റിയാദ്: നഗരഹൃദയത്തിലെ ചരിത്രപ്രധാനമായ ദീരയുടെ ഇടനാഴികളിൽ രുചിയാസ്വാദകർക്കായി റോയൽ കമീഷൻ ഫോർ റിയാദ് സിറ്റി ഒരുക്കിയ ‘ഫുഡ് സ്ട്രീറ്റ്’ (സിക്കത്ത് അൽ അതിമ)ക്ക് തുടക്കം.
തട്ടുകട മാതൃകയിൽ ആരംഭിച്ച 45 ഓളം റസ്റ്റാറന്റുകളിൽ ഇതിനകം ഭക്ഷണം വിളമ്പി തുടങ്ങി. ഇനി 36 റെസ്റ്റാറൻറുകൾ കൂടി ഉടൻ പ്രവർത്തനമാരംഭിക്കും. ഇതോടെ തലസ്ഥാന നഗരിയിലെ ഭക്ഷണപ്രേമികളുടെ പ്രധാന താവളമായി ഇവിടം മാറും. ‘വേൾഡ് ഓഫ് ഫ്ലേവർ’ എന്ന ഉപ ശീർഷകം കൂടി പേറുന്ന ദീര മുത്തൈരി തെരുവിലെ ഈ ഫുഡ് സ്ട്രീറ്റ്.
ചരിത്രമറിയാം രുചി നുണയാം
തലസ്ഥാന നഗരത്തിെൻറ ഭരണസിരാകേന്ദ്രങ്ങൾ, പൗരാണിക ചന്തകൾ, മസ്മക് കോട്ട തുടങ്ങിയ ചരിത്ര സ്മാരകങ്ങൾ സ്ഥിതി ചെയ്യുന്ന ദീര സന്ദർശിക്കാൻ ദിവസേന ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് എത്തുന്നത്. രാജ്യത്തിെൻറ ചരിത്രം തൊട്ടറിയുന്നതിനൊപ്പം തനത് അറബ് രുചികൾ ആസ്വദിക്കാനുള്ള അവസരം കൂടിയാണ് ഈ പുതിയ ഭക്ഷണത്തെരുവ് ഒരുക്കുന്നത്. നടപ്പാതയുടെ ഇരുവശങ്ങളിലും തത്സമയം വിഭവങ്ങൾ തയ്യാറാക്കുന്ന ഷെഫുമാർ, തട്ടുകടകൾക്കിടയിലെ ഇരിപ്പിടങ്ങൾ, അറേബ്യൻ സംഗീതം, അപ്രതീക്ഷിതമായി എത്തുന്ന കലാകാരന്മാർ എന്നിവ സന്ദർശകർക്ക് വേറിട്ട അനുഭവം നൽകുന്നു.
വിളിപ്പാടകലെ
നഗരമധ്യത്തിന് പുതുജീവൻ നൽകുക എന്ന ലക്ഷ്യത്തോടെ 2026 െൻറ തുടക്കത്തിൽ പ്രവർത്തനമാരംഭിച്ച തെരുവ്, ഈ റമദാനോടെയാണ് പൂർണമായും സജീവമായത്.
ഖസർ അൽ ഹുക്കം മെട്രോ സ്റ്റേഷനിൽ നിന്ന് അഞ്ച് മിനിറ്റിൽ താഴെ മാത്രം നടക്കാവുന്ന ദൂരമാണിവിടേക്ക്.
മലയാളികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് വിദേശികൾ താമസിക്കുന്ന ബത്ഹയിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം ദൂരമുള്ള ഈ പ്രദേശം കേവലം ഒരു താൽക്കാലിക ഉത്സവ വേദിയല്ല, മറിച്ച് സ്ഥിരമായ ഒരു ഭക്ഷണ സങ്കേതമാണ്.
രുചികളുടെ വൈവിധ്യം
മുത്തബ്ബഖ്, സംബൂസ, ജരീഷ്, ബലീല, ലുഖൈമാത്ത്, ലംസ, ബുകൈല, കിബ്ദ തുടങ്ങിയ പരമ്പരാഗത അറബ് വിഭവങ്ങൾക്കൊപ്പം സ്ലൈഡറുകൾ, സ്പൈസി ഫ്രൈസ് തുടങ്ങിയ ആധുനിക ഫ്യൂഷൻ വിഭവങ്ങളും ഇവിടെ ലഭ്യമാണ്.
വ്യത്യസ്തയിനം സ്പെഷ്യാലിറ്റി കോഫികൾ, നാടൻ സുലൈമാനി മുതൽ മോഡേൺ കറക് ചായ വരെ പാനീയങ്ങളുടെ വലിയ നിര തന്നെയുണ്ട്.
‘സാലഡ് ഫ്ലേവേഴ്സ്’ പോലുള്ള ഇടങ്ങളിൽ സന്ദർശകർക്ക് സ്വന്തമായി സാലഡുകൾ തയാറാക്കാനും സൗകര്യമുണ്ട്. പ്രമുഖ പ്രാദേശിക-അന്തർദേശീയ ബ്രാൻഡുകളുടെയും പ്രശസ്ത ഷെഫുമാരുടെയും സാന്നിധ്യം ഇവിടത്തെ പ്രത്യേകതയാണ്.
വൈറൽ
ഭക്ഷണ വ്ലോഗർമാരും സന്ദർശകരും പങ്കുവെച്ച ദൃശ്യങ്ങളിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ, പെരുന്നാൾ അവധിക്ക് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള സ്വദേശികളും വിദേശികളും ഇവിടേക്ക് ഒഴുകുകയാണ്. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്കും ഈ പ്രദേശം പ്രിയപ്പെട്ട ഇടമായി മാറിക്കഴിഞ്ഞു.
സമയക്രമം
നിലവിൽ പെരുന്നാൾ പ്രമാണിച്ച് പ്രത്യേക സമയക്രമത്തിലാണ് തെരുവ് പ്രവർത്തിക്കുന്നത്. രാവിലെ ആറ് മുതൽ ഉച്ചക്ക് 12 വരെ പ്രാതൽ വിഭവങ്ങളും, വൈകീട്ട് അഞ്ച് മുതൽ പുലർച്ചെ ഒന്ന് വരെ ഡിന്നറും ലഭ്യമാണ്.
റമദാൻ സമയത്ത് പുലർച്ചെ 3.30 വരെയായിരുന്നു പ്രവർത്തനം. പെരുന്നാൾ അവധിക്ക് ശേഷമുള്ള പുതിയ സമയക്രമം സംഘാടകർ ഉടൻ അറിയിക്കും. റിയാദിലെ തനത് ഭക്ഷണസംസ്കാരവും ആധുനിക തെരുവുഭക്ഷണ രീതികളും ഒരുപോലെ അനുഭവിക്കാൻ ആഗ്രഹിക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമായി ഈ തെരുവ് മാറിക്കഴിഞ്ഞു.
മലയാളികൾ ഉൾപ്പെടെ വ്യത്യസ്ത ദേശക്കാർ പുതിയ ആസ്വാദനത്തെരുവായി ഈ മേഖലയെ സ്വീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.