ആസ്വാദകർ മൊബൈൽ ഫോൺ വെളിച്ചം തെളിയിച്ച് അമർ ദിയാബിനെ വരവേൽക്കുന്നു
റിയാദ്: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സംഗീതമേള ഏഴരലക്ഷത്തോളം ആസ്വാദകരെ സാക്ഷിയാക്കി റിയാദിൽ സമാപിച്ചു. സൗദി അറേബ്യ വേദിയായ ഏറ്റവും ജനത്തിരക്കുള്ള സംഗീതമേളയായി മാറിയ എം.ഡി.എൽ ബീസ്റ്റിെൻറ നാലുദിവസത്തെ പരിപാടി ആസ്വദിക്കാനെത്തിയത് 7,32,000 പേരാണെന്ന് ജനറൽ എൻറർെടയിൻമെൻറ് അതോറിറ്റി അറിയിച്ചു. കലാശക്കൊട്ടിന് മാത്രം സാക്ഷ്യംവഹിക്കാനെത്തിയത് 1,53,000 കലാസ്വാദകർ. ആസ്വാദകലക്ഷങ്ങളെ ആനന്ദത്തിലാറാടിച്ച് സമാപന പരിപാടിയിൽ വേദിയിലെത്തിയത് അറബ് ലോകത്തെ വിശ്രുത ഗായകൻ അമർ ദിയാബ്. വേദിക്കുപിന്നിലെ വെള്ളിത്തിരയിൽ അമറിെൻറ ചിത്രം തെളിഞ്ഞതോടെ സദസ്സിൽ ആവേശം അണപൊട്ടി. 'അതിവേഗം വേദിയിലെത്തൂ, ഞങ്ങൾ നിങ്ങളെ കേൾക്കാൻ കാത്തിരിക്കുകയാണ്' എന്ന് അവർ വിളിച്ചുകൂവി. സദസ്സിൽനിന്ന് സഹസ്രകണ്ഠങ്ങളിൽനിന്ന് അമറിനെ വാഴ്ത്തുന്ന ശബ്ദങ്ങളുയർന്നു. ആ ആരവങ്ങൾക്കൊപ്പം മൊബൈൽ ഫോണുകൾ ഉയർത്തിപ്പിടിച്ച് അതിലെ ടോർച്ച് തെളിച്ച് വെളിച്ചം വിതറിയും കൈകൾ സംഗീതാത്മകമായി ചലിപ്പിച്ചും അവർ അമറിനെ വരവേറ്റു.
പിന്നീട് നിലംതൊടാത്ത പ്രകടനമാണ് ഉണ്ടായത്. വേദിയും സദസ്സും ഒരുപോലെ ചലിച്ചുകൊണ്ടിരുന്നു. രാവിെൻറ തണുപ്പും അമറിെൻറ സംഗീതവും അവരുടെ ഉള്ളം കുളിർപ്പിച്ചു. ഒടുവിൽ 'മഅസ്സലാമ' പാടി അമർ വേദി വിടുമ്പോഴും പ്രേക്ഷകാരവങ്ങളിൽ പ്രകമ്പനം കൊണ്ടുനിൽക്കുകയായിരുന്നു റിയാദ് നഗരത്തിെൻറ വടക്കുഭാഗത്തെ ബൻബാനിലെ അന്തരീക്ഷം. അമറിനെ അഭിവാദ്യംചെയ്ത് മനോഹരമായ അറബ് കവിതകളുടെ വരികൾ സദസ്സ് ഒരുമിച്ച് ചൊല്ലി. 'ഈ രാത്രി മനോഹരമാക്കിയ പ്രിയനേ, നന്ദി നന്ദി ആയിരം നന്ദി' എന്നവർ ആർത്തുവിളിച്ചു.
അറബ് ലോകത്താകെ ആരാധകരുള്ള അറബ് പോപ്പ് സംഗീതത്തിെൻറ രാജ്ഞി എന്നറിയപ്പെടുന്ന നാൻസി അജ്റാം ഉൾെപ്പടെ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വിഖ്യാത കലാകാരന്മാർ പങ്കെടുത്ത പശ്ചിമേഷ്യയിലെ ഏറ്റവും വലിയ കലാവിരുന്നിലൊന്നായി മാറി എം.ഡി.എൽ ബീറ്റ്സ്. അഞ്ചുലക്ഷം സന്ദർശകരെയാണ് സംഘാടകർ പ്രതീക്ഷിച്ചത്. ആദ്യദിവസം തന്നെ 1,88,000വും രണ്ടാം ദിവസം 2,17,000 സന്ദർശകരും മൂന്നാം ദിവസം 1,74,000 വും അവസാനദിവസം 1,53,000 പേരും ഉൾപ്പടെ 7,32,000 പേരാണ് കലാവിരുന്നിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.