിൽ ആസ്പയർ മീഡിയ കോഴ്സ് പൂർവ പഠിതാക്കൾ ഹബീബ് കല്ലനും സുൽഫിക്കർ ഒതായിക്കും ഉപഹാരം നൽകുന്നു
ജിദ്ദ: മലപ്പുറം ജില്ല കെ.എം.സി.സിക്ക് കീഴിലുള്ള ആസ്പയർ സംഘടിപ്പിച്ച മീഡിയ പരിശീലന കോഴ്സിൽ പങ്കെടുത്ത പഠിതാക്കളുടെ സംഗമവും ആദരിക്കൽ പരിപാടിയും സംഘടിപ്പിച്ചു. പൂർവ പഠിതാക്കൾ തങ്ങളുടെ പഠനാനുഭവങ്ങളും ഒപ്പം മീഡിയ കോഴ്സിന് ശേഷം തങ്ങൾക്കുണ്ടായ പുരോഗതിയും നേട്ടങ്ങളും പങ്കുവെച്ചു. ഇത്തരമൊരു കോഴ്സ് നടത്താൻ മുന്നോട്ടുവന്ന മലപ്പുറം ജില്ല കെ.എം.സി.സിയെയും അതിന് നേതൃത്വം നൽകിയ ഭാരവാഹികളെയും പഠിതാക്കൾ ഉപഹാരം നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ, ആസ്പയർ കൺവീനർ സുൽഫിക്കർ ഒതായി എന്നിവർക്കാണ് മീഡിയ കോഴ്സ് പഠിതാക്കളുടെ വക ഉപഹാരം സമ്മാനിച്ചത്. സീനിയർ പഠിതാക്കളായ ജമാൽ പേരാമ്പ്ര ഹബീബ് കല്ലനും മുസ്തഫ ചെമ്പൻ സുൽഫിക്കർ ഒതായിക്കും ഉപഹാരം കൈമാറി. മീഡിയ കോഴ്സ് ഏകോപന ചുമതല വഹിച്ച സെക്രട്ടറി വി.വി. അഷ്റഫ് അടക്കം മറ്റു കെ.എം.സി.സി ഭാരവാഹികൾക്കും കോഴ്സിൽ ക്ലാസുകളെടുത്ത ജിദ്ദയിലെ മാധ്യമ പ്രവർത്തകർക്കും പഠിതാക്കൾ നന്ദി പറഞ്ഞു.
പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി ചെയർമാൻ പി.വി. ഹസ്സൻ സിദ്ദീഖ് ബാബുവുമായി പഠിതാക്കളുടെ പ്രത്യേക അഭിമുഖം നടന്നു. ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി ആസ്പയറിന് കീഴിൽ പുറത്തിറക്കുന്ന ജിദ്ദയുടെ പ്രവാസ ചരിത്രം ഉൾക്കൊള്ളുന്ന സുവനീറിന്റെ വിജയത്തിന് മീഡിയ കോഴ്സ് പഠിതാക്കൾക്ക് വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന് പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ പറഞ്ഞു. 'കെ.എം.സി.സി മരുഭൂ വസന്തം' എന്ന സുവനീർ ജിദ്ദയിലെ മലയാളി പ്രവാസികളുടെ സർവതോന്മുഖമായ സംഭാവനകൾ അടയാളപ്പെടുത്തുന്നതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുൽഫിക്കർ ഒതായി, വി.വി. അഷ്റഫ്, മുഹിയുദ്ദീൻ താപ്പി, ആഷിക് മഞ്ചേരി, റാഷിദ്, ബഷീറലി എന്നിവർ സംസാരിച്ചു. മുഹമ്മദ് കല്ലിങ്ങൽ, നിയാസ് ഇരുമ്പുഴി, എം.സി. മനാഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.