യാംബു: ആദ്യ അറബ് ക്രൂസ് ലൈനിന്റെ കപ്പലായ ചെങ്കടലിലെ വിനോദ യാത്രയുമായി തുടരുന്ന അറോയ ക്രൂസ് കപ്പൽ ആഗോള ടൂറിസം മേഖലയിൽ സൗദിയുടെ മികവുറ്റ സാന്നിധ്യമായി മുന്നേറുന്നതായി റിപ്പോർട്ട്. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ പൂർണ ഉടമസ്ഥതയിലുള്ള അറോയ 2024 ഡിസംബർ 16 ന് ജിദ്ദ ഇസ്ലാമിക് തുറമുഖത്തെ ചെങ്കടലിൽ നിന്ന് ആരംഭിച്ചതിനുശേഷം സൗദിയുടെ ടൂറിസം മേഖലയിലെ വലിയ സാന്നിധ്യമായി ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്. അറോയ യാത്ര ഈ വർഷം വേനൽക്കാലത്ത് ചെങ്കടലിൽ നിന്ന് മെഡിറ്ററേനിയൻ കടലിലേക്ക് വ്യാപിപ്പിച്ചു. തുർക്കിയയുടെ തലസ്ഥാനമായ ഇസ്തംബുൾ, ഗ്രീക്ക് തലസ്ഥാനമായ ആതൻസ്, ഗ്രീക്ക് ദ്വീപുകളായ മൈക്കോണോസ്, സൗദ ബേ, ബോഡ്രം എന്നിവിടങ്ങളിലേക്കും കപ്പൽ യാത്ര തുടരുന്നതും വലിയ നേട്ടമായി വിലയിരുത്തുന്നു. സൗദിയുടെ പൈതൃകവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന ടൂറിസം അനുഭവങ്ങൾ യാത്രക്കാർക്ക് ഏറെ ഹൃദ്യത നൽകുന്നതായി യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു.
3,362 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള കപ്പലിൽ 19 ഡെക്കുകളും 1,678 കാബിനുകളും സ്യൂട്ടുകളും ഉണ്ട്. കുട്ടികൾക്ക് ഉല്ലസിക്കാൻ 1,800 ചതുരശ്ര മീറ്റർ ഏരിയ കപ്പലിൽ ഒരുക്കിയിട്ടുണ്ട്. 1,018 ഇരിപ്പിട ശേഷിയുള്ള ഒരു തിയറ്ററും സംവിധാനിച്ചിട്ടുണ്ട്. ആറു മുതൽ ഏഴു വരെ രാത്രി യാത്രാ സൗകര്യങ്ങളോടെയാണ് ക്രൂസ് സഞ്ചാരം തുടരുന്നത്. ഷോപ്പിങ് ഏരിയ, പ്രാർഥനായിടങ്ങൾ, സ്ത്രീകൾക്കുള്ള പ്രത്യേക സ്ഥലങ്ങൾ, നടപ്പാത, ഫുട്ബാൾ കോർട്ട്, ബാസ്ക്കറ്റ്ബാൾ കോർട്ട് തുടങ്ങി വിപുലമായ കായിക സൗകര്യങ്ങൾക്കൊപ്പം ആരോഗ്യ, വിനോദ സൗകര്യങ്ങളുമുണ്ട്. 12 റസ്റ്റാറന്റുകളും 17കഫേകളും സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. അഞ്ചു വൻകരകളിലെ ആളുകൾ ഇഷ്ടപ്പെടുന്ന രുചിവൈവിധ്യമുള്ള ഭക്ഷണ സാധനങ്ങൾ കപ്പലിൽ ലഭ്യമാണ്.
അറേബ്യൻ ആതിഥ്യ മര്യാദകൾ ആധുനിക ആഡംബരവുമായി സംയോജിപ്പിച്ച് പുതിയ കണ്ടെത്തലുകളുടെ ലോകത്തേക്കുള്ള ഒരു കവാടം ഒരുക്കുകയാണ് ക്രൂസ് യാത്രയെന്ന് അറോയയുടെ മാർക്കറ്റിങ് ആന്റ് കോർപ്പറേറ്റ് കമ്യൂണിക്കേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ടർക്കി കാരി പറഞ്ഞു.സൗദി പാരമ്പര്യ ഭക്ഷണയിനങ്ങൾക്ക് കപ്പലിൽ പ്രത്യേക പരിഗണനയുമുണ്ട്. അറോയ ക്രൂസ് സൗദി ടൂറിസത്തിലെ ഏറ്റവും വലിയ യാത്രാനുഭവം സമ്മാനിക്കുമെന്ന് ടൂറിസം അതോറിറ്റി അറിയിച്ചു. സൗദി മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന പ്രത്യേക ഒരുക്കങ്ങളും ഇതിലുണ്ട്.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും ആഗോള ക്രൂസ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ ചെങ്കടലിലെ അറോയ ക്രൂസ് കപ്പൽ യാത്രയുടെ വ്യാപനം പ്രതിഫലിപ്പിക്കുന്നു. ആഗോള ടൂറിസം വ്യവസായത്തിലെ ഒരു മുൻനിരയിലെത്താൻ കഴിയുന്ന വിധത്തിലുള്ള എല്ലാവിധ ഒരുക്കങ്ങളുമാണ് അറോയ ക്രൂസിന്റെ ലക്ഷ്യം.വരും മാസങ്ങളിൽ യു.എ.ഇ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂടി പുതിയ റൂട്ടുകൾ വാഗ്ദാനം ചെയ്തുകൊണ്ട് അറോയ ക്രൂസ് ലൈൻ അതിന്റെ യാത്രാ പദ്ധതികൾ വികസിപ്പിക്കാനുള്ള തയാറെടുപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.