റിയാദിൽ നടന്ന ചടങ്ങിൽ അൽഹിലാൽ ക്യാപ്റ്റൻ സാലിം അൽദോസരിക്ക് ഏഷ്യൻ പ്ലെയർ ഓഫ് ദി ഇയർ അവാർഡ് സമ്മാനിക്കുന്നു
റിയാദ്: 2025 ലെ എ.എഫ്.സി പ്ലെയർ ഓഫ് ദ ഇയർ അവാർഡ് രണ്ടാം തവണയും നേടിയത് തന്റെ രാജ്യത്തിനായി കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിനുള്ള ശക്തമായ പ്രോത്സാഹനമാണെന്ന് അൽ ഹിലാൽ ടീം ക്യാപ്റ്റൻ സലീം അൽദോസരി പറഞ്ഞു. എന്നെ പിന്തുണച്ച എല്ലാവർക്കും, പ്രത്യേകിച്ച് എന്റെ കുടുംബത്തിനും ഞാൻ നന്ദി പറയുന്നു.
ദൈവം അനുവദിച്ചാൽ ഈ അവാർഡ് എന്റെ അവസാനത്തെ അവാർഡായിരിക്കില്ല. ആദ്യമായി ഞാൻ ഇത് നേടിയപ്പോൾ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുക എന്നതായിരുന്നു ലക്ഷ്യം. അത് ഞാൻ കൈവരിച്ചു. വരും കാലഘട്ടത്തിൽ മികവ് പുലർത്താൻ ഞാൻ കൂടുതൽ കഠിനാധ്വാനം ചെയ്യുമെന്നും റിയാദിലെ കിങ് ഫഹദ് കൾച്ചറൽ സെന്ററിൽ നടന്ന എ.എഫ്.സി അവാർഡ് ദാന ചടങ്ങിൽ അവാർഡ് സ്വീകരിച്ച ശേഷം നടന്ന പത്രസമ്മേളനത്തിൽ അൽദോസരി പറഞ്ഞു.
എല്ലാ കളിക്കാരുടെയും മികച്ച പരിശ്രമത്തിന് ശേഷമാണ് വേർഡ് കപ്പ് യോഗ്യത നേടിയത്. ഏതൊരു കളിക്കാരനും വ്യക്തിഗത കിരീടങ്ങൾ പ്രധാനമാണ്, പക്ഷേ കൂട്ടായ കിരീടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അവയ്ക്ക് അർഥമില്ല. അടുത്ത ലോകകപ്പിൽ ശക്തമായ പ്രകടനം കാഴ്ചവയ്ക്കാൻ വരും കാലയളവിൽ ഞങ്ങൾക്ക് മുന്നിൽ ധാരാളം ജോലികളുണ്ട്. 2026 ലെ ലോകകപ്പിന് ദേശീയ ടീം യോഗ്യത നേടിയതിൽ സൗദി ഭരണകൂടത്തെയും ജനങ്ങളെയും അഭിനന്ദിച്ചുകൊണ്ട് സൗദി ദേശീയ ടീം കാപ്റ്റൻ പറഞ്ഞു. വിമർശനങ്ങളോ സൈഡ് പ്രശ്നങ്ങളോ അവഗണിച്ചുകൊണ്ട് കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് അൽദോസരി പറഞ്ഞു. പിച്ചിലെ വെല്ലുവിളികളിലൂടെയാണ് താൻ സ്വയം പ്രചോദിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച വൈകീട്ട് റിയാദിലെ കിങ് ഫഹദ് കൾച്ചറൽ സെന്ററിൽ വെച്ചാണ് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എ.എഫ്.സി) സാലിം അൽദോസരിക്ക് അവാർഡ് സമ്മാനിച്ചത്. സൗദി ദേശീയ ഫുട്ബോൾ ടീമും അൽഹിലാൽ ക്യാപ്റ്റനുമായ സാലിം അൽദോസരി തന്റെ കരിയറിൽ രണ്ടാം തവണയാണ് എ.എഫ്.സി പ്ലെയർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെടുന്നത്. ഖത്തറിന്റെ അക്രം അഫീഫ്, മലേഷ്യയുടെ ആരിഫ് ഐമാൻ എന്നിവരോടൊപ്പം നടന്ന കടുത്ത മത്സരത്തിലൂടെയാണ് രണ്ടാം തവണയും അൽദോസരി അവാർഡ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.