എ.പി.ജെ. അബ്ദുൽ കലാമിന്‍റെ സന്തതസഹചാരി ശ്രീജൻപാൽ സിങ് 'എജുകഫേ'യിൽ

ഒരിക്കൽ ഉറക്കംകെടുത്തിയ സ്വപ്നത്തിന്‍റെ വീണ്ടെടുപ്പിനായി എത്ര വർഷം കഴിഞ്ഞാലും പരിശ്രമിക്കണമെന്ന് പഠിപ്പിച്ചാണ് എ.പി.ജെ. അബ്ദുൽ കലാം ലോകത്തോട് വിടപറഞ്ഞത്. ഈ മാതൃക പിൻപറ്റി ജീവിക്കുന്നയാളാണ് കലാമിന്‍റെ സന്തതസഹചാരിയും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ശ്രീജൻപാൽ സിങ്. എ.പി.ജെയുടെ ജീവിതകാലത്തിലുടനീളം നിഴലായി കൂടെനടന്നൊരാൾ. മരണസമയത്തുപോലും കലാമിനൊപ്പമുണ്ടായിരുന്ന ശ്രീജൻപാൽ സിങ് 'ഗൾഫ് മാധ്യമം' എജുകഫേയിലെത്തുന്നത് കലാം പകർന്നുനൽകിയ ആശയങ്ങൾ പുതുതലമുറക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ്. കലാമിനെപ്പോലെ ചരിത്രത്താളുകളിൽ നിങ്ങളുടെ പേരും എങ്ങനെ എഴുതിച്ചേർക്കാം എന്ന് ശ്രീജൻപാൽ പറഞ്ഞുതരും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഏറെ പ്രചോദനവും അറിവും പകരുന്ന സെഷനായിരിക്കും അദ്ദേഹത്തിന്റേത്.

അബ്ദുൽ കലാം രാഷ്ട്രപതിയായിരുന്നപ്പോൾ അദ്ദേഹത്തിന്‍റെ ഉപദേശകനായിരുന്നു ശ്രീജൻപാൽ സിങ്. ഐ.ഐ.എമ്മിൽനിന്ന് സ്വർണമെഡലോടെ പുറത്തിറങ്ങിയ അദ്ദേഹം 2015ൽ കലാം മരിച്ചതോടെ എ.പി.ജെ. അബ്ദുൽ കലാം സെന്‍റർ എന്ന പേരിൽ സംഘടന രൂപവത്കരിച്ചു. കലാമിന്‍റെ ആശയങ്ങളും മൂല്യങ്ങളും വീക്ഷണങ്ങളും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പ്രസ്ഥാനത്തിന്‍റെ സഹസ്ഥാപകനും സി.ഇ.ഒയുമാണ് ശ്രീജൻപാൽ.

ആസ്ട്രേലിയയിൽ നടന്ന പ്രശസ്തമായ ടെഡെക്സിൽ ഉൾപ്പെടെ നിരവധി വേദികളിൽ പ്രഭാഷകനായെത്തിയ ശ്രീജൻപാൽ സിങ്ങിനെ ദുബൈയിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് കേൾക്കാനുള്ള അവസരമാണ് എജുകഫേ ഒരുക്കുന്നത്. 2012ൽ അബ്ദുൽ കലാമിനൊപ്പം ചേർന്ന് കലാം ഫൗണ്ടേഷൻ സ്ഥാപിച്ചു. മാനേജിങ് ഡയറക്ടറായി കലാം നിയമിച്ചത് ശ്രീജനെയായിരുന്നു. നാനാജി ദേശ്മുഖ് സ്ഥാപിച്ച ദീൻദയാൽ റിസർച് ഇൻസ്റ്റിറ്റ്യൂഷന്‍റെ ഗവേഷണ ബോർഡ് അംഗമായിരുന്നു. നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഇതിൽ മൂന്നു പുസ്തകങ്ങൾ കലാമിനൊപ്പമായിരുന്നു എഴുതിയത്. ബ്ലാക്ക് ടൈഗർ എന്ന പുസ്തകം പുറത്തിറക്കിയത് അണ്ണാ ഹസാരെയായിരുന്നു. ഇന്ത്യയിലെ സ്മാർട്ട് സിറ്റി നിർമാണങ്ങളെപ്പറ്റി ആദ്യമായി പുസ്തകമെഴുതിയതും ശ്രീജനാണ്.

അദ്ദേഹത്തിന്‍റെ പുസ്തകങ്ങൾ നാലു ലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട്. 12 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു.പ്രശസ്തമായ റെയ്മണ്ട് ക്രോസ്വേഡ് ബുക്ക് അവാർഡിൽ അദ്ദേഹത്തിന്‍റെ രണ്ടു പുസ്തകങ്ങൾ ടോപ് സെല്ലർ പട്ടികയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടു. 2019ൽ ലഖ്നോ മാനേജ്മെന്‍റ് അസോസിയേഷന്‍റെ ലീഡർഷിപ് പുരസ്കാരം നേടി. ഡോ. എ.പി.ജെ. അബ്ദുൽ കലാം ടെക്നിക്കൽ യൂനിവേഴ്സിറ്റിയുടെ ആദ്യ സമുന്നത അലുമ്നി പുരസ്കാരം ശ്രീജൻപാലിനായിരുന്നു.

ചരിത്രത്തിന്‍റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവരാണ് പുതുതലമുറ. ഈ ലക്ഷ്യത്തിലേക്ക് അവരെ കൈപിടിച്ചുയർത്താൻ ഉപകരിക്കുന്നതായിരിക്കും എജുകഫേയിലെ ശ്രീജൻപാൽ സിങ്ങിന്‍റെ സെഷൻ. ഒക്ടോബർ 19 മുതൽ 22 വരെ ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനത്തിനൊപ്പമാണ് എട്ടാം സീസൺ എജുകഫേ നടക്കുന്നത്. പങ്കെടുക്കുന്നവർക്ക് www.myeducafe.com എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.

Tags:    
News Summary - A.P.J. Abdul Kalam's companion Sreejanpal Singh in 'Educafé'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.